പാംഗോങ് മലനിരകളില്‍ സേനാ പിന്‍മാറ്റത്തിന് ഉപാധി വച്ച് ചൈന

ന്യൂഡല്‍ഹി : കിഴക്കന്‍ ലഡാക്കില്‍ സംഘര്‍ഷം മൂര്‍ധന്യത്തിലുള്ള പാംഗോങ് തടാകത്തോടു ചേര്‍ന്നുള്ള മലനിരകളില്‍ സേനാ പിന്‍മാറ്റത്തിന് ഉപാധി വച്ച് ചൈന. ഉപാധിയുടെ മറവില്‍ കൂടുതല്‍ കടന്നുകയറ്റത്തിനു ചൈന ശ്രമിച്ചേക്കാമെന്ന സംശയത്തില്‍, അതീവ ജാഗ്രത തുടര്‍ന്ന് ഇന്ത്യന്‍ സേന. അതിര്‍ത്തിത്തര്‍ക്കം പരിഹരിക്കാന്‍ ഇന്ത്യന്‍ ഭാഗത്തുള്ള ചുഷൂലില്‍ ഉന്നത സേനാ കമാന്‍ഡര്‍മാര്‍ ഇന്നലെ കൂടിക്കാഴ്ച നടത്തിയെങ്കിലും സേനകളുടെ പൂര്‍ണ പിന്‍മാറ്റത്തിന് ഇനിയും സമയമെടുക്കുമെന്ന സൂചനകളാണു പുറത്തുവരുന്നത്.

ഇന്ത്യയുടെ ലഫ്. ജനറല്‍ ഹരീന്ദര്‍ സിങ്, ചൈനയുടെ മേജര്‍ ജനറല്‍ ലിയു ലിന്‍ എന്നിവര്‍ തമ്മിലുള്ള കൂടിക്കാഴ്ചയിലെ വിശദാംശങ്ങള്‍ സംബന്ധിച്ച് ഇരു സേനകളും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. പാംഗോങ്ങില്‍ ആധിപത്യമുറപ്പിക്കാനുള്ള വിചിത്ര ആവശ്യങ്ങളാണു ചൈന ഉന്നയിക്കുന്നതെന്നും സംഘര്‍ഷം നീട്ടിക്കൊണ്ടു പോകാനുള്ള ശ്രമമാണിതെന്നും സേനാ വൃത്തങ്ങള്‍ ‘മനോരമ’യോടു പറഞ്ഞു.

നിലവില്‍ ഇരുസേനകളും മുഖാമുഖം നില്‍ക്കുന്ന നാലാം മലനിരയില്‍ (ഫിംഗര്‍ 4) നിന്ന് 5 കിലോമീറ്റര്‍ പിന്നിലുള്ള രണ്ടിലേക്ക് (ഫിംഗര്‍ 2) ഇന്ത്യന്‍ സേന പിന്മാറിയാല്‍, തങ്ങളും ആനുപാതികമായി പിന്മാമെന്നാണു (നാലില്‍ നിന്ന് ആറിലേക്ക്) ചൈനയുടെ വാഗ്ദാനം. എന്നാല്‍, ഒന്നു മുതല്‍ 8 വരെയുള്ള മലനിരകള്‍ തങ്ങളുടേതാണെന്നും ചൈനീസ് സേന അതിനപ്പുറത്തേക്കു മാറി അതിര്‍ത്തിയിലെ പൂര്‍വ സ്ഥിതി പുനഃസ്ഥാപിക്കണമെന്നുമുള്ള ഉറച്ച നിലപാടിലാണ് ഇന്ത്യ.

മുന്‍പു നടന്ന ചര്‍ച്ചയില്‍ ഗല്‍വാനില്‍ നിന്ന് ഇരുസേനകളും സമാന രീതിയില്‍ ഏതാനും കിലോമീറ്റര്‍ പിന്നോട്ടു മാറാന്‍ ധാരണയിലെത്തിയിരുന്നു. ഇന്ത്യ പിന്മാറിയപ്പോള്‍, ധാരണ ലംഘിച്ചു ചൈന അവിടെ തുടര്‍ന്നതാണ് ഏറ്റുമുട്ടലില്‍ കലാശിച്ചത്. ഈ സാഹചര്യത്തില്‍ ചൈനയുടെ വാഗ്ദാനങ്ങള്‍ ഇന്ത്യ വിശ്വസിക്കുന്നില്ല. ഇതിനിടെ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും യുഎസ് പ്രതിരോധ സെക്രട്ടറി മാര്‍ക്ക് എസ്പറും ഫോണ്‍ സംഭാഷണം നടത്തി. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇരുവരും തമ്മിലുള്ള രണ്ടാമത്തെ ചര്‍ച്ചയായിരുന്നു ഇത്.

പാംഗോങ് മലനിരകളില്‍ 8 കിലോമീറ്ററോളം അതിക്രമിച്ചു കയറി, നാലാം മലനിരയില്‍ നിലയുറപ്പിച്ച ചൈനീസ് സേന അവിടെ ചൈനയുടെ ഭൂപടവുമായി സാമ്യമുള്ള ചിത്രം വരച്ചു ചേര്‍ത്തതിന്റെ ഉപഗ്രഹ ദൃശ്യങ്ങള്‍ പുറത്ത്. പ്രദേശത്ത് ചൈനീസ് സേന സ്ഥാപിച്ച സന്നാഹങ്ങള്‍ക്കു സമീപമാണ് 81 മീറ്റര്‍ നീളവും 25 മീറ്റര്‍ വീതിയുമുള്ള ചിത്രം. ദൃശ്യം ഭൂപടത്തിന്റേതാണെന്നു സ്ഥിരീകരിച്ചിട്ടില്ലെന്നും ഇതിനു മുന്‍പ് അവിടെ അത്തരത്തിലൊരു ചിത്രം ഉണ്ടായിരുന്നില്ലെന്നും സേനാ വൃത്തങ്ങള്‍ വ്യക്തമാക്കി.

അമൃത്സര്‍ (പഞ്ചാബ്) ന്മ ന്യൂഡല്‍ഹിയിലെ പാക്ക് എംബസിയിലെ 143 ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളും അട്ടാരി വാഗാ അതിര്‍ത്തി വഴി പാക്കിസ്ഥാനിലേക്കു പോയി. പാക്കിസ്ഥാനിലെ ഇന്ത്യന്‍ എംബസിയില്‍ ജോലി ചെയ്യുന്ന 38 ജീവനക്കാരും അതിര്‍ത്തി വഴി തിരിച്ചെത്തി. പാക്ക് എംബസി ജീവനക്കാരുടെ എണ്ണം പകുതിയായി കുറയ്ക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. സമാനമായി പാക്കിസ്ഥാനിലെ ഇന്ത്യന്‍ ജീവനക്കാരുടെ എണ്ണവും കുറയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു. ചാരവൃത്തി ആരോപിച്ച് ഇന്ത്യയും പാക്കിസ്ഥാനും എംബസി ഉദ്യോഗസ്ഥര്‍ക്കെതിരെ കഴിഞ്ഞ മാസം നടപടികളെടുത്തിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7