കൊച്ചി: നയതന്ത്ര ബാഗേജില്‍ കോടികളുടെ സ്വര്‍ണം കടത്തിയ കേസില്‍ സ്വപ്‌ന സുരേഷിനെതിരെ കടുത്ത നിലപാടാണു കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍ സ്വീകരിച്ചത്. എന്‍ഐഎ കേസ് ഏറ്റെടുത്ത സാഹചര്യത്തില്‍ ജാമ്യഹര്‍ജി പരിഗണിക്കരുതെന്ന് കേന്ദ്ര അഭിഭാഷകനായ രവി പ്രകാശ് കോടതിയില്‍ ആവശ്യപ്പെട്ടു. എന്‍ഐഎ നിയമത്തിന്റെ 21ാം വകുപ്പ് പ്രകാരം മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കാന്‍ ഹൈക്കോടതിക്ക് ആവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സ്‌പെഷല്‍ കോടതിക്കു മാത്രമേ ജാമ്യ ഹര്‍ജി പരിഗണിക്കാനാവൂ. ജസ്റ്റിസ് അശോക് മേനോനാണ് ജാമ്യഹര്‍ജി പരിഗണിച്ചത്.
സ്വര്‍ണക്കടത്തു വഴി തീവ്രവാദത്തിനായി ഫണ്ട് സമഹാരിക്കുന്നുവെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ യുഎപിഎ ചുമത്തിയാണു കേസെടുത്തിരിക്കുന്നതെന്ന് എന്‍ഐഎ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഈ സാഹചര്യത്തില്‍ യുഎപിഎയുടെ 43ഡി വകുപ്പു പ്രകാരം മുന്‍കൂര്‍ ജാമ്യപേക്ഷ പരിഗണിക്കരുതെന്നും എന്‍ഐഎ ആവശ്യപ്പെട്ടു. സ്വപ്നയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത് അന്വേഷണത്തിന് അനിവാര്യമാണെന്ന് കേന്ദ്ര അഭിഭാഷകന്‍ പറഞ്ഞു. പി.ആര്‍. സരിത്, സന്ദീപ് നായര്‍, സ്വപ്‌ന സുരേഷ് എന്നിവര്‍ സ്വര്‍ണക്കടത്തില്‍ ഇടപെട്ടിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് നടപടിയെടുത്തിരിക്കുന്നത്.
കോടികള്‍ വിലവരുന്ന സ്വര്‍ണമാണു പിടിച്ചെടുത്തിരിക്കുന്നത്. സരിത്തിന്റെയും സന്ദീപിന്റെ ഭാര്യ സന്ധ്യയുടെയും മൊഴിയുടെ അടിസ്ഥാനത്തില്‍, സ്വര്‍ണമെത്തിയ ബാഗേജ് പുറത്തെത്തിക്കാന്‍ സ്വപ്‌ന ഇടപെട്ടതായി വെളിവായിട്ടുണ്ട്. മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ സ്വപ്‌ന പറയുന്നതിനു കടകവിരുദ്ധമാണിതെന്നും കേന്ദ്ര അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. ഈ സാഹചര്യത്തില്‍ സ്വപ്നയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്താല്‍ മാത്രമേ സത്യാവസ്ഥ അറിയാന്‍ കഴിയുകയുള്ളു.
സ്വപ്‌നയുടെ പെരുമാറ്റം ദുരൂഹമാണ്. കസ്റ്റംസ് പല തവണ വിളിച്ചുവരുത്താന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഫോണ്‍ ഓഫ് ചെയ്ത് ഒളിവില്‍ പോകുകയാണ് ചെയ്തത്. സ്വപ്‌നയ്ക്കു മുന്‍പും പല കുറ്റകൃത്യങ്ങളുമായി ബന്ധമുണ്ടെന്നും കേന്ദ്ര അഭിഭാഷകന്‍ പറഞ്ഞു. രാജ്യസുരക്ഷയെയും സാമ്പത്തിക സ്ഥിരതയെയും ബാധിക്കുന്ന കാര്യമായതിനാല്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്നു കേന്ദ്രത്തിനു വേണ്ടി മുതിര്‍ന്ന അഭിഭാഷകനായ കെ. രാംകുമാര്‍ കോടതിയില്‍ ബോധിപ്പിച്ചു. ഇതോടെ കേസില്‍ വാദം കേള്‍ക്കുന്നത് 14ലേക്ക് മാറ്റുകയായിരുന്നു.
കസ്റ്റംസ് സമര്‍പ്പിച്ച സത്യവാങ്മൂലത്തിന്റെയും എന്‍ഐഎ എഫ്‌ഐആറിന്റെയും പകര്‍പ്പ് വേണമെന്ന് സ്വപ്‌നയുടെ അഭിഭാഷകന്‍ ടി.കെ. രാജേഷ് കുമാര്‍ ആവശ്യപ്പെട്ടു. സ്വര്‍ണക്കടത്തുമായി തനിക്കു ബന്ധമില്ലെന്നും കോണ്‍സുലേറ്റില്‍നിന്ന് ആവശ്യപ്പെട്ട പ്രകാരമാണ് ബാഗേജ് പുറത്തെത്തിക്കാന്‍ ഇടപെട്ടതെന്നും സ്വപ്‌ന ജാമ്യ ഹര്‍ജിയില്‍ പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട കോണ്‍സുലേറ്റില്‍നിന്നുള്ള ഇമെയില്‍ സന്ദേശങ്ങളും രാജേഷ്‌കുമാര്‍ കോടതിയില്‍ ഹാജരാക്കി.
Follow us: pathram online to get latest news.