തിരുവനന്തപുരം• സംസ്ഥാനത്ത് ഇന്ന് 14 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്കു വീതവും കൊല്ലം, എറണാകുളം, തൃശൂര്‍, കാസർകോട് ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
ഇതില്‍ രണ്ടു പേര് വിദേശത്തു നിന്നും (ഒരാള്‍ കുവൈറ്റ്, ഒരാള്‍ യുഎഇ) 10 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. 7 പേര് തമിഴ്നാട്ടില്‍ നിന്നും 3 പേര് മഹാരാഷ്ട്രയില്‍ നിന്നുമാണ് വന്നത്. എറണാകുളം ജില്ലയിലുള്ളയാള്‍ മാലദ്വീപില്‍ നിന്നുവന്ന ഉത്തര്‍പ്രദേശ് സ്വദേശിയാണ്. കൊല്ലം ജില്ലയില്‍ രോഗം ബാധിച്ചത് ആരോഗ്യ വൻപ്രവര്ത്തകയ്ക്കാണ്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലിരിക്കുന്ന ആരുടേയും പരിശോധനാഫലം നെഗറ്റീവ് ആയില്ല. 101 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 497 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. വിമാനത്താവളം വഴി 3467 പേരും തുറമുഖം വഴി 1033 പേരും ചെക്പോസ്റ്റ് വഴി 55,086 പേരും റെയില്‍വേ വഴി 1026 പേരും ഉള്‍പ്പെടെ സംസ്ഥാനത്ത് ആകെ 60,612 പേരാണ് എത്തിയത്.
വിവിധ ജില്ലകളിലായി 62,529 പേര് നിരീക്ഷണത്തിലാണ്. 61,855 പേര് വീടുകളിലും 674 പേര് ആശുപത്രികളിലുമാണ് നിരീക്ഷണത്തിൽ. 159 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതുവരെ 45,027 വ്യക്തികളുടെ (ഓഗ്മെന്റഡ് സാംപിള്‍ ഉള്‍പ്പെടെ) സാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ലഭ്യമായ 43,200 സാംപിളുകളുടെ പരിശോധനാഫലം നെഗറ്റീവ് ആണ്.
സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 5009 സാംപിളുകള്‍ ശേഖരിച്ചതില്‍ 4764 സാംപിളുകള്‍ നെഗറ്റീവ് ആയി. വയനാട് ജില്ലയിലെ പനമരം പ്രദേശത്തെ കൂടി ഹോട്സ്പോട്ടുകളുടെ പട്ടികയിൽ ഉള്‍പ്പെടുത്തി. ഇതോടെ നിലവില്‍ 23 ഹോട്സ്പോട്ടുകളാണ് സംസ്ഥാനത്ത് ഉള്ളത്.