ഛത്തീസ്ഗഢിലെ ഗരിയാബാന്ദില്‍ യുവതിയെയും യുവാവിനെയും മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. സംഭവത്തില്‍ യുവതിയുടെ സഹോദരന് ഉള്‍പ്പെടെ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
ഗരിയാബാന്ദ് സ്വദേശികളായ ഭൂപേന്ദ്ര കന്‍വാര്‍(21) ദാമിനി സാഹു(19) എന്നിവരെയാണ് ദിവസങ്ങള്‍ക്ക് മുമ്പ് മരിച്ചനിലയില്‍ കണ്ടെത്തിയത്. മെയ് 22 ന് രാത്രി കിടപ്പുമുറിയില്‍ വിഷംകഴിച്ച് മരിച്ചനിലയിലാണ് യുവതിയുടെ മൃതദേഹം കണ്ടത്. തൊട്ടടുത്ത ദിവസം യുവതിയുടെ വീടിന് സമീപത്തെ കുറ്റിക്കാട്ടില്‍ ഭൂപേന്ദ്രകുമാറിനെയും മരിച്ചനിലയില്‍ കണ്ടെത്തി. അടുപ്പത്തിലായിരുന്ന ഇരുവരും ആത്മഹത്യ ചെയ്തതാകുമെന്നായിരുന്നു പ്രാഥമിക നിഗമനം. വ്യത്യസ്ത ജാതിയില്‍പ്പെട്ടവരായതിനാല്‍ വീട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് കമിതാക്കള്‍ ജീവനൊടുക്കിയെന്നായിരുന്നു നാട്ടുകാരും ആദ്യം വിശ്വസിച്ചിരുന്നത്.
എന്നാല്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ദാമിനി ഗര്‍ഭിണിയാണെന്നും യുവാവിന് മര്‍ദനമേറ്റെന്നും വ്യക്തമായതോടെ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. മാത്രമല്ല, മൃതദേഹങ്ങള്‍ കിടന്ന സ്ഥലത്ത് നിന്ന് ആത്മഹത്യയാണെന്ന് സാധൂകരിക്കുന്ന തെളിവുകളും ലഭിച്ചില്ല. ഇതോടെയാണ് യുവതിയുടെ ബന്ധുക്കളിലേക്ക് അന്വേഷണം നീണ്ടത്.
വ്യത്യസ്ത ജാതിയില്‍പ്പെട്ട യുവതിയും യുവാവും പ്രണയത്തിലായതും യുവതി ഗര്‍ഭിണിയായതും ബന്ധുക്കളെ ചൊടിപ്പിച്ചിരുന്നു. മെയ് 22 ന് രാത്രി യുവാവ് കാമുകിയെ കാണാന്‍ വീട്ടിലെത്തി. ദാമിനിയുടെ സഹോദരനും അമ്മാവനും ചേര്‍ന്ന് ഭൂപേന്ദ്രകുമാറിനെ കൈയോടെ പിടികൂടി. യുവാവിനെയും യുവതിയെയും മുറിയില്‍വെച്ച് പൊതിരെ തല്ലി. ഇതിനിടെ ഭൂപേന്ദ്രകുമാര്‍ ബോധരഹിതനായി നിലത്തുവീണു. ഈ സമയത്താണ് യുവതിയെ ബലം പ്രയോഗിപ്പിച്ച് വിഷം കുടിപ്പിച്ചത്. വിഷം അകത്തുചെന്നതിന് പിന്നാലെ യുവതി ഛര്‍ദിക്കുകയും മരണം സംഭവിക്കുകയും ചെയ്തു. ശേഷം യുവാവിന്റെ മൃതദേഹം ഇവര്‍ തന്നെ വീടിന് സമീപത്തെ കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ചു.
യുവതി വാതില്‍ തുറക്കാത്തതിനാല്‍ വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തുകടന്നപ്പോള്‍ മരിച്ചനിലയില്‍ കണ്ടെന്നായിരുന്നു ബന്ധുക്കളുടെ ആദ്യമൊഴി. എന്നാല്‍ പോലീസിന്റെ വിശദമായ ചോദ്യംചെയ്യലില്‍ മൂവരും കുറ്റംസമ്മതിച്ചു. മരിക്കുമ്പോള്‍ ദാമിനി സാഹു മൂന്ന് മാസം ഗര്‍ഭിണിയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കേസ് അന്വേഷിച്ച് പ്രതികളെ പിടികൂടിയ പോലീസ് സംഘത്തിന് ഗരിയാബാന്ദ് എസ്.പി. 10,000 രൂപ പരിതോഷികവും സമ്മാനിച്ചു.