വിഷാദത്തെ തുടർന്നാണ് നടൻ സുശാന്ത് സിംഗ് രജ്പുത് ആത്മഹത്യ ചെയ്തത് എന്ന നിഗമനത്തോട് താൻ ഒരിക്കലും യോജിക്കുകയില്ലെന്ന് സുശാന്തിന് വിഷാദരോഗമില്ല ലൊഖാൻഡെ. പവിത്ര റിഷ്ത എന്ന ടെലിവിഷൻ പരമ്പരയിൽ അഭിനയിക്കുന്ന സമയത്താണ് സുശാന്തും അങ്കിതയും പ്രണയത്തിലാകുന്നത്. 2016 ൽ ഇവർ വേർപിരിഞ്ഞുവെങ്കിലും സൗഹൃദം തുടർന്നിരുന്നു. സുശാന്തിന്റെ കാമുകി റിയ ചക്രബർത്തിക്കെതിരേ അങ്കിത മൊഴി നൽകിയിരുന്നു. റിയക്കെതിരേ സുശാന്തിന്റെ കുടുംബവും പരാതി നൽകിയതോടെ പരസ്യപ്രതികരണവുമായി അങ്കിത രംഗത്ത് വരികയായിരുന്നു. റിപബ്ലിക് ടിവിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.
”സുശാന്തിനെ വർഷങ്ങളായി എനിക്കറിയാം. അദ്ദേഹത്തിന് വിഷാദരോഗമൊന്നുമുണ്ടായിരുന്നില്ല. സുശാന്ത് ഇതിനേക്കാൾ വലിയ പ്രശ്നങ്ങളിലൂടെ കടന്നുപോയൊരു വ്യക്തിയാണ്. അതെല്ലാം നേരിട്ട് കണ്ടിട്ടുള്ള ആളെന്ന നിലയിൽ എനിക്ക് ഉറപ്പിച്ച് പറയാനാകും, സുശാന്തിന് വിഷാദരോഗമില്ല. ഞങ്ങൾ ഒരുമിച്ചുണ്ടായിരുന്ന സമയത്ത് സുശാന്ത് ജീവിതത്തെ ഏറെ പ്രതീക്ഷയോടെ നോക്കി കാണുന്ന ഒരു വ്യക്തിയായിരുന്നു. ഒരുപാട് സ്വപ്നം കാണാറുണ്ടായിരുന്നു. സുശാന്തിന് ഒരു ഡയറിയുണ്ടായിരുന്നു. അതിൽ അദ്ദേഹം അഞ്ച് ആഗ്രഹങ്ങൾ കുറിച്ചിട്ടിരുന്നു. അതെല്ലാം കുറഞ്ഞ നാളുകൾക്കുള്ളിൽ തന്നെ നേടിയെടുത്തു. സുശാന്തിന് ആത്മഹത്യ ചെയ്യാനാകില്ല. എന്തെങ്കിലും തരത്തിലുള്ള വിഷമമോ ഉത്കണഠയോ ഉണ്ടായിരുന്നിരിക്കാം. എന്നാൽ അതിനെ വിഷാദം എന്ന് വിളിക്കുന്നത് കാണുമ്പോൾ ഹൃദയം തകരുന്നു. അതിൽ എന്തൊക്കെയോ ദൂരൂഹതകളുണ്ട്”- അങ്കിത പറഞ്ഞു.
സുശാന്തിനെ സാമ്പത്തികമായും മാനസികമായും തളർത്തിയത് റിയയാണെന്നാണ് നടന്റെ പിതാവ് കെ.കെ സിങ് നൽകിയ പരാതിയിൽ പറയുന്നത്. കേസ് പാട്ന പോലീസിന് കെെമാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതിനെതിരേ സുപ്രീം കോടതിയിൽ റിയ ഹർജി നൽകിയിട്ടുണ്ട്. സുശാന്തിന്റെ മരണത്തിന് ആറ് ദിവസം മുൻപ് തന്നെ താൻ അദ്ദേഹത്തിന്റെ വീട് വിട്ടിറങ്ങിയെന്നും ആരോപണങ്ങൾ വാസ്തവമല്ലെന്നും റിയ പറയുന്നു. കേസ് പാട്ന പോലീസ് അന്വേഷിക്കുന്നതിൽ അതൃപ്തിയുണ്ടെന്നും തന്നെ പ്രതിയാക്കാൻ പോലീസും സുശാന്തിന്റെ കുടുംബവും ശ്രമിക്കുകയാണെന്നും റിയ ആരോപിച്ചു.
റിയക്കെതിരേ കെ.കെ സിങ് നൽകിയ പരാതിയിൽ ഉന്നയിക്കുന്ന ഒൻപത് പ്രധാനപ്പെട്ട കാര്യങ്ങൾ ഇവയാണ്. 2019 വരെ സുശാന്തിന് മാനസികമായി യാതൊരു പ്രശ്നങ്ങളും ഉണ്ടായിരുന്നില്ല. റിയയുമായി ബന്ധം തുടങ്ങിയതിനുശേഷമാണ് പ്രശ്നങ്ങൾ തുടങ്ങുന്നത്.
സുശാന്തിനെ ചികിത്സയുമായി ബന്ധപ്പെട്ട കാര്യങ്ങൾ റിയ എന്തുകൊണ്ട് കുടുംബത്തെ അറിയിച്ചില്ല. അനുവാദം ചോദിച്ചതുമില്ല.
റിയയുടെ നിർദ്ദേശപ്രകാരം സുശാന്തിനെ ചികിത്സിച്ച ഏതാനും ഡോക്ടർമാരും ഗൂഢാലോചനയുടെ ഭാഗമാണെന്ന് സംശയിക്കുന്നു. മാനസിക പ്രശ്നങ്ങളിലൂടെ കടന്നുപോകുകയാണെന്നറിഞ്ഞിട്ടും റിയ ഒപ്പം നിന്നില്ല. ചികിത്സയുമായി ബന്ധപ്പെട്ട രേഖകളുമായി സുശാന്തിന്റെ വീട് വിട്ടിറങ്ങി. ആത്മഹത്യയിലേക്ക് തള്ളിവിട്ടു.
സുശാന്തിന്റെ ബാങ്ക് അക്കൗണ്ടിൽ 17 കോടിയോളം രൂപയുണ്ടായിരുന്നു. അതിൽ നിന്ന് 15 കോടിയോളം രൂപ മറ്റൊരു അക്കൗണ്ടിലേക്ക് ട്രാൻസ്ഫെർ ചെയ്തതായി കണ്ടെത്തി. ആ വ്യക്തിക്ക് സുശാന്തുമായി യാതൊരു ബന്ധവുമില്ല എന്നാണ് മനസ്സിലാകുന്നത്. റിയയുമായുള്ള ബന്ധം തുടങ്ങിയതിനുശേഷമാണ് സുശാന്തിന് പുതിയ ചിത്രങ്ങൾ ലഭിക്കാതായത്. അതിലേക്കും അന്വേഷണം കടന്നുചെല്ലണം.
കൂർഗിൽ സുഹൃത്ത് മഹേഷിനൊപ്പം ജെെവപച്ചക്കറി കൃഷി തുടങ്ങാൻ സുശാന്ത് പദ്ധതിയിട്ടപ്പോൾ റിയ ശക്തമായി എതിർത്തു. ചികിത്സയുമായി ബന്ധപ്പെട്ട വിവരങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. റിയയുടെ ഭീഷണിക്ക് മുൻപിൽ സുശാന്ത് വഴങ്ങാതിരുന്നപ്പോൾ അദ്ദേഹത്തിന്റെ ലാപ്പ് ടോപ്പ്, ക്രെഡിറ്റ് കാർഡ്, ചികിത്സയുമായി ബന്ധപ്പെട്ട് രേഖകളെല്ലാം റിയ കൊണ്ടുപോയി. സുശാന്തുമായി പല തവണ ഞങ്ങൾ ബന്ധപ്പെടാൻ ശ്രമിച്ചുവെങ്കിലും റിയയും അവളുടെ സുഹൃത്തുക്കളും അതിന് സമ്മതിച്ചില്ല. സുശാന്തിനെ കുടുംബവുമായി അകറ്റി.
FOLLOW US: pathram online latest news