മൂന്നാൽ പെട്ടിമുടിയിൽ കെട്ടിടത്തിന് മുകളിൽ മണ്ണിടിഞ്ഞ് വീണ് ഉണ്ടായ ദുരന്തത്തിൽ മണ്ണിനടിയിൽപ്പെട്ടവർക്കായി ഉള്ള തെരച്ചിൽ തുടരും. 50ൽ അധികം പേരെ ഇനിയും കണ്ടെത്താനുണ്ട്. ഇന്നലെ 15 പേരെ രക്ഷപ്പെടുത്തിയിരുന്നു. 17 മൃതദേഹങ്ങൾ ഇന്നലെ കണ്ടെത്തി. എൻഡിആർഎഫിന്റെ കൂടുതൽ സംഘങ്ങൾ എത്തുന്നതോടെ വിപുലമായ തെരച്ചിൽ കണ്ടെത്താൻ സാധിക്കുമെന്നാണ് വിലയിരുത്തൽ. എന്നാൽ മഴ കനത്താൽ അത് തെരച്ചിലിനെ പ്രതികൂലമായി ബാധിക്കും
കഴിഞ്ഞ ദിവസം തന്നെ രക്ഷാപ്രവർത്തകർ സ്ഥലത്ത് എത്തിച്ചേരാൻ വളരെയധികം ബുദ്ധിമുട്ടിയിരുന്നു. വെളിച്ചക്കുറവും കാലാവസ്ഥയും പ്രതികൂലമായതിനെ തുടർന്ന് തെരച്ചിൽ താത്കാലികമായി ഇന്നലെ നിർത്തിവച്ചിരുന്നു. രാത്രിയും തെരച്ചിൽ തുടരാനാകുമെന്ന് നേരത്തെ കരുതിയിരുന്നെങ്കിലും കാലാവസ്ഥ വില്ലനായി.
രാജമലയിൽ പുലർച്ചയോടെയാണ് മണ്ണിടിച്ചിൽ ഉണ്ടായതെന്നാണ് വിവരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. കനത്ത മഴയെ തുടർന്ന് വൈദ്യുതി ബന്ധം, വാർത്താവിനിമയ ബന്ധം എല്ലാം തടസപ്പെട്ടു. അതുകൊണ്ട് ദുരന്തം പുറംലോകം അറിയാൻ വൈകുന്ന സാഹചര്യം ഉണ്ടായി. ഇവിടേക്കുള്ള വഴിയിലെ പാലം ഒലിച്ചുപോയിരുന്നു. അത് രക്ഷാപ്രവർത്തകർ സ്ഥലത്ത് എത്താൻ വൈകുന്നതിന് ഇടയാക്കിയതായും മുഖ്യമന്ത്രി പറഞ്ഞു. സബ് കളക്ടറുടെ നേതൃത്വത്തിൽ പൊലീസ്, ഫയർഫോഴ്സ് സംഘങ്ങളും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്. ലഭ്യമായ മണ്ണുമാന്തിയന്ത്രങ്ങൾ ഉപയോഗിച്ചുള്ള രക്ഷാപ്രവർത്തനം അതീവ ദുഷ്കരമായിരുന്നു. വ്യോമസേനയുമായി ബന്ധപ്പെട്ട് ഹെലികോപ്റ്റർ സേവനം ലഭ്യമാക്കാനായിരുന്നു ശ്രമിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.