ഒടുവില്‍ വഴങ്ങി; ആദ്യമായി ഫെയ്‌സ് മാസ്‌ക് ധരിച്ച് ട്രംപ്

വാഷിങ്ടന്‍: അമേരിക്കയില്‍ കോവിഡ്19 മഹാമാരിയുടെ വ്യാപനം ആരംഭിച്ചു 99 ദിവസം പിന്നിടുമ്പോള്‍ ആദ്യമായി ഫെയ്‌സ് മാസ്‌ക് ധരിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. എന്തുവന്നാലും മാസ്‌ക് ധരിക്കില്ലെന്ന നയം മാറ്റി, മാസ്‌ക് ധരിക്കാന്‍ തയാറായിരിക്കയാണ് ട്രംപ്. ശനിയാഴ്ച നടന്ന സൈനിക ആശുപത്രി സന്ദര്‍ശനത്തിന് ട്രംപ് മാസ്‌ക് ധരിച്ചാണ് എത്തിയത്.

കോവിഡ് വ്യാപകമായി പടരുമ്പോഴും, ആരോഗ്യപ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കിയിട്ടും മാസ്‌ക് ധരിക്കില്ലയെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ സൈനിക ആശുപത്രി സന്ദര്‍ശനത്തില്‍ മാസ്‌ക് ധരിക്കണമെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം മാസ്‌ക് ധരിക്കാന്‍ തയാറായത്.

മെരിലാന്‍ഡ് സ്റ്റേറ്റിലെ വാള്‍ട്ടര്‍ റീഡ് മിലിട്ടറി ആശുപത്രിയാണ് ട്രംപ് സന്ദര്‍ശിച്ചത്. പരുക്കേറ്റ സൈനികരെയും പ്രതിരോധ പ്രവര്‍ത്തകരെയും സന്ദര്‍ശിക്കാന്‍ വാള്‍ട്ടര്‍ റീഡ് സൈനിക ആശുപത്രിയില്‍ പോകുന്നുണ്ടെന്നും മാസ്‌ക് ഉപയോഗിക്കുമെന്നും ആശുപത്രിയില്‍ മാസ്‌ക് അവശ്യ വസ്തുവായി താന്‍ കണക്കാക്കുന്നുവെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7