സ്വർണക്കടത്ത് വിവാദം: മുഖ്യമന്ത്രിയുടെ മുൻ ഐടി ഫെലോയ്‌‌ക്കെ‌തിരെ‌യും നടപടി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ ഐടി ഫെലോ അരുണ്‍ ബാലചന്ദ്രനെതിരെ നടപടി. ഐടി വകുപ്പിലെ കരാർ ജീവനക്കാരനായ അരുണിനെ പിരിച്ചുവിട്ടു. സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിന് ഫ്ലാറ്റ് ബുക്ക് ചെയ്യാൻ സെക്രട്ടേറിയറ്റിൽനിന്ന് വിളിച്ചത് അരുണായിരുന്നു. ഇതു സംബന്ധിച്ച് അരുണും ശിവശങ്കറും തമ്മിലുള്ള വാട്സാപ് സന്ദേശങ്ങൾ പുറത്തുവന്നതോടെയാണ് നടപടി.

ശിവശങ്കറിന്റെ സുഹൃത്തിനും കുടുംബത്തിനും താമസിക്കാനാണ് ഫ്ലാറ്റ് ബുക്കു ചെയ്തതെന്ന് അരുൺ മാധ്യമങ്ങളോടു പറ‍ഞ്ഞു. മേയ് അവസാനമാണ് ശിവശങ്കർ ഫ്ലാറ്റിന്റെ കാര്യങ്ങൾ അന്വേഷിക്കാൻ ആവശ്യപ്പെട്ടത്. സുഹൃത്തിന്റെ കുടുംബത്തിനു ഫ്ലാറ്റ് ശരിയാകുന്നതുവരെ താമസിക്കാനാണെന്നാണു പറഞ്ഞത്. വാട്സാപ്പിലൂടെയാണു വിവരങ്ങൾ കൈമാറിയത്.

എത്ര ദിവസത്തേക്കാണെന്നു ചോദിച്ചപ്പോൾ മൂന്നു ദിവസമെങ്കിലും വേണമെന്നായിരുന്നു മറുപടി. അവരുടെ ഫ്ലാറ്റ് ശരിയായാൽ ഉടനെ മാറുമെന്നും പറഞ്ഞിരുന്നു. ഇതനുസരിച്ച് ഫ്ലാറ്റുമായി ബന്ധപ്പെട്ടവരെ വിളിച്ച് റേറ്റു ചോദിച്ചു. ഇക്കാര്യം ശിവശങ്കറിനെ അറിയിച്ചു. വാട്സാ‌പ് ചാറ്റ് അന്വേഷണ ഏജൻസികൾക്കു കൈമാറാൻ തയാറാണെന്നും ഏജൻസികൾ ഇതുവരെ ബന്ധപ്പെട്ടിട്ടില്ലെന്നും അരുൺ പറഞ്ഞു. ഈ അപ്പാർട്മന്റിൽ വച്ചാണ് ഇവർ സ്വർണക്കടത്തിനു ഗൂഢാലോചന നടത്തിയതെന്നാണ് കസ്റ്റംസ് പറയുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7