റെഡ് സോണ്‍; മുംബൈ–തിരുവനന്തപുരം സ്‌പെഷല്‍ ട്രെയിന്‍ റദ്ദാക്കാന്‍ സാധ്യത

കൊച്ചി: ഇന്ന് പുറപ്പെടേണ്ട മുംബൈ–തിരുവനന്തപുരം സ്‌പെഷല്‍ ട്രെയിന്‍ റദ്ദാക്കാന്‍ സാധ്യത. കേരളം ട്രെയിന്‍ സ്വീകരിക്കാന്‍ തയാറല്ലെന്ന സൂചനയാണ് ലഭിക്കുന്നത്. മുംബൈ റെഡ് സോണാണെന്ന കാരണം നിരത്തിയാണു കേരളം സര്‍വീസ് വേണ്ടെന്ന നിലപാടിലേക്കു നീങ്ങുന്നതെന്നു പറയുന്നു. എന്നാല്‍ ട്രെയിന്‍ പുറപ്പെടുന്ന സ്‌റ്റേഷന്‍ ഹോട്‌സ്‌പോട്ട് പരിധിയില്‍ വരുന്നില്ലെന്നും ജില്ലാ ഭരണകൂടമാണ് സ്‌റ്റേഷന്‍ നിശ്ചയിച്ചതെന്നും മലയാളി സംഘടനകള്‍ പറഞ്ഞു.

ഇന്നലെ അറിയിപ്പു നല്‍കിയ ട്രെയിനിന് ഇപ്പോള്‍ അനുമതിയില്ലെന്നു പറയുന്നതു യാത്രക്കാരോടു ചെയ്യുന്ന ദ്രോഹമാണെന്നു വെസ്‌റ്റേണ്‍ ഇന്ത്യ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ ജന.സെക്രട്ടറി തോമസ് സൈമണ്‍ ആരോപിച്ചു. മഹാരാഷ്ട്രയില്‍ ജില്ലാ കലക്ടര്‍ക്കു നല്‍കിയ യാത്രക്കാരുടെ പട്ടികയും ജില്ല തിരിച്ചുള്ള വിവരങ്ങളും ഇന്നലെ ഉച്ചയ്ക്കു 3 മണിക്കു മുന്‍പായി മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് ഇമെയില്‍ വഴി അയച്ചിരുന്നുവെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.

പലരും വൈകിട്ടത്തെ ട്രെയിനില്‍ പുറപ്പെടാനായി സ്‌റ്റേഷനില്‍ എത്തിക്കഴിഞ്ഞു. എന്താണ് തീരുമാനം എന്നറിയാതെ അങ്കലപ്പിലാണ് ഇവര്‍. ഒരു മാസം മുന്‍പു മലയാളികള്‍ക്കു മടങ്ങി വരാന്‍ അനുമതി നല്‍കിയിരുന്നെങ്കില്‍ സ്ഥിതി ഇത്രയും വഷളാകില്ലായിരുന്നു. അന്ന് മുംബൈയില്‍ കോവിഡ് ഇത്രയും വ്യാപിച്ചിട്ടില്ലായിരുന്നു. അപ്പോള്‍ ഇതരസംസ്ഥാനക്കാരെ മടക്കി അയക്കുന്ന തിരക്കിലായിരുന്നു കേരളം.

ഒരു വശത്ത് എല്ലാവരേയും സ്വീകരിക്കുമെന്നു കോടതിയില്‍ സത്യവാങ്മൂലം നല്‍കുകയും മറുവശത്തു കൂടി മറ്റു സംസ്ഥാനങ്ങളില്‍ നിന്നു വരുന്നവരുടെ യാത്ര മുടക്കുന്ന ഇരട്ടത്താപ്പാണ് സര്‍ക്കാര്‍ കാണിക്കുന്നതെന്നു അസോസിയേഷന്‍ ആരോപിച്ചു. നഴ്‌സുമാരും വിദ്യാര്‍ഥികളും ബിസിനസ് ആവശ്യങ്ങള്‍ക്കായി വന്നു ലോക്ഡൗണ്‍ മൂലം കുടുങ്ങിയവരുമാണു മടങ്ങാന്‍ ആഗ്രഹിക്കുന്നവരില്‍ ഏറെയും. മൂന്നു നേരം ഭക്ഷണം കഴിക്കാന്‍ വഴിയില്ലാതെ ദുരിതത്തിലാണ് ഇവരില്‍ പലരും.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7