പ്രവാസികള്‍ക്കായി ഡ്രീം കേരള പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വിദേശത്തുനിന്ന് തിരിച്ചെത്തുന്ന പ്രവാസികളുടെ പുനരധിവാസവും സംസ്ഥാനത്തിന്റെ സമഗ്ര വികസനവും ലക്ഷ്യമിട്ട് ഡ്രീം കേരള പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രൊഫഷണലുകളും വിവിധ തൊഴില്‍ മേഖലകളില്‍ അന്താരാഷ്ട്ര തലത്തില്‍ വൈദഗ്ധ്യം നേടിയവരും സംരഭകത്വ മേഖലയില്‍ പരിചയമുള്ളവരുമായ പ്രവാസികളുടെ കഴിവുകള്‍ സംസ്ഥാനത്തിന്റെ ഭാവിക്കുവേണ്ടി ഉപയോഗിക്കുക എന്ന ലക്ഷ്യം കൂടി പദ്ധതിക്കുണ്ടെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. കേരളത്തിന്റെ ഭാവിയെ സംബന്ധിച്ച കാര്യങ്ങളില്‍ പൊതുജനങ്ങള്‍ക്ക് നിര്‍ദ്ദേശങ്ങളും ആശയങ്ങളും സമര്‍പ്പിക്കാന്‍ അവസരമുണ്ടാകും. തിരഞ്ഞെടുക്കപ്പെട്ട ആശയങ്ങള്‍ എങ്ങനെ നടപ്പാക്കാം എന്ന വിഷയത്തില്‍ ഹാക്കത്തോണ്‍ നടത്തും. ഓരോ പദ്ധതിയും നടപ്പാക്കുന്നത് സംബന്ധിച്ച വിദഗ്‌ധോപദേശം നല്‍കാന്‍ യുവ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ സമിതിക്ക് രൂപം നല്‍കും. ആശയങ്ങള്‍ അവതരിപ്പിക്കാന്‍ ഒരു മാസത്തെ സമയം നല്‍കും.

നിര്‍ദ്ദേശങ്ങള്‍ വിദഗ്ധ സമിതി വിലയിരുത്തി അതത് വകുപ്പുകള്‍ക്ക് ശുപാര്‍ശ ചെയ്യും. തിരഞ്ഞെടുക്കപ്പെടുന്ന ആശയങ്ങളില്‍ വരുന്ന ഒരാഴ്ചയ്ക്കകം തീരുമാനമുണ്ടാകും. മേല്‍നോട്ടം വഹിക്കാന്‍ മുഖ്യമന്ത്രി ചെയര്‍മാനായ സ്റ്റിയറിങ് കമ്മിറ്റി രൂപവത്കരിക്കും. സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്‍, കെ. കൃഷ്ണന്‍കുട്ടി, കടന്നപ്പള്ളി രാമചന്ദ്രന്‍, എ.കെ ശശീന്ദ്രന്‍, സംസ്ഥാന ചീഫ് സെക്രട്ടറി, വിവിധ വകുപ്പ് സെക്രട്ടറിമാര്‍ എന്നിവര്‍ അംഗങ്ങളായിരിക്കും.

പദ്ധതി നടത്തിപ്പിന്റെ ചുമതല ഡോ. കെ.എം എബ്രഹാം അധ്യക്ഷനായ സമിതിക്കായിരിക്കും. മുരളി തുമ്മാരുകുടി, ഡോ. സജി ഗോപിനാഥ്, എസ്.ഡി ഷിബുലാല്‍, സി. ബാലഗോപാല്‍, സാജന്‍പിള്ള, ബൈജു രവീന്ദ്രന്‍, അബ്ദുള്‍ റസാഖ് എന്നിവര്‍ ആയിരിക്കും സമിതി അംഗങ്ങള്‍.

പദ്ധതി നടപ്പാക്കുന്നതിന് കൃത്യമായ സമയക്രമം ഉണ്ടായിരിക്കും. ഡ്രീം കേരള കാമ്പയിന്‍ ഐഡിയത്തോണ്‍ ജൂലായ് 15 മുതല്‍ 30 വരെ നടക്കും. സെക്ടോറിയല്‍ ഹാക്കത്തോണ്‍ ഓഗസ്റ്റ് ഒന്നു മുതല്‍ പത്തുവരെ നടക്കും. തിരഞ്ഞെടുക്കപ്പെടുന്ന പദ്ധതികള്‍ വെര്‍ച്വല്‍ അസംബ്ലിയില്‍ അവതരിപ്പിക്കല്‍ ഓഗസ്റ്റ് 14-ന് ആയിരിക്കും. പദ്ധതി നിര്‍വഹണം 100 ദിവസത്തിനകം പൂര്‍ത്തിയാക്കണമെന്നും കോവിഡ് അവലോകന യോഗത്തിനുശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

follow us: PATHRAM ONLINE

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7