ആലുവ കടുങ്ങല്ലൂരില്‍ നാണയം വിഴുങ്ങിയ മൂന്നുവയസുകാരന് മരിച്ചു. മൂന്ന് സര്‍ക്കാര്‍ ആശുപത്രികളില്‍ എത്തിയിട്ടും ചികില്‍സ ലഭിച്ചില്ലെന്ന് കുട്ടിയുടെ അമ്മൂമ്മ പറഞ്ഞു. ആലുവ ജില്ലാആശുപത്രിയിലും എറണാകുളം ജനറല്‍ ആശുപത്രിയിലും ആലപ്പുഴ മെഡിക്കല്‍ കോളജിലുമാണ് കുട്ടിയെ എത്തിച്ചത്. മെഡിക്കല്‍ കോളജില്‍ പരിശോധനകള്‍ക്കു ശേഷം കുട്ടിയെ വീട്ടിലേക്കു മടക്കി അയയ്ക്കുകയായിരുന്നു.
കടുങ്ങല്ലൂരില്‍ വാടകയ്ക്കു താമസിക്കുന്ന നന്ദിനി-രാജ്യ ദമ്പതികളുടെ ഏക മകന് പൃഥിരാജ് ആണ് ആലുവ ജില്ലാ ആശുപത്രിയിൽ മരിച്ചത്. ശനിയാഴ്ച രാവിലെ പതിനൊന്നോടെയാണ് കുട്ടി നാണയം വിഴുങ്ങിയത്. തുടർന്ന് ആലുവ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും അവിടെനിന്ന് എറണാകുളം ജനറൽ ആശുപത്രിയിലേക്ക് അയക്കുകയായിരുന്നു. അവിടെനിന്ന് വിദഗ്ധ ചികിത്സയ്ക്ക് ആലപ്പുഴ മെഡിക്കൽ കോളജിലേക്കും അയച്ചു.
എന്നാൽ പഴവും ചോറും നൽകിയാൽ വയറിളകി നാണയം പുറത്ത് വരുമെന്ന് പറഞ്ഞതിനാൽ തിരികെ വീട്ടിലേക്ക് കൊണ്ടുവരികയായിരുന്നു. ഇന്നലെ രാത്രിയോടെ കുട്ടിയുടെ സ്ഥിതി മോശമായി. ആലുവ ജില്ലാ ആശുപത്രിയിലെത്തിക്കും മുൻപു മരിച്ചു. കുട്ടിയുടെ സ്രവം കോവിഡ് പരിശോധനയ്ക്കെടുത്തിട്ടുണ്ട്. മരണം വിവാദമായതിനാൽ പോലീസ് സർജൻ പോസ്റ്റ് മോർട്ടം നടത്തും. ഇതിന്റെ റിപ്പോർട്ട് വന്നാൽ മാത്രമേ മരണകാരണം അറിയാനാകൂവെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. അതിനിടെ, കോവിഡ് വ്യാപനം രൂക്ഷമായ പ്രദേശത്തുനിന്നു വന്നതിനാലാണ് കുട്ടിയെ ചികിത്സിക്കാതിരുന്നതെന്നും ബന്ധുക്കളുടെ പരാതിയുണ്ട്.
അതേസമയം കുട്ടി മരിച്ച സംഭവത്തിൽ ആരോഗ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു. ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അന്വേഷിക്കും, അത്യന്തം ദൗര്‍ഭാഗ്യകരമായ സംഭവമെന്ന് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. വീഴ്ച കണ്ടെത്തിയാല്‍ കര്‍ശന നടപടിയെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വെള്ളവും പഴവും നല്കിയാല് മതിയെന്ന് പറഞ്ഞ് ചികില്‍സ നിഷേധിക്കുക ആയിരുന്നെന്ന് കുട്ടിയെ ആശുപത്രികളിലെത്തിക്കാന്‍ സഹായിച്ച ഓട്ടോറിക്ഷ ഡ്രൈവര്‍ പറഞ്ഞു..
follow us: PATHRAM ONLINE LATEST NEWS
3-year-old-dies-after-swallowing-coin