ന്യൂഡല്‍ഹി: ഗല്‍വാന്‍ നദിയുടെ ഒഴുക്ക് തടസ്സപ്പെടുത്താനുള്ള നീക്കവുമായി ചൈന. നോര്‍ത്ത് ഈസ്റ്റ് ലഡാക്കില്‍ ഇന്ത്യചൈന സൈനികരുടെ സംഘട്ടനം നടന്ന സ്ഥലത്തു നിന്നും ഒരു കിലോമീറ്റര്‍ മാത്രം ദൂരെയാണ് നദിയുടെ ഒഴുക്കു തടയാന്‍ ശ്രമം നടത്തുന്നത്. ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെയാണ് ചൈനയുടെ നീക്കം മനസിലാക്കിയത്.
നിയന്ത്രണ രേഖയില്‍ ചൈനയുടെ ഭാഗത്തായാണ് ബുള്‍ഡോസര്‍ ഉപയോഗിച്ച് നദിയുടെ ഒഴുക്കു തടസപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. ബുള്‍ഡോസര്‍ കാണപ്പെട്ട സ്ഥലത്ത് നദിയുടെ ഒഴുക്ക് ഗതി മാറുകയോ തടസപ്പെടുകയോ ചെയ്തിട്ടുണ്ട്.
ഇന്ത്യന്‍ സൈന്യത്തിന്റെ ട്രക്കുകള്‍ നിയന്ത്രണരേഖയില്‍ നിന്നും രണ്ട് കിലോമീറ്റര്‍ മാറി ഗല്‍വാന്‍ നദിക്കരയിലാണ് നിര്‍ത്തിയിട്ടിരിക്കുന്നത്. ട്രക്ക്, ബുള്‍ഡോസര്‍, യാത്രാ വാഹനം എന്നിവ ഉള്‍പ്പെടെ നൂറിധികം വാഹനങ്ങളാണ് നിയന്ത്രണ രേഖയ്ക്കു സമീപത്തായി ചൈന നിര്‍ത്തിയിട്ടിരിക്കുന്നത്. ഗല്‍വാന്‍ താഴ്വര തങ്ങളുടേതാണെന്ന പുതിയ വാദവുമായി ചൈന രംഗത്തെത്തിയതിനു പിന്നാലെയാണ് നദിയുടെ ഒഴുക്കു തടയാന്‍ ശ്രമം നടത്തുന്നത്.
അതിര്‍ത്തിത്തര്‍ക്കം സംബന്ധിച്ച ചര്‍ച്ചകളില്‍ ഗല്‍വാന്‍ പ്രദേശം ഇന്ത്യയുടേതാണെന്നു സമ്മതിച്ചിരുന്ന ചൈന ആ നിലപാടു മാറ്റിയതോടെയാണ് അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമായത്. ഗല്‍വാന്‍ നേരത്തേ ഒത്തുതീര്‍പ്പിലെത്തിയ സ്ഥലമല്ലേ, ഇപ്പോള്‍ ചൈന എങ്ങനെയാണ് അവകാശവാദം ഉന്നയിക്കുന്നത് എന്ന ചോദ്യമുയര്‍ന്നപ്പോള്‍ ചൈനീസ് വിദേശകാര്യ വക്താവ് ഷാവോ ലിജിയന്‍ പറഞ്ഞതിങ്ങനെ: ഗല്‍വാന്‍ പ്രദേശം സംബന്ധിച്ച് സൈനികതലത്തിലും നയതന്ത്രതലത്തിലും ആശയവിനിമയം നടന്നിട്ടുണ്ട്. ഇതിലെ ശരിയും തെറ്റും വളരെ വ്യക്തമാണ്. ഇതു ചൈനയുടെ സ്ഥലമാണ്. ചൈനയുടെ അതിര്‍ത്തിക്കുള്ളിലാണു സംഭവം നടന്നത്. അതുകൊണ്ട് ഇക്കാര്യത്തില്‍ ചൈനയെ കുറ്റപ്പെടുത്തുന്നതു ശരിയല്ല.” കൂടുതല്‍ അക്രമസംഭവങ്ങള്‍ ഉണ്ടായിക്കാണാന്‍ ചൈന ആഗ്രഹിക്കുന്നില്ലെന്നും ഷാവോ ലിജിയാന്‍ പറഞ്ഞു.
ഗല്‍വാന്‍ ചൈനയുടേതാണെന്ന വാദം പുതിയൊരു തര്‍ക്കത്തിനു കൂടി തുടക്കമാവുകയാണ്. ചൈനീസ് പട്ടാളം ഇത്തവണ ഇന്ത്യയുടെ ഭൂപ്രദേശത്തേക്കു കടന്ന് 5 സ്ഥലങ്ങളിലാണു തമ്പടിച്ചത് ഗല്‍വാനിലെ 4 സ്ഥലങ്ങളിലും പാംഗോങ്ങില്‍ ഒരിടത്തും. ഇതില്‍ ഗല്‍വാനില്‍ നിന്നു മടങ്ങിപ്പോകില്ലെന്നാണു നിലപാട്. ഇവിടെ നൂറോളം ടെന്റുകള്‍ കെട്ടിയതിനു പുറമേ, ബങ്കറുകളും നിര്‍മിച്ചുകഴിഞ്ഞു. വാഹനങ്ങളും എത്തിച്ചിട്ടുണ്ട്.
follow: PATHRAM ONLINE