പ്രധാനമന്ത്രിയുടെ പിഎം കെയേഴ്സ് ദുരിതാശ്വാസ നിധിയുടെ പേരിൽ തട്ടിപ്പ്. സമൂഹമാധ്യമങ്ങളിലൂടെ വ്യാജ വെബ്സൈറ്റ് അഡ്രസ്സ് പ്രചരിപ്പിച്ചാണ് തട്ടിപ്പ് നടക്കുന്നത്. ബിജെപി നേതാക്കൾ അടക്കമുള്ളവർ ഈ വ്യാജ വെബ്സൈറ്റ് അഡ്രസ് പങ്കുവച്ചിട്ടുണ്ട്. അബദ്ധം മനസ്സിലാക്കിയ ചിലർ പിന്നീട് തങ്ങളുടെ പോസ്റ്റുകൾ ഡിലീറ്റ് ചെയ്തെങ്കിലും മറ്റു ചിലർ ഇനിയും അവ നീക്കം ചെയ്തിട്ടില്ല.
https://www.pmcares.gov.in/en/ എന്ന വെബ്സൈറ്റാണ് പ്രധാനമന്ത്രിയുടെ കെയേഴ്സ് ദുരിതാശ്വാസ നിധിയിയുടേത്. എന്നാൽ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കപ്പെടുന്നത് http://pmcaresfund.online/ എന്ന വെബ്സൈറ്റ് അഡ്രസ്സ് ആണ്. ഇത് ഏതോ വിരുതൻ വേർഡ്പ്രസിൽ ഉണ്ടാക്കിയ വെബ്സൈറ്റ് മാത്രമാണ്. ബിജെപി വക്താവ് ഷൈന എൻസി, മഹാരാഷ്ട്രയിലെ ബിജെപി എംപി ഉന്മേഷ് പാട്ടിൽ തുടങ്ങിയവരൊക്കെ ഈ വ്യാജ വെബ്സൈറ്റ് വിവരങ്ങൾ പങ്കുവച്ചിട്ടുണ്ട്.
മുതിർന്ന ബിജെപി നേതാക്കളടക്കം മറ്റു ചിലർ കൂടി ഈ വ്യാജ അഡ്രസ്സ് പങ്കുവച്ചിരുന്നു എങ്കിലും സമൂഹമാധ്യമങ്ങളിൽ വിവാദമായതോടെ ഈ പോസ്റ്റുകൾ അവർ നീക്കം ചെയ്തു.
അടുത്തിടെ മറ്റൊരു വ്യാജ അഡ്രസ് ഉപയോഗിച്ച് 52 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ രണ്ട് പേർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.