കൊച്ചി:സ്വർണ കള്ളക്കടത്ത് കേസിലെ പ്രതികൾ അറ്റാഷെയേയും പറ്റിച്ചു. നയതന്ത്ര ബാഗിൽ എത്തിക്കുന്ന സ്വർണത്തിന്റെ അളവ് അറ്റാഷെയോട് കുറച്ചായിരുന്നു പറഞ്ഞിരുന്നതെന്ന് സ്വപ്നയും, സന്ദീപും കസ്റ്റംസിന് മൊഴി നൽകി. അറ്റാഷെ കൂടുതൽ കൈക്കൂലി ആവശ്യപ്പെടാതിരിക്കാനായിരുന്നു അളവ് കുറച്ച് പറഞ്ഞിരുന്നതെന്നും പ്രതികളുടെ മൊഴിയിലുണ്ട്.
തിരുവനന്തപുരം സ്വർണ്ണ കള്ളക്കടത്ത് കേസിലെ പ്രതികൾ യുഎഇ കോൺസുലേറ്റിലെ അറ്റാഷെയേയും പറ്റിച്ചതായാണ് കസ്റ്റംസിന് മൊഴി നൽകിയിരിക്കുന്നത്. നയതന്ത്ര ചാനൽ വഴി കടത്തുന്ന സ്വർണത്തിൻ്റെ അളവ് പ്രതികൾ അറ്റാഷെയോട് കുറച്ചായിരുന്നു പറഞ്ഞിരുന്നത്. പല തവണ 10 കിലോയോളം സ്വർണം കൊണ്ടു വന്നാലും 3 കിലോ കടത്തിയതായേ പ്രതികൾ അറ്റാഷെയെ അറിയിച്ചിരുന്നുള്ളു. സ്വർണക്കടത്തിലൂടെ ലഭികുന്ന വിഹിതം അറ്റാഷെ കൂട്ടി ചോദിക്കാതിരിക്കാനായിരുന്നു പ്രതികൾ സ്വർണത്തിന്റെ അളവ് കുറച്ച് പറഞ്ഞിരുന്നത്. ഒരു തവണ സ്വർണം കടത്തുമ്പോൾ അറ്റാഷെയ്ക്ക് 1000 മുതൽ 1500 ഡോളർ വരെ പ്രതികൾ വിഹിതമായി നൽകിയിരുന്നു. 23 തവണയാണ് പ്രതികൾ നയതന്ത്ര ചാനലിലൂടെ സ്വർണം കടത്തിയിട്ടുള്ളത്. ഇതിൽ 3 തവണ അറ്റാഷെയ്ക്ക് വിഹിതം നൽകിയില്ലെന്നും പ്രതികളുടെ മൊഴിയിലുണ്ട്