സ്വപ്‌ന സുരേഷിന്റെ ഫ്‌ലാറ്റില്‍ പരിശോധന നടത്തിയപ്പോള്‍ സിസിടിവിയില്‍ കണ്ടത്…

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ പ്രധാന പ്രതിയും ഐടി വകുപ്പ് ഉദ്യോഗസ്ഥയുമായിരുന്ന സ്വപ്ന സുരേഷ് മുങ്ങിയതിന് പിന്നില്‍ ഉന്നതതല ബന്ധമെന്ന് സംശയം. കസ്റ്റംസ് സ്വര്‍ണം പിടിച്ചെടുക്കുന്നതിന് തൊട്ടുമുമ്പുള്ള ദിവസം സ്വപ്ന ഫ്‌ളാറ്റ് വിട്ടതാണ് ദുരൂഹത കൂട്ടുന്നത്. യുഎഇ കോണ്‍സുലേറ്റിലെ ജീവനക്കാര്‍ക്ക് വിവരം ചോര്‍ത്തിയതില്‍ പങ്കുണ്ടോയെന്ന് പരിശോധിക്കും.

ഞായറാഴ്ചയാണ് യുഎഇ കോണ്‍സുലേറ്റ് ജനറലിന്റെ പേരില്‍ വന്ന ഡിപ്ലോമാറ്റിക് ബാഗേജ് പൊട്ടിച്ച് കസ്റ്റംസ് സ്വര്‍ണം കണ്ടെത്തുന്നത്. എന്നാല്‍ ശനിയാഴ്ച തന്നെ കേസില്‍ മുഖ്യപ്രതിയെന്ന് കരുതുന്ന സ്വപ്ന സുരേഷ് സ്ഥലംവിട്ടിരുന്നു. തിരുവനന്തപുരം അമ്പലമുക്കിലെ സ്വപ്നയുടെ ഫ്‌ളാറ്റില്‍ നടത്തിയ റെയ്ഡില്‍ കണ്ടെടുത്ത സിസിടിവി ദൃശ്യങ്ങളിലാണ് ശനിയാഴ്ച തന്നെ സ്വപ്ന ഫ്‌ളാറ്റ് വിട്ടതായി സ്ഥിരീകരിച്ചത്.

സ്വര്‍ണം കണ്ടെടുക്കുന്നതിന് നാല് ദിവസം മുമ്പ് കസ്റ്റംസ് അധികൃതര്‍ ബാഗേജ് പരിശോധിക്കാന്‍ യുഎഇ കോണ്‍സുലേറ്റിന്റെ അനുമതി തേടിയിരുന്നു. ആദ്യം അനുമതി ലഭിച്ചിരുന്നില്ല. പിന്നീട് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെയും യുഎഇയിലുള്ള അബാസഡറിന്റെയും ഇടപെടലിനെ തുടര്‍ന്നാണ് ഞായറാഴ്ച ബാഗേജ് പരിശോധിക്കാനുള്ള സാഹചര്യം ഒരുങ്ങിയത്. എന്നാല്‍ ഇതിനിടെ തന്നെ സ്വപ്ന സുരേഷ് മുങ്ങുകയായിരുന്നു.

കസ്റ്റംസ് നല്‍കിയ വിവരങ്ങള്‍ കോണ്‍സുലേറ്റില്‍ നിന്ന് ചോര്‍ന്നതാകാം സ്വപ്നയ്ക്ക് രക്ഷപ്പെടാന്‍ വഴിയൊരുക്കിയതെന്നാണ് സംശയം. കോണ്‍സുലേറ്റിലെ ജീവനക്കാരുടെ സഹായമോ ഉന്നതല ഇടപെടലുകളുണ്ടായോ എന്നും കസ്റ്റംസ് പരിശോധിക്കുന്നുണ്ട്. ഒളിവിലുള്ള പ്രതിയെ ഉടന്‍ പിടികൂടാനാകുമെന്ന പ്രതീക്ഷയിലാണ് കസ്റ്റംസ്.

കേസില്‍ പ്രതിയായ സരിത് കുറ്റം സമ്മതിച്ചതായും കോണ്‍സുലേറ്റിന്റെ ചുമതലയുള്ള അറ്റാഷയുടെ പേരിലാണ് 30 കിലോ സ്വര്‍ണമെത്തിയതെന്നും കസ്റ്റംസ് കോടതിയില്‍ സമര്‍പ്പിച്ച റിമാന്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഡിപ്ലോമാറ്റിക് ബാഗിലെത്തിയ ഭക്ഷണ പദാര്‍ഥങ്ങള്‍ ഒഴികെയുള്ളവ തന്റെ അറിവോടെയല്ല എത്തിയതെന്ന് അറ്റാഷെ കസ്റ്റംസിനെ അറിയിച്ചു. റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഇയാള്‍ തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതായും അന്വേഷണ സംഘം പറയുന്നു.

സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന പ്രത്യേക കോടതി 14 ദിവസത്തേക്ക് പ്രതിയെ റിമാന്‍ഡ് ചെയ്തു. ഇയാളെ അങ്കമാലി കറുകുറ്റിയിലെ കോവിഡ് കെയര്‍ സെന്ററിലേക്ക് മാറ്റി. കോവിഡ് പരിശോധന ഫലം കിട്ടിയാലുടന്‍ കസ്റ്റംസ് സരിത്തിനെ കസ്റ്റഡിയില്‍ ആവശ്യപ്പെടും. കേസില്‍ കൂടുതല്‍ പ്രതികളുണ്ടോയെന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. കസ്റ്റംസ് കമ്മീഷ്ണര്‍ ഇന്ന് മാധ്യമങ്ങളെ കാണും.

FOLLOW US: pathram online

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7