കേരളത്തില്‍ കുടുങ്ങിപ്പോയതിനാല്‍ രക്ഷപെട്ടു; വിദേശ ഫുട്‌ബോള്‍ കോച്ചിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു

പല വിദേശീയരും കൊറോണക്കാലത്ത് കേരളത്തില്‍ ആയതിനാല്‍ രക്ഷപെട്ടു എന്ന നിലപാടിലാണ്.
കൊറോണക്കാലത്ത് കേരളത്തില്‍ കുടുങ്ങിയത് അനുഗ്രഹമായെന്ന് വെളിപ്പെടുത്തി ബള്‍ഗേറിയന്‍ ഫുട്‌ബോള്‍ പരിശീലകന്‍ ദിമിതര്‍ പാന്‍ഡേവ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് വൈറല്‍. യൂറോപ്പിനെയാകമാനം വന്‍ പ്രതിസന്ധിയിലാഴ്ത്തിയ കൊറോണ വൈറസ് വ്യാപനത്തെ കേരളമെന്ന കൊച്ചു സംസ്ഥാനം നേരിട്ട രീതി വിശദീകരിച്ചും ഇത്തരമൊരു അവസ്ഥയില്‍ മുന്നില്‍നിന്നു നയിക്കുന്ന കേരള മുഖ്യമന്ത്രി പിണറായി വിജയനെയും ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചറിനെയും പുകഴ്ത്തിക്കൊണ്ടുള്ളതാണ് കുറിപ്പ്. വൈറസ് വ്യാപനത്തെ ചെറുക്കുന്നതില്‍ കേരളം കാഴ്ചവയ്ക്കുന്ന മികവ് രാജ്യാന്തര തലത്തില്‍ അംഗീകരിക്കപ്പെട്ടതിലുള്ള സന്തോഷവും പാന്‍ഡേവ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചിട്ടുണ്ട്.

ഇക്കഴിഞ്ഞ മാര്‍ച്ച് നാലിനാണ് ദുബായ് ആസ്ഥാനമായുള്ള കമ്പനിയുടെ ഒരു ഫുട്‌ബോള്‍ പരിശീലന പരിപാടിയുടെ ഭാഗമായി ദിമിതര്‍ പാന്‍ഡേവ് കേരളത്തിലെത്തിയത്. കേരളത്തിലെത്തിയ അന്നുമുതല്‍ തനിക്കുണ്ടായ സുന്ദരമായ അനുഭവങ്ങള്‍ വിവരിക്കുന്നതാണ് ഫെയ്‌സ്ബുക്ക് പോസ്റ്റ്. പാന്‍ഡേവിന്റെ കുറിപ്പിലെ പ്രസക്ത ഭാഗങ്ങള്‍ താഴെ.

‘അടുത്ത രണ്ട് മലയാളി സുഹൃത്തുക്കള്‍ക്കൊപ്പം മാര്‍ച്ച് നാലിനാണ് ഞാന്‍ കോഴിക്കോട് വിമാനത്താവളത്തില്‍ വന്നിറങ്ങിയത്. ഇവിടെ എനിക്ക് ലഭിച്ച സ്വീകരണം വാക്കുകള്‍ക്ക് അതീതം. മാത്രമല്ല, കേരളത്തിന്റെ പ്രകൃതിഭംഗി ദൈവത്തിന്റെ സ്വന്തം നാടെന്ന അതിന്റെ വിളിപ്പേരിനെ ശരിവയ്ക്കുന്നുമുണ്ട്.’

‘ഇവിടെയെത്തി ഏതാനും ദിവസങ്ങള്‍ക്കു ശേഷമാണ് കൊറോണ വൈറസ് മഹാവ്യാധിയായി പ്രഖ്യാപിക്കപ്പെട്ടത്. ഇതോടെ ലോകത്തെല്ലായിടത്തുമെന്നപോലെ കേരളത്തിലും വൈറസ് വ്യാപനത്തെ ചെറുക്കുന്നതിനുള്ള നടപടികള്‍ക്ക് തുടക്കമായി. ഈ സമയത്ത് നാട്ടിലേക്കു മടങ്ങാനാകാത്തതിനാല്‍ അതീവ സങ്കടത്തിലായിരുന്നു ഞാന്‍. ഇതിനു പുറമെയാണ് വൈറസ് വ്യാപനം നിമിത്തമുള്ള കനത്ത ആശങ്ക മനസ്സിനെ കീഴ്‌പ്പെടുത്തിയത്. എന്നാല്‍, കേരള മുഖ്യമന്ത്രി പിണറായി വിജയന്റെയും ആരോഗ്യമന്ത്രി ശൈലജ ടീച്ചറിന്റെയും നേതൃത്വത്തില്‍ ഈ പ്രതിസന്ധി ഘട്ടത്തെ കേരളം നേരിടുന്ന കാഴ്ച സത്യത്തില്‍ എന്റെ കണ്ണു തുറപ്പിച്ചു. അത്രയ്ക്ക് മികവോടെയാണ് ലഭ്യമായ സൗകര്യങ്ങള്‍വച്ച് ഇത്തരമൊരു വെല്ലുവിളിയെ അവര്‍ കൈകാര്യം ചെയ്തത്. അവരുടെ കഠിനാധ്വാനത്തിനും സമര്‍പ്പണത്തിനും രാജ്യാന്തര തലത്തില്‍ ലഭിച്ച അംഗീകാരം സന്തോഷം പകരുന്നു.’

‘പട്ടാമ്പി മുനിസിപ്പാലിറ്റി പരിധിയില്‍ ഞാന്‍ ക്വാറന്റീനില്‍ പ്രവേശിപ്പിക്കപ്പെട്ടതു മുതല്‍ മുതുതല ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പ്രിയ ദാസും മറ്റ് അധികൃതരും കൃത്യമായി എന്നെ പരിശോധിക്കുകയും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു. ആരോഗ്യ വിവരങ്ങള്‍ അറിയാന്‍ അവര്‍ എന്നും ഫോണില്‍ ബന്ധപ്പെടുന്നുമുണ്ട്. സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം പട്ടാമ്പി പൊലീസ് സ്‌റ്റേഷനിലെ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ മോഹനകൃഷ്ണനും വിദേശിയായ എന്നെ വളരെ കരുതലോടെയാണ് നിരീക്ഷിച്ചത്.’

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7