വിധവകളുടെയും ഭിന്നശേഷിക്കാരുടെയും പ്രായം ചെന്നവരുടെയും പെന്ഷന് അക്കൗണ്ടുകളിലേക്കും എല്ലാ ജന്‍ ധന് അക്കൗണ്ടുകളിലേക്കും 7500 രൂപവീതം കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ നിക്ഷേപിക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ്. മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ്ങിന്റെ അധ്യക്ഷതയില്‍ രൂപവത്കരിച്ച കോണ്‍ഗ്രസിന്റെ കൂടിയാലോചനാ സമിതി യോഗം ചേര്‍ന്നശേഷമാണ് ഈ നിര്‍ദ്ദേശം മുന്നോട്ടുവച്ചത്.
കേന്ദ്ര സര്‍ക്കാരിന് യാതൊരു സാമ്പത്തിക ഞെരുക്കവും ഇല്ലെന്നും ലോക്ക്ഡൗണ്‍ ദുരിതം അനുഭവിക്കുന്ന ജനങ്ങള്‍ക്ക് ഉടന്‍ സാമ്പത്തിക സഹായം എത്തിക്കണമെന്നും സമിതി അംഗമായ മുന്‍ കേന്ദ്രമന്ത്രി ജയറാം രമേശ് വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ചെറുകിട ഇടത്തരം വ്യവസായ മേഖലയുടെയും കാര്‍ഷിക മേഖലയുടെയും നിലനില്‍പ്പിനായി സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ രണ്ട് ദിവസത്തിനകം കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുന്‍ പ്രധാനമന്ത്രി അധ്യക്ഷനായ സമിതിയുടെ ശുപാര്‍ശകള്‍ കേന്ദ്രം ഗൗരവമായി എടുക്കുമെന്നാണ് കരുതുന്നത്. കോവിഡ് 19 പ്രതിസന്ധി നേരിടുന്നതില്‍ സര്‍ക്കാരിന് എല്ലാ പിന്തുണയും നല്‍കുമെന്ന് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ലോക്ക് ഡൗണ്‍ മൂലം ചെറുകിട ഇടത്തരം വ്യവസായ മേഖലയും കാര്‍ഷിക മേഖലയും കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്.
കാര്‍ഷിക മേഖല കഴിഞ്ഞാന്‍ ഏറ്റവും കൂടുതല്‍ തൊഴിലവസരങ്ങള്‍ രാജ്യത്ത് സൃഷ്ടിക്കുന്നത് ചെറുകിട ഇടത്തരം വ്യവസായങ്ങളാണ്. പ്രാധാന്യം കണക്കിലെടുത്ത് ഓരോ മേഖലയെക്കുറിച്ചും കോണ്‍ഗ്രസിന്റെ കൂടിയാലോചനാ സമിതി വിലയിരുത്തലുകള്‍ നടത്തുകയാണ്. ജന്‍ ധന് അക്കൗണ്ടുകളിലേക്കും പെന്ഷന് അക്കൗണ്ടുകളിലേക്കും പണം എത്തിക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്.
കൊറോണ വൈറസ് വ്യാപനം പ്രതിസന്ധി സൃഷ്ടിച്ചപ്പോള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ വൈകി. മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ താഴെയിറക്കാനുള്ള നീക്കങ്ങള്‍ നടത്തുന്നതിന്റെ തിരക്കായിരുന്നു അന്ന്. ഇനി രാഷ്ട്രീയം കളിക്കാനുള്ള സമയമില്ല. കേന്ദ്ര സര്‍ക്കാരിനോട് ഏറ്റുമുട്ടാനുള്ള സമയമല്ല, ക്രിയാത്മക നിര്‍ദ്ദേശങ്ങള്‍ കേന്ദ്രത്തിന് മുന്നില്‍വെക്കാനുള്ള സമയമാണെന്ന് രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു കഴിഞ്ഞുവെന്നും ജയറാം രമേശ് ചൂണ്ടിക്കാട്ടി.
ആരെയും കുറ്റപ്പെടുത്താനുള്ള സമയമല്ല ഇതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. എല്ലാവരും ഒന്നിച്ചുനിന്ന് പോരാട്ടം നടത്തിയാല്‍ മാത്രമെ കൊറോണണ വൈറസ് ബാധയെ ചെറുത്തു തോല്‍പ്പിക്കാനാകൂവെന്നും അദ്ദേഹം പറഞ്ഞു.