ന്യൂഡല്‍ഹി: കേരളത്തിന് സ്വന്തം നിലയ്ക്ക് ഹോട്സ്പോട്ടുകള്‍ മാറ്റാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. സംസ്ഥാനങ്ങളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഹോട്സ്പോട്ടുകള്‍ നിശ്ചയിച്ചത്. പട്ടികയില്‍ മാറ്റം വരുത്താന്‍ കേന്ദ്ര സര്‍ക്കാരുമായി ആശയവിനിമയം നടത്തണമെന്നും കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
ഹോട്ട്സ്പോട്ടുകള്‍ നിശ്ചയിച്ചതില്‍ പിഴവുണ്ടെങ്കില്‍ കേന്ദ്ര സര്‍ക്കാരിനെ സമീപിക്കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കേരളത്തില്‍ ഹോട്ട്സ്പോട്ട് ജില്ലകള്‍ നിശ്ചയിച്ചതില്‍ പാകപ്പിഴയുണ്ടെന്നും ഇത് മാറ്റണമെന്നും സംസ്ഥാന സര്‍ക്കാര്‍ നിലപാടെടുത്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ വിശദീകരണം.
കേന്ദ്ര ആരോഗ്യമന്ത്രാലയം മുന്നോട്ടുവെച്ച മൂന്നു മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് ഹോട്ട് സ്പോട്ടുകള്‍ നിശ്ചയിച്ചിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കിയിട്ടുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണിത്. ഇതില്‍പ്പെടാത്ത കൂടുതല്‍ ജില്ലകള്‍ ഹോട്ട് സ്പോട്ടുകളായി പ്രഖ്യാപിക്കാം എന്നതിലപ്പുറം സംസ്ഥാന സര്‍ക്കാരിന് ഒരു ജില്ലയെ പട്ടികയില്‍നിന്ന് ഒഴിവാക്കാന്‍ സാധിക്കില്ലെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്.
കേന്ദ്രത്തിന് ഇക്കാര്യത്തില്‍ പാകപ്പിഴകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ സംസ്ഥാനത്തിന് കേന്ദ്രത്തെ സമീപിക്കാമെന്നും മന്ത്രാലയം വ്യക്തമാക്കുന്നു. അതിന്റെ അടിസ്ഥാനത്തില്‍ തുടര്‍ തീരുമാനങ്ങള്‍ ഉണ്ടാകുമെന്നും കേന്ദ്രം വ്യക്തമാക്കുന്നു.
തീവ്രവ്യാപനസാധ്യതയുള്ള ഹോട്സ്പോട്ടുകളായി രാജ്യത്തെ 170 ജില്ലകളാണ് കേന്ദ്ര സര്‍ക്കാര്‍ കണ്ടെത്തിയിരിക്കുന്നത്. കേരളത്തിലെ ആറു ജില്ലകളാണ് ഹോട്സ്പോട്ടുകളായി കേന്ദ്രം പ്രഖ്യാപിച്ചിട്ടുള്ളത്; കാസര്‍കോഡ്, കണ്ണൂര്‍, മലപ്പുറം, എറണാകുളം, തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളാണ് ഇവ. വയനാട് ജില്ലയിലെ ചില മേഖലകളും ഹോട്സ്പോട്ടായി കേന്ദ്രം പ്രഖ്യാപിച്ചിട്ടുണ്ട്.
എന്നാല്‍ കേരളത്തില്‍ രോഗവ്യാപനം കൂടുതലുള്ള നാലു ജില്ലകള്‍ മാത്രം മതി ഹോട്ടസ്പോട്ടുകളുള്പ്പെടുന്ന റെഡ് സോണിലെന്നാണ് കേരള മന്ത്രിസഭായോഗം വിലയിരുത്തിയത്. കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളെയായിരിക്കും റെഡ് സോണില്‍ ഉള്‍പ്പെടുത്തുക. ഈ വിധത്തില്‍ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ സമീപിക്കും.