ഫ്ളോറിഡ : യുഎസിലെ മയാമിയില്‍ മലയാളി നഴ്സ് കുത്തേറ്റു മരിച്ചു. കൊലപ്പെടുത്തിയത് ഭര്‍ത്താവ് നെവിന് എന്ന് വിളിക്കുന്ന വെളിയനാട് മണ്ണൂത്തറ ഫിലിപ് മാത്യു ആണെന്നു സൂചന. ഇയാള്‍ അറസ്റ്റിലായെന്നാണ് വിവരം. മോനിപ്പള്ളി ഊരാളില്‍ ജോയിയുടെ മകള്‍ മെറിന് ജോയി (28) ആണ് മരിച്ചത്. ബ്രോവാഡ് ഹെല്‍ത്ത് കോറല്‍ സ്പ്രിങ്സ് ആശുപത്രിയിലെ നഴ്സായിരുന്നു. കുറച്ചുകാലമായി ദമ്പതികള്‍ അകന്നു കഴിയുകയായിരുന്നു. മകള്‍: നോറ (രണ്ട് വയസ്സ്).
നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് ഇന്നലെ രാവിലെ വീട്ടിലേക്ക് മടങ്ങാന്‍ ആശുപത്രിയുടെ പാര്‍ക്കിങ് ഗ്രൗണ്ടിലേക്കു വരുമ്പോഴാണ് കുത്തേറ്റത്. 17 കുത്തേറ്റു. നിലത്തുവീണ മെറിന്റെ ശരീരത്തിലൂടെ വാഹനം ഓടിച്ചു കയറ്റിയതായും പറയുന്നു. കഴിഞ്ഞ ഡിസംബറില്‍ കുഞ്ഞുമായി നാട്ടിലെത്തിയ മെറിനും നെവിനും നാട്ടില്‍ വച്ച് അസ്വാരസ്യമുണ്ടാവുകയും നെവിന് വഴക്കിട്ട് നേരത്തേ മടങ്ങുകയും ചെയ്തു. മെറിന് കുഞ്ഞിനെ മാതാപിതാക്കളെ ഏല്പിച്ച് മയാമിയില്‍ തിരികെയെത്തി ജോലിയില്‍ പ്രവേശിക്കുകയായിരുന്നു.
ഡെട്രോയിറ്റില്‍ ജോലി ചെയ്തിരുന്ന നെവിന് കഴിഞ്ഞ ദിവസം മയാമിയില്‍ എത്തി ഹോട്ടലില്‍ മുറിയെടുത്തു. മെറിന് ഡ്യൂട്ടി കഴിഞ്ഞിറങ്ങിയപ്പോള്‍ കാര്‍ പാര്‍ക്കിങ്ങില്‍ കാത്തു നിന്ന നെവിന് ആക്രമിക്കുകയായിരുന്നു. മെറിന് ഈ ഹോസ്പിറ്റലില്‍നിന്നു രാജി വച്ച് ഓഗസ്റ്റ് 15 ന് താമ്പയിലേക്കു താമസം മാറാനുള്ള ഒരുക്കത്തിലായിരുന്നു. ഹോസ്പിറ്റലിലെ അവസാനത്തെ ഷിഫ്റ്റ് പൂര്‍ത്തിയാക്കി പുറത്തിറങ്ങുമ്പോഴായിരുന്നു ദുരന്തം. കൃത്യത്തിനു ശേഷം കാര്‍ ഓടിച്ചു ഹോട്ടല്‍ റൂമിലെത്തിയ നെവിനെ അവിടെനിന്നാണ് പൊലീസ് എത്തി അറസ്റ്റു ചെയ്തതെന്നാണ് വിവരം.