ആദ്യം ദിനം നാല് വിമാനങ്ങള്‍: 800 പേര്‍ നാട്ടിലെത്തിക്കും

ദുബായ്: വിദേശത്ത് കുടുങ്ങിയ ഇന്ത്യാക്കാരെ നാട്ടിലെത്തിക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചു. മെയ് 7 ന് എയര്‍ ഇന്ത്യായുടെ വിമാനത്തിലാണ് പ്രവാസികളെ നാട്ടിലെത്തിക്കുക. ഇതേതുടര്‍ന്ന് എയര്‍ ഇന്ത്യാ എക്‌സ്പ്രസ് യുഎഇ യിലെ താല്‍ക്കാലികമായി അടച്ചിട്ടിരുന്ന ഓഫീസുകള്‍ ചൊവ്വാഴ്ച രാവിലെ മുതല്‍ വീണ്ടും തുറന്നു. ആദ്യ ദിവസം നാലു വിമാനങ്ങളാണ് കേരളത്തില്‍ എത്തുക. അബുദാബി, റിയാദ്, ദോഹ എന്നിവിടങ്ങളില്‍ നിന്നും കൊച്ചിയിലേക്കും ദുബായില്‍ നിന്നും കോഴിക്കോട്ടേക്കുമാകും വിമാനങ്ങള്‍ എത്തുക. 800 പേരെയായിരിക്കും ആദ്യം നാട്ടിലെത്തിക്കുക.

യുഎഇയിലെ 2650 പേര്‍ ഒരാഴ്ച കൊണ്ട് നാട്ടിലെത്തിക്കും യാത്രാ നിരോധനത്തെ തുടര്‍ന്നാണ് അബുദാബിയിലെയും അല്‍ അയ്‌നിലെയും ഓഫീസുകള്‍ അടച്ചിരിക്കുകയായിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ പട്ടിക അനുസരിച്ച് യാത്രക്കാര്‍ക്ക് ടിക്കറ്റ് നല്‍കിത്തുടങ്ങും.രാവിലെ ഒമ്പത് മണി മുതല്‍ ഉച്ചയ്ക്ക് ശേഷം മൂന്നു മണി വരെ ഓഫീസുകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്നും ആവശ്യക്കാരുടെ എണ്ണം കൂടുന്നത് അനുസരിച്ച ഓഫീസ് സമയം നീട്ടുമെന്നും എയര്‍ ഇന്ത്യയുടെ അബുദാബി ഓഫീസിനെ ഉദ്ധരിച്ച ഗള്‍ഫ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതിനൊപ്പം ദുബായിലെയും ഷാര്‍ജയിലെയും ഓഫീസുകളും ചൊവ്വാഴ്ച മുതല്‍ തുറന്നു പ്രവര്‍ത്തിക്കും. വിമാനത്തിന്റെ സമയം പിന്നീട് അറിയിക്കും. യാത്രാക്കൂലി സ്വയം വഹിക്കണമെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ആദ്യ ആഴ്ച കുവൈറ്റിലും ഇന്തോനേഷ്യയിലും ഫിലിപ്പീന്‍സിലും അടക്കമുള്ള ഒമ്പത് നഗരങ്ങളില്‍ നിന്നുള്ള വിമാനങ്ങളിലായി 14,850 പ്രവാസികളെ നാട്ടിലെത്തിക്കും. മനാമ, കുവൈറ്റ്, മസ്‌ക്കറ്റ്, ജിദ്ദ, ക്വാലലംപൂര്‍ എന്നിവിടങ്ങളാണ് മറ്റ് അഞ്ച് നഗരങ്ങള്‍. 11 വിമാനങ്ങള്‍ വീതം ഡല്‍ഹിയിലേക്കും തമിഴ്‌നാട്ടിലേക്കും പോകും. 12 രാജ്യങ്ങളിലെ പ്രവാസികളെയാണ് നാട്ടില്‍ എത്തിക്കുക. അമേരിക്കയിലേക്കും ബ്രിട്ടനിലേക്കും വിമാനം അയയ്ക്കും. അമേരിക്കയിലേക്ക് ആറും ബ്രിട്ടനിലേക്ക് ഏഴും വിമാനങ്ങളാണ് അയയ്ക്കുക.

പ്രവാസികളെ നാട്ടിലേക്കു തിരിച്ചെത്തിക്കുന്നതിന്റെ ആദ്യഘട്ടം ഏഴിനു തുടങ്ങും. 43 ലക്ഷത്തോളം ഇന്ത്യക്കാര്‍ക്കു രണ്ടാം വീടും തൊഴിലിടവുമായ യു.എ.ഇയില്‍നിന്നാകും തുടക്കം. തുടര്‍ന്ന് സൗദി അറേബ്യ, കുെവെത്ത് തുടങ്ങി മറ്റു ഗള്‍ഫ് രാജ്യങ്ങള്‍, യൂറോപ്പ്, യു.കെ, യു.എസ്. എന്നിവിടങ്ങളില്‍നിന്നു പ്രവാസികളുടെ മടക്കത്തിനു സൗകര്യമൊരുക്കും. രോഗികള്‍, ഗര്‍ഭിണികള്‍, വിസ കാലാവധി അവസാനിച്ചവര്‍, തൊഴിലാളികള്‍, വിദ്യാര്‍ഥികള്‍ എന്നിങ്ങനെയാകും മുന്‍ഗണനാ ക്രമമെന്നു വിദേശകാര്യ മന്ത്രാലയം സൂചിപ്പിച്ചു. ഗള്‍ഫ് യുദ്ധകാലത്ത് ഒന്നേമുക്കാല്‍ ലക്ഷത്തോളം പേരെയാണ് ഇന്ത്യ തിരിച്ചെത്തിച്ചത്. കോവിഡ് ഭീതിയില്‍ നാട്ടിലെത്താനായി വിവിധ രാജ്യങ്ങളിലെ ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങളില്‍ ദശലക്ഷക്കണക്കിനാളുകളാണു രജിസ്റ്റര്‍ ചെയ്തു കാത്തിരിക്കുന്നത്.

19 ലക്ഷത്തോളം പേര്‍ക്കു മടങ്ങിവരാന്‍ ആദ്യഘട്ടങ്ങളില്‍ അവസരമൊരുക്കും.കേരളത്തിന്റെ നോര്‍ക്കയില്‍ നാലു ലക്ഷത്തോളം മലയാളികള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതില്‍ 61,009 പേര്‍ ജോലി നഷ്ടപ്പെട്ടവരാണ്. ഗര്‍ഭിണികള്‍ 9,827 പേര്‍. സന്ദര്‍ശകവിസ കാലാവധി കഴിഞ്ഞവര്‍ 41,236. വിസ കാലാവധി കഴിഞ്ഞതോ റദ്ദാക്കപ്പെട്ടവരോ ആയ 27,100 പേരും ജയില്‍ മോചിതരായ 806 പേരും നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവര്‍ക്കെല്ലാം ആദ്യഘട്ടത്തില്‍ അവസരം കിട്ടിയേക്കില്ല.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7