യുഎസിൽ മലയാളി നഴ്സിനെ കുത്തിക്കൊന്നു, ജീവനൊടുക്കാൻ ശ്രമിച്ച ഭര്‍ത്താവ് പിടിയിൽ

മോനിപ്പള്ളി :യുഎസിലെ മയാമിയിൽ മലയാളി നഴ്സ് കുത്തേറ്റു മരിച്ചു. മോനിപ്പള്ളി മരങ്ങാട്ടിൽ ജോയിയുടെ മകൾ മെറിൻ ജോയി (28) ആണ് മരിച്ചത്. ബ്രോവാഡ് ഹെൽത്ത് കോറൽ സ്പ്രിങ്സ് ആശുപത്രിയിലെ നഴ്സായിരുന്നു. സംഭവത്തിൽ, ഭർത്താവ് നെവിൻ എന്ന ഫിലിപ് മാത്യുവിനെ (34) പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ ഒന്നാം ഡിഗ്രി കൊലക്കുറ്റം ചുമത്തിയെന്നാണ് വിവരം. കുടുംബകലഹമാണ് കൊലപാതകത്തിനു കാരണമെന്നാണ് സൂചന. കുറച്ചുകാലമായി ദമ്പതികൾ അകന്നു കഴിയുകയായിരുന്നു. മകൾ: നോറ (രണ്ട് വയസ്സ്).

ചൊവ്വാഴ്ച പ്രാദേശിക സമയം രാവിലെ ഏഴരയോടെ, നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാൻ പാർക്കിങ് ഗ്രൗണ്ടിലേക്കു വരുമ്പോഴാണ് മെറിന് കുത്തേറ്റത്. 17 കുത്തേറ്റു. നിലത്തുവീണ മെറിന്റെ ശരീരത്തിലൂടെ വാഹനം ഓടിച്ചു കയറ്റി. മെറിനെ പൊലീസ് ഉടന്‍തന്നെ പൊംപാനോ ബീച്ചിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവസ്ഥലത്തുനിന്നു പോയ നെവിനെ പിന്നീട് ഹോട്ടല്‍ മുറിയില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. ഇയാൾ സ്വയം കുത്തി മുറിവേൽപിച്ച നിലയിലായിരുന്നു. മിഷിഗനിലെ വിക്സനില്‍ ജോലി ചെയ്യുന്ന നെവിന്‍ ഇന്നലെ കോറല്‍ സ്പ്രിങ്സില്‍ എത്തി ഹോട്ടലില്‍ താമസിച്ചു. മെറിൻ ഡ്യൂട്ടി കഴിഞ്ഞിറങ്ങിയപ്പോൾ കാർ പാർക്കിങ്ങിൽ കാത്തു നിന്ന് ആക്രമിക്കുകയായിരുന്നു.

കഴിഞ്ഞ ഡിസംബറിൽ കുഞ്ഞുമായി നാട്ടിലെത്തിയ മെറിനും നെവിനും നാട്ടിൽ വച്ച് അസ്വാരസ്യമുണ്ടാവുകയും നെവിൻ വഴക്കിട്ട് നേരത്തേ മടങ്ങുകയും ചെയ്തു. മെറിൻ കുഞ്ഞിനെ മാതാപിതാക്കളെ ഏൽപിച്ച് മയാമിയിൽ തിരികെയെത്തി ജോലിയിൽ പ്രവേശിക്കുകയായിരുന്നു. നിലവിലുള്ള ജോലി രാജി വച്ച് ഓഗസ്റ്റ് 15 ന് താമ്പയിലേക്കു താമസം മാറാനുള്ള ഒരുക്കത്തിലായിരുന്ന മെറിൻ ഹോസ്പിറ്റലിലെ അവസാനത്തെ ഷിഫ്റ്റ് പൂർത്തിയാക്കി പുറത്തിറങ്ങുമ്പോഴായിരുന്നു ദുരന്തം.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7