ചൊവ്വാഴ്ച ബിജെപിയിൽ; പിറ്റേന്ന് രാജിവച്ച് മുൻ ബ്ലാസ്റ്റേഴ്സ് താരം

കൊൽക്കത്ത: ബിജെപിയിൽ ചേർന്ന് ഒരു ദിവസത്തിനുള്ളിൽ രാജിവച്ച് മുൻ ഇന്ത്യൻ താരവും കേരളാ ബ്ലാസ്റ്റേഴ്സ് താരവുമായിരുന്ന മെഹ്താബ് ഹുസൈൻ. ചൊവ്വാഴ്ച ബിജെപിയിൽ ചേർന്ന മെഹ്താബ് ഹുസൈൻ, ബുധനാഴ്ച രാവിലെ ഫെയ്സ്ബുക്കിലൂടെയാണ് പാർട്ടി വിടുന്നതായി പ്രഖ്യാപിച്ചത്. കൊൽക്കത്തയിലെ വമ്പൻ ക്ലബ്ബുകളായ ഈസ്റ്റ് ബംഗാളിനും മോഹൻ ബഗാനും കളിച്ചിട്ടുള്ള ഈ മുൻ ഇന്ത്യൻ താരത്തെ, വരുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മുൻനിർത്തിയാണ് ബിജെപി പാർട്ടിയിൽ ചേർത്തത്. എന്നാൽ, അംഗത്വം ലഭിച്ച് 24 മണിക്കൂറിനകം മെഹ്താബ് പാർട്ടിവിട്ടു. ബിജെപി സംസ്ഥാന പ്രസിഡന്റ് ദിലീപ് ഘോഷാണ് മെഹ്താബ് ഹുസൈന് നേരിട്ട് പാർട്ടി അംഗത്വം നൽകിയത്. മുരളീധർ സെൻ ലെയ്നിലെ ഓഫിസിൽ ‘ഭാരത് മാതാ കീ ജയ്’ വിളികൾക്ക് നടുവിലായിരുന്നു മെഹ്താബിന്റെ ബിജെപി പ്രവേശം.

ഇന്ത്യയ്ക്കായി 30 മത്സരങ്ങൾ കളിച്ചിട്ടുള്ള താരമാണ് മെഹ്താബ്. ‘മിഡ്ഫീൽഡ് ജനറൽ’ എന്ന പേരിലാണ് ഇന്ത്യൻ ഫുട്ബോൾ വൃത്തങ്ങളിൽ അറിയപ്പെടുന്നത്. 18 വർഷം നീണ്ട കരിയറിനൊടുവിൽ 2019 ഫെബ്രുവരിയിലാണ് മെഹ്താബ് പ്രഫഷനൽ ഫുട്ബോളിൽനിന്ന് വിരമിച്ചത്. ഐഎസ്എല്ലിൽ ജംഷഡ്പുർ എഫ്‍സിക്കായും കളിച്ചിരുന്നു. 2014ലെ പ്രഥമ ഐഎസ്എൽ സീസണിൽ കേരളാ ബ്ലാസ്റ്റേഴ്സ് ഫൈനലിൽ കടന്നപ്പോൾ നിർണായക പങ്കുവഹിച്ച താരമാണ്. ബ്ലാസ്റ്റേഴ്സ് കരാറൊപ്പിട്ട ആദ്യ ഇന്ത്യൻ താരവും മെഹ്താബായിരുന്നു. രണ്ടു സീസൺ കൂടി ബ്ലാസ്റ്റേഴ്സിൽ തുടർന്ന മെഹ്താബ്, 2016ൽ വീണ്ടും ടീമിനെ ഫൈനലിലെത്തിച്ചു. 2017–18 സീസണിൽ ജംഷഡ്പുർ എഫ്സിയിലേക്ക് മാറി. ബ്ലാസ്റ്റേഴ്സിനായി 38 മത്സരങ്ങൾ സഹിതം ഐഎസ്എല്ലിൽ 50 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.

‘ഇന്ന് ഞാൻ എന്താണോ, ആ നിലയിലേക്ക് വളരാൻ എന്നെ സഹായിച്ച ജനങ്ങൾക്കൊപ്പമായിരിക്കാനാണ് ഞാൻ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്. എങ്കിലും അതേ ആളുകൾ തന്നെ നേരിട്ട് രാഷ്ട്രീയത്തിലേക്ക് കടക്കരുതെന്ന് എന്നെ നിർബന്ധിക്കുന്നു’ – മെഹ്താബ് ഫെയ്സ്ബുക്കിൽ കുറിച്ചു. ‘ഇന്നലെയാണ് ഞാൻ ബിജെപിയിൽ ചേർന്നത്. തിരിച്ചു വീട്ടിലെത്തിയപ്പോൾ കുടുംബാംഗങ്ങളും ബന്ധുക്കളും സുഹൃത്തുക്കളും ആരാധകരുമെല്ലാം ഒരുപോലെ രാഷ്ട്രീയ പ്രവേശനത്തെ എതിർക്കുന്നു. അവരുടെ ഇഷ്ടം കണ്ടില്ലെന്ന് നടിക്കാൻ എനിക്കാവുന്നില്ല. എന്നെ രാഷ്ട്രീയത്തിലല്ല, ഇതുവരെ കണ്ട ഇടത്തിൽ തന്നെ (ഫുട്ബോൾ) കാണാനാണ് ഇഷ്ടമെന്നാണ് പൊതുവികാരം. ഞാൻ അതു മാനിക്കുന്നു – രാഷ്ട്രീയ സമ്മർദ്ദങ്ങൾക്കു വഴങ്ങിയല്ല ഈ തീരുമാനമെന്ന് വ്യക്തമാക്കി മെഹ്താബ് കുറിച്ചു.

Follow us on pathram online

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7