തിരുവനന്തപുരം: ഇനിയുള്ള എസ്എസ്എല്‍സി, പ്ലസ് ടു, വിഎച്ച്എഎസ്്‌സി പരീക്ഷകള്‍ മേയ് 26 മുതല്‍ 30 വരെ നടക്കും. ഇതു സംബന്ധിച്ച് പരീക്ഷാ കലണ്ടര്‍ തയാറായതായി മുഖ്യമന്ത്രി പറഞ്ഞു. പരീക്ഷകള്‍ ജൂണിലേക്കു മാറ്റിവയ്ക്കുമെന്നു നേരത്തേ സൂചനയുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയാണു മുഖ്യമന്ത്രി തീയതി പ്രഖ്യാപിച്ചത്.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ലോക്ഡൗണ്‍ കാലത്തു തുറക്കരുതെന്ന കേന്ദ്രവിജ്ഞാപനം അവഗണിച്ചാണ് എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ നടത്താന്‍ സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഓഫിസുകള്‍ക്കും ശനിയാഴ്ച അവധി നല്‍കിയെങ്കിലും പരീക്ഷ നടത്തേണ്ടതിനാല്‍ സ്‌കൂളുകള്‍ക്കു ശനിയാഴ്ച അവധി നല്‍കിയിട്ടില്ല.
ലോക്ഡൗണ്‍ നിലനില്‍ക്കേ നാലു ലക്ഷം മുതല്‍ 12 ലക്ഷം വരെ വിദ്യാര്‍ഥികളും അവരുടെ രക്ഷിതാക്കളുമാണു പരീക്ഷാ ദിനങ്ങളില്‍ പുറത്തിറങ്ങേണ്ടി വരിക. എംജി സര്‍വകലാശാല 26ന് ആരംഭിക്കാനിരുന്ന ബിരുദ, ബിരുദാനന്തര പരീക്ഷകള്‍ ജൂണിലേക്ക് മാറ്റി. പുതുക്കിയ തീയതി പിന്നീട് പ്രഖ്യാപിക്കും.