നഴ്‌സിന്റെ ഭര്‍ത്താവ് കൊറോണ പരത്താന്‍ ശ്രമിച്ചെന്നാരോപിച്ച് കേസ്

കോഴിക്കോട്: കൊറോണ രോഗികളെ പരിചരിക്കുന്ന നഴ്‌സിനെ ജോലിസ്ഥലത്ത്് എത്തിച്ച് മടങ്ങിവരികയായിരുന്ന ഭര്‍ത്താവിനെതിരെ കേസെടുത്ത് പൊലീസ്. രോഗം പരത്താന്‍ ശ്രമിച്ചെന്നാരോപിച്ചാണ് കേസ്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്നു മടങ്ങി വന്ന മലപ്പുറം മുതുവല്ലൂര്‍ സ്വദേശി ബിബേഷ് കുന്നത്തിനെതിരേയാണ് കോഴിക്കോട് മാവൂര്‍ പൊലീസ് കേസെടുത്തത്.

കോവിഡ് രോഗികളെ പരിചരിച്ചതിന്റെ ഭാഗമായി 14 ദിവസം വീട്ടില്‍ ക്വറിന്റീനില്‍ കഴിഞ്ഞ ശേഷം വീണ്ടും ജോലിയില്‍ പ്രവേശിക്കാനാണ് ഭാര്യയയുമായി ബിബേഷ് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് പോയത്. ഭാര്യയെ എത്തിച്ച ശേഷം ബൈക്കില്‍ മടങ്ങി വരികയായിരുന്ന ബിബേഷിനെ ഊര്‍ക്കടവില്‍ വച്ചാണ് മാവൂര്‍ പൊലീസ് തടഞ്ഞുവച്ചത്. വിവരം പറഞ്ഞപ്പോള്‍ തെളിവ് വേണമന്നായി. ബിബേഷ് ആവശ്യപ്പെട്ടതു പ്രകാരം നഴ്‌സിങ് സൂപ്രണ്ടിന്റെ ഔദ്യോഗിക സീലടക്കമുളള കത്ത് വാട്‌സാപ്പിലൂടെ കൈമാറി. എന്നാല്‍ ഫോണില്‍ വന്നത് കാണേണ്ടതില്ലെന്നു പറഞ്ഞ പൊലീസ് ബൈക്ക് സഹിതം സ്‌റ്റേഷനിലെത്തിച്ചു.

പകര്‍ച്ചവ്യാധി തടയുന്നതിന്റെ ഭാഗമായി 269, 336 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. കോവിഡ് രോഗികളെ പരിചരിക്കുന്ന ബിബേഷിന്റെ ഭാര്യയടക്കമുള്ള നഴ്‌സുമാര്‍ മെഡിക്കല്‍ കോളജില്‍ ദിവസങ്ങളോളം താമസിച്ചാണ് സേവനം ചെയ്യുന്നത്. ദിവസങ്ങള്‍ക്കു ശേഷം വീട്ടില്‍ മടങ്ങി എത്തിയശേഷവും ക്വാറന്റീനില്‍ കഴിയുന്ന നഴ്‌സിനും ഭര്‍ത്താവിനുമാണ് ഈ ദുരനുഭവം. മക്കളെയടക്കം ഇവര്‍ ബന്ധുവീടുകളിലേക്ക് മാറ്റിയിരിക്കുകയാണ്‌

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7