മലിന ജലത്തില്‍ കോവിഡ് വൈറസ്

ഡല്‍ഹി: ഇന്ത്യയിലെ ശാസ്ത്രജ്ഞര്‍ ഇതാദ്യമായി മലിന ജലത്തില്‍ സാര്‍സ് കോവി-2 വൈറസിന്റെ ജനികത പദാര്‍ത്ഥം കണ്ടെത്തി. രാജ്യത്തെ കോവിഡ്-19 തത്സമയ നിരീക്ഷണത്തിന് മലിനജലത്തെ ആധാരമാക്കിയുള്ള സാംക്രമികരോഗപഠനം ഉപയോഗിക്കുന്നതിന് ഈ കണ്ടെത്തല്‍ സുപ്രധാന വഴിത്തിരിവാകും.

ഐഐടി ഗാന്ധിനഗറിലെ ശാസ്ത്രജ്ഞര്‍ അഹമ്മദാബാദിലെ മലിനജലത്തില്‍ നിന്നാണ് വൈറസ് ജനിതക പകര്‍പ്പുകള്‍ കണ്ടെത്തിയത്. കോവിഡുമായി ബന്ധപ്പെട്ട് മലിനജലത്തെ ആധാരമാക്കിയുള്ള സാംക്രമികരോഗപഠനം( Wastewater-based epidemiology-WBE ) ഉപയോഗിക്കുന്ന ചുരുക്കം ചില രാജ്യങ്ങളുടെ പട്ടികയില്‍ ഇതോടെ ഇന്ത്യയും അംഗമാവുകയാണ്. ഒരു പ്രത്യേക പ്രദേശത്തെ രോഗവ്യാപനത്തിന്റെ നില അവിടുത്തെ മലിനജലത്തിലെ വൈറസ് സാന്നിധ്യത്തിലൂടെ മനസ്സിലാക്കുന്ന സമീപനമാണ് WBE .

വൈറസിന്റെ ജനിതക പദാര്‍ത്ഥമായ ആര്‍എന്‍എയാണ് സൂവിജ് ട്രീറ്റ്മെന്റ് പ്ലാന്റിലെത്തുന്ന മലിനജലത്തില്‍ കണ്ടെത്തിയത്. ഐഐടി ഗാന്ധിനഗറും ഗുജറാത്ത് ബയോടെക്നോളജി റിസര്‍ച്ച് സെന്ററും ഗുജറാത്ത് മലിനീകരണ നിയന്ത്രണ ബോര്‍ഡും സഹകരിച്ചാണ് പഠനം നടത്തിയത്. അഹമ്മദാബാദിലെ ഓള്‍ഡ് പിരാന വേസ്റ്റ് വാട്ടര്‍ ട്രീറ്റ്മെന്റ് പ്ലാന്റിലേക്ക് എത്തുന്ന മലിനജലം ഇതിനായി ഉപയോഗിച്ചു. കോവിഡ്-19 രോഗികളെ ചികിത്സിക്കുന്ന അഹമ്മദാബാദ് സിവില്‍ ആശുപത്രിയില്‍ നിന്നടക്കമുള്ള മലിനജലം ഈ പ്ലാന്റില്‍ എത്തുന്നുണ്ട്.

രോഗവ്യാപനത്തിന്റെ തോതും ഘട്ടവും തിരിച്ചറിയാന്‍ ഇത്തരം പഠനങ്ങള്‍ സഹായിക്കും. കോവിഡ് രോഗബാധിതനായ ഒരു രോഗിയുടെ വിസര്‍ജ്ജ്യങ്ങളിലൂടെ ദശലക്ഷക്കണക്കിന് വൈറല്‍ ജിനോമുകള്‍ മലിനജലത്തിലേക്ക് പ്രതിദിനം എത്തുമെന്ന് യൂറോപ്പിലും നോര്‍ത്ത് അമേരിക്കയിലും നടത്തിയ പഠനങ്ങള്‍ പറയുന്നു. എന്നാല്‍ ഈ ജലത്തില്‍ നിന്ന് രോഗം പകര്‍ന്നതായി എവിടെ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7