തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ആര്‍ക്കും കോവിഡ്19 സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. അതേസമയം കണ്ണൂര്‍ ജില്ലയില്‍ ചികിത്സയിലായിരുന്ന കാസര്‍കോട് സ്വദേശിയുടെ പരിശോധനാഫലം നെഗറ്റീവായി രോഗമുക്തി നേടി. ഇതോടെ 401 പേരാണ് ഇതുവരെ കോവിഡില്‍നിന്ന് മുക്തി നേടിയത്. 95 പേരാണ് നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 21,720 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 21,332 പേര്‍ വീടുകളിലും 388 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 63 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതുവരെ 32,217 വ്യക്തികളുടെ (ഓഗ്മെന്റഡ് സാമ്പിള്‍ ഉള്‍പ്പെടെ) സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 31,611 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റിവ് ആണ്. ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യപ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 2,391 സാമ്പിളുകള്‍ ശേഖരിച്ചതില്‍ ലഭ്യമായ 1,683 സാമ്പിളുകള്‍ നെഗറ്റീവ് ആയി.
സംസ്ഥാനത്ത് ഇന്ന് നാല് പുതിയ ഹോട്ട് സ്‌പോട്ടുകള്‍ കൂടി ഉള്‍പ്പെടുത്തി. വയനാട് ജില്ലയിലെ മാനന്തവാടി, എറണാകുളം ജില്ലയിലെ എടക്കാട്ടുവയല്‍ പഞ്ചായത്ത്, മഞ്ഞള്ളൂര്‍ പഞ്ചായത്ത്, ഇടുക്കി ജില്ലയിലെ ശാന്തന്‍പാറ പഞ്ചായത്ത് എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. ഇതോടെ ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 84 ആയി.
അതേസമയം സ്വദേശത്തേക്കു മടങ്ങണമെന്നു നിര്‍ബന്ധം പിടിക്കുന്ന അതിഥി തൊഴിലാളികളെ മാത്രം സ്വന്തം നാട്ടിലേക്കു മടക്കി അയച്ചാല്‍ മതിയെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് അറിയിച്ചു. കേരളത്തില്‍ തുടരാന്‍ താല്‍പര്യം പ്രകടിപ്പിക്കുന്നവരെ നിര്‍ബന്ധിച്ചു മടക്കി അയയ്‌ക്കേണ്ടതില്ല. ഇക്കാര്യം പൊലീസും ജില്ലാ അധികൃതരും ശ്രദ്ധിക്കണമെന്നും ചീഫ് സെക്രട്ടറി നിര്‍ദേശിച്ചു.
കേരളത്തില്‍ തുടരുന്ന അതിഥി തൊഴിലാളികള്‍ക്ക് ആവശ്യമായ സഹായം സംസ്ഥാന സര്‍ക്കാര്‍ നല്‍കും. തിരിച്ചു പോകാന്‍ താല്‍പര്യമില്ലാത്തവരെയും മടങ്ങാന്‍ നിര്‍ബന്ധിക്കുന്നതായി പരാതി ഉയര്‍ന്നതിന്റെ അടിസ്ഥാനത്തിലാണു നിര്‍ദേശം. മേയ് ഒന്നു മുതലാണ് അതിഥി തൊഴിലാളികള്‍ക്ക് മടങ്ങുന്നതിന് കേരളത്തില്‍നിന്ന് ട്രെയിന്‍ സര്‍വീസ് ആരംഭിച്ചത്. ആദ്യ ട്രെയിനില്‍ ഒഡിഷയിലേക്ക് 1200 പേരാണ് മടങ്ങിയത്.
ലോക്ഡൗണ്‍ അവസാനിക്കുന്നതോടെ നിര്‍മാണ മേഖല അടക്കം തൊഴിലിടങ്ങള്‍ സജീവമാവുന്ന സാഹചര്യവുമുണ്ടാവും. രാജ്യത്ത് ലോക്ഡൗണ്‍ നിലവില്‍ വന്ന ശേഷം കേരളത്തിലെ അതിഥി തൊഴിലാളികളുടെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക കരുതല്‍ സ്വീകരിച്ചിരുന്നു. ഭക്ഷണവും താമസവും ആവശ്യമുള്ള അതിഥി തൊഴിലാളികള്‍ക്ക് ഇവ നല്‍കുന്നതിനു സര്‍ക്കാര്‍ മുന്തിയ പരിഗണനയാണു നല്‍കിയതെന്നും ചീഫ് സെക്രട്ടറി അറിയിച്ചു.