ന്യൂഡൽഹി: നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണത്തിൽ സിബിഐ കേസെടുത്തു. നടിയും സുശാന്തിന്റെ കാമുകിയുമായിരുന്ന റിയ ചക്രവർത്തിയും മറ്റ് അഞ്ച് പേരുമാണ് കേസിൽ പ്രതികളായുള്ളത്. മഹാരാഷ്ട്ര പൊലീസ് അന്വേഷിക്കുന്ന കേസ് നേരത്തേ സിബിഐയ്ക്കു വിട്ടിരുന്നു. സുശാന്തിന്റെ പിതാവിന്റെ പരാതി പ്രകാരമാണു കേസ്.
വിജയ് മല്യ കേസ്, അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസുകൾ അന്വേഷിച്ച സംഘമാണ് സിബിഐയ്ക്കായി കേസ് അന്വേഷിക്കുക. ആത്മഹത്യാ പ്രേരണ, ക്രിമിനൽ ഗൂഢാലോചന, മോഷണം, വഞ്ചന തുടങ്ങിയ കുറ്റങ്ങളാണു പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്. ജൂൺ 14നാണ് മുംബൈയിലെ അപ്പാർട്ട്മെന്റിൽ നടനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
സുശാന്ത് ആത്മഹത്യ ചെയ്യുകയായിരുന്നെന്നും സംഭവത്തിൽ 50ൽ അധികം പേരെ ചോദ്യം ചെയ്തെന്നുമാണു മുംബൈ പൊലീസ് പറയുന്നത്. റിയ ചക്രവർത്തിക്കെതിരെ സുശാന്തിന്റെ പിതാവ് കെ.കെ.സിങ് പരാതി നൽകിയതിനെ തുടർന്ന് ബിഹാർ പൊലീസും കേസ് അന്വേഷിക്കുന്നു.
സുശാന്തിനെ റിയ മാനസികമായി തളർത്തിയെന്നും നടന്റെ അക്കൗണ്ടിൽനിന്നു പണം കൈമാറിയെന്നുമാണ് സുശാന്തിന്റെ പിതാവ് ആരോപിക്കുന്നത്. സുശാന്തിന്റെ അക്കൗണ്ടിൽനിന്ന് 15 കോടി രൂപ കാണാതായെന്നും പരാതിയുണ്ട്.