ഇന്ത്യയും ചൈനയും തമ്മില്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ ആരംഭിക്കാന്‍ തീരുമാനം

ഡല്‍ഹി: അതിര്‍ത്തിയിലെ ചൈനീസ് ആക്രമണവിഷയത്തില്‍ ഇന്ത്യയും ചൈനയും തമ്മില്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ ആരംഭിക്കാന്‍ തീരുമാനിച്ചു. പിന്മാറ്റം പൂര്‍ത്തി ആകാതെ സൈനികതല ചര്‍ച്ച വീണ്ടും നടത്തണം എന്ന ആവശ്യം സൈന്യം നിരസിച്ച സാഹചര്യത്തില്‍ വലിയ പ്രാധാന്യമാണ് സ്ഥിരം സമിതിയില്‍ നടക്കുന്ന ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് ഉള്ളത്. അതേസമയം വാണിജ്യ ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്ന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ത്യ സന്ദര്‍ശിക്കാനിരുന്ന ഉന്നതാധികാര സമിതിയോട് തത്ക്കാലം സന്ദര്‍ശനം മാറ്റി വയ്ക്കാന്‍ ഇന്ത്യ നിര്‍ദേശിച്ചു.

2012 ല്‍ രൂപികരിച്ച വിദേശകാര്യമന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറിമാര്‍ അധ്യക്ഷനായ സമിതിയാണ് ഇന്ത്യ-ചൈന ബന്ധങ്ങള്‍ നിശ്ചിത ഇടവേളകളില്‍ വിലയിരുത്തുന്നത്. ഏപ്രിലിന് ശേഷം തടസപ്പെട്ടിരുന്ന ഈ സമിതിയുടെ യോഗം പുനരാരംഭിക്കാനാണ് ഇപ്പോഴത്തെ തീരുമാനം. ഇന്ന് തന്നെ സമിതിയുടെ യോഗം നടക്കും എന്നാണ് സൂചന. കിഴക്കന്‍ ലഡാക്കിലെ അതിര്‍ത്തികയിലും ഇരുരാജ്യങ്ങളും തമ്മില്‍ നടന്നു കൊണ്ടിരിക്കുന്ന സംഘര്‍ഷത്തിന് പരിഹാരം കാണാനുള്ള നിര്‍ദേശങ്ങളാകും പ്രതിവാര ചര്‍ച്ചകളില്‍ ഇനി സമിതി പരിഗണിക്കുന്നത്. മേഖലയില്‍ ചൈന പതിനായിരത്തോളം സൈനികരെ വിന്യസിച്ചിരുന്നു. സൈനികതല ധാരണ പ്രകാരം പിന്മാറാനും ഇതുവരെ കൂട്ടാക്കിയിട്ടില്ല. ഈ സാഹചര്യങ്ങളാകും ഇന്ത്യ ഇന്നത്തെ ചര്‍ച്ചയില്‍ ഉന്നയിക്കുന്നത്.

ചൈന പ്രസിദ്ധീകരിച്ചിട്ടുള്ള 1959ലെ ഭൂപടത്തിന്റെ അടിസ്ഥാനത്തില്‍ തര്‍ക്കപ്രദേശം ആരുടേതെന്ന കാര്യത്തില്‍ തീരുമാനമെടുക്കാമെന്നാണ് ചൈനയുടെ അവരുടെ ഇപ്പോഴത്തെ ആവശ്യം. ഇത് ഒരു സാഹചര്യത്തിലും നിര്‍വാഹം അല്ലെന്നും ഇന്ത്യ വിശദീകരിച്ചു. ചൈനീസ് പാര്‍ലമെന്റ് കൂടാന്‍ ദിവസങ്ങള്‍ മാത്രമാണ് ഇനി ബാക്കിയുള്ളത്. അതിന് മുന്‍പ് വിഷയം പരിഹരിക്കാനാണ് ശ്രമം എന്ന് ചൈനീസ് വിദേശകര്യ മന്ത്രാലയം വ്യക്തമാക്കി. സ്ഥിരം സമിതി ചര്‍ച്ചയില്‍ പുരോഗതി ഉണ്ടായാല്‍ അടുത്ത മാസം ആദ്യം തന്നെ മന്ത്രിതല ചര്‍ച്ചയും നടക്കും.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7