മാസ്‌ക് ധരിക്കാന്‍ ആവശ്യപ്പെട്ട ഭിന്നശേഷിക്കാരായ സഹപ്രവര്‍ത്തകയെ ഇരുമ്പ് വടികൊണ്ട് ഓഫീസര്‍ ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

മാസ്‌ക് ധരിക്കാന്‍ ആവശ്യപ്പെട്ട ഭിന്നശേഷിക്കാരായ സഹപ്രവര്‍ത്തകയെ ടൂറിസം ഓഫീസര്‍ ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ആന്ധ്രപ്രദേശ് ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലിലെ ഡെപ്യൂട്ടി മാനേജറായ ഭാസ്‌കര്‍ എന്ന വ്യക്തിയാണ് ഭിന്നശേഷിക്കാരിയായ സഹപ്രവര്‍ത്തകയെ മര്‍ദ്ദിച്ചത്.

അതേ സ്ഥാപനത്തില്‍ കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന യുവതിയാണ് മര്‍ദ്ദനത്തിന് ഇരയായത്. കൊറോണ വൈറസ് വ്യാപനം മൂലം മാസ്‌ക് ധരിക്കണമെന്ന നിര്‍ദ്ദേശം പാലിക്കണമെന്ന് ഓര്‍മ്മപ്പെടുത്തിയ യുവതിയെ മുടിയില്‍ കുത്തിപ്പിടിച്ച് വലിച്ചിഴച്ച ശേഷം ഇരുമ്പുവടികൊണ്ട് അടിക്കുകയായിരുന്നു. സംഭവം കണ്ടുനിന്നവര്‍ അയാളെ പിടിച്ചു മാറ്റാന്‍ ശ്രമിക്കുന്നതായും സിസിടിവി ദൃശ്യങ്ങളില്‍ കാണാം.

സംഭവത്തിനു ശേഷം യുവതി ഭാസ്‌കറിനെതിരെ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ശനിയാഴ്ച പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു കേസ് അന്വേഷണം ആരംഭിച്ചതോടെ ഇയാള്‍ ഒളിവില്‍ പോയിരുന്നു. എന്നാല്‍ പോലീസിന്റെ ഊര്‍ജിതമായ അന്വേഷണത്തിനൊടുവില്‍ ഭാസ്‌കറിനെ അറസ്റ്റ് ചെയ്യുകയും ജയിലിലേക്ക് അയക്കുകയും ചെയ്തു. സംഭവത്തെത്തുടര്‍ന്ന് ഇയാളെ സസ്‌പെന്‍ഡ് ചെയ്തതായി ആന്ധ്ര പ്രദേശ് ടൂറിസം മിനിസ്റ്റര്‍ എം ശ്രീനിവാസറാവു അറിയിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7