കൊച്ചി : നടി ഷംന കാസിമിനെ വിവാഹം ആലോചിച്ചു പണം തട്ടിയെടുക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ഒരാള്‍ കൂടി പൊലീസ് പിടിയിലായി. തൃശൂര്‍ വാടാനപ്പള്ളി സ്വദേശി റഹീമാണ് പിടിയിലായത്. കൊച്ചിയിലെത്തിച്ചു പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.
ഷംന കാസിമിന്റെ കേസിനു പിന്നാലെ പുറത്തുവന്ന പരാതികളില്‍ പെട്ട പെണ്‍കുട്ടികളെ താമസിപ്പിക്കുന്നതിനു പാലക്കാടും വടക്കന്‍ചേരിയിലും തട്ടിപ്പു സംഘത്തിന് വീടെടുത്തു നല്‍കിയത് റഹീം ആണെന്ന് പൊലീസ് പറയുന്നു. കൂടുതല്‍ ചോദ്യം ചെയ്താല്‍ മാത്രമേ തട്ടിപ്പില്‍ ഇയാളുടെ ഇടപെടല്‍ എത്രത്തോളമാണ് എന്ന് തിരിച്ചറിയാന്‍ സാധിക്കൂ.
പെണ്‍കുട്ടികളെ തട്ടിപ്പിനായി ഉപയോഗിക്കുകയും തടങ്കലില്‍ താമസിപ്പിക്കുകയും ചെയ്ത കേസില്‍ അറസ്റ്റിലാകുന്ന ഒമ്പതാമത്തെ പ്രതിയാണ് റഹീം. മറ്റെവിടെയെങ്കിലും പെണ്‍കുട്ടികളെ ഒളിവില്‍ താമസിപ്പിച്ച് സ്വര്‍ണവും പണവും തട്ടിയെടുത്തിട്ടുണ്ടോ എന്ന് വ്യക്തമാകുന്നതിനും ഇദ്ദേഹത്തെ ചോദ്യം ചെയ്യേണ്ടി വരും.
കേസില്‍ വിദേശത്തു നിന്നെത്തി ക്വാറന്റീനില്‍ കഴിയുന്നതിനിടെ കോവിഡ് പോസിറ്റീവായി ചികിത്സയിലുള്ള ഒരാളുടെ കൂടി അറസ്റ്റ് രേഖപ്പെടുത്താനുണ്ട്. ഇയാളെ വരും ദിവസങ്ങളില്‍ രോഗം ഭേദമായ ശേഷം അറസ്റ്റ് ചെയ്യുന്നതിനാണ് പൊലീസ് ആലോചിക്കുന്നത്. അങ്ങനെയെങ്കില്‍ കേസില്‍ അറസ്റ്റിലാകുന്ന പത്താമത്തെ പ്രതിയാകും അദ്ദേഹം. ഇതിനകം അറസ്റ്റിലായ മറ്റ് പ്രതികളെ പാലക്കാടും മറ്റും എത്തിച്ച് പൊലീസ് തെളിവെടുപ്പു നടത്തിയിട്ടുണ്ട്.
ഇപ്പോള്‍ എല്ലാവരും എറണാകുളത്ത് പൊലീസ് കസ്റ്റഡിയിലാണുള്ളത്. അതേസമയം കേസില്‍ കൂടുതല്‍ ആളുകള്‍ പ്രതിസ്ഥാനത്ത് ഉണ്ടെന്ന സൂചനയാണ് ഷംന കാസിം നല്‍കുന്നത്. സ്ത്രീകളും കുട്ടികളും പോലും സംഘത്തിലുണ്ടെന്നും ഇവരെ കൂടി തിരിച്ചറിയണമെന്നുമാണ് ഷംന ആവശ്യപ്പെട്ടിട്ടുള്ളത്.