ഗുരുതരാവസ്ഥയില്‍ കഴിയുന്ന ബി.എസ്.എഫ്. ജവാനെ കാണാന്‍ പോകുന്നതിന് അമ്മയ്ക്കും ഭാര്യയ്ക്കും കലക്ടറുടെ അനുമതി

ജയ്പൂരില്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുന്ന ബി.എസ്.എഫ്. ജവാനെ കാണാന്‍ പോകുന്നതിന് അമ്മയ്ക്കും ഭാര്യയ്ക്കും കലക്ടറുടെ അനുമതി. മടുക്ക പനക്കച്ചിറ സ്വദേശി നെവുടപ്പള്ളില്‍ എന്‍.വി. അരുണ്‍ കുമാറാ(29)ണ് രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. ലോക്ക് ഡൗണ്‍ ആയതിനാല്‍ അരുണിന്റെ അടുത്തേക്കു പോകാന്‍ അമ്മയ്ക്കും ഭാര്യയ്ക്കും കഴിയാത്തതിനെത്തുടര്‍ന്ന് അധികൃതരെ സമീപിച്ചിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ കലക്ടര്‍ പി.കെ. സുധീര്‍ ബാബു അനുമതി നല്‍കുകയായിരുന്നു. തുടര്‍ന്ന് ജവാന്റെ അമ്മയും ഭാര്യയും ബന്ധുവും രണ്ടു ഡ്രൈവര്‍മാര്‍ക്കൊപ്പം കാറില്‍ പുറപ്പെട്ടു.

അരുണ്‍ പല്ലുവേദനയെത്തുടര്‍ന്നു മിലിട്ടറി ആശുപത്രി ചികിത്സയിലായെന്നാണ് ബന്ധുക്കള്‍ക്ക് ആദ്യം ലഭിച്ച വിവരം. ആദ്യമൊക്കെ വീട്ടുകാരെ വിവരം അറിയിക്കേണ്ട എന്ന നിലപാടിലായിരുന്നു അരുണ്‍. എന്നാല്‍, പിന്നീടു തന്നെ നോക്കാന്‍ അമ്മയെയും ഭാര്യയെയും വിളിക്കണമെന്ന് ആവശ്യപ്പെട്ടു. ആരോഗ്യനില വഷളായതോടെ ഇപ്പോള്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ശരീരത്തിലെ തൊലിയെല്ലാം നഷ്ടമായിത്തുടങ്ങിയെന്നും മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്കു മാറ്റിയെന്നും ബന്ധുക്കള്‍ക്കു വിവരം ലഭിച്ചിട്ടുണ്ട്.

ശരീരത്തിലെ മസിലുകള്‍ക്കുണ്ടാകുന്ന കടുത്ത വേദനയാണ് അരുണിനെ തളര്‍ത്തിയിരിക്കുന്നതെന്നും ഇപ്പോള്‍ വേണ്ടതു അമ്മയുടെയോ ഭാര്യയുടെയോ സാന്നിധ്യമാണെന്നും മലയാളി ഡോക്ടര്‍ അഖിലേഷ്, മാതാവായ ഷീലാ വാസനെ ഫോണില്‍ അറിയിച്ചു. അതോടെ, മകന്റെ അടുത്തേക്കു പോകാന്‍ സൗകര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ട് മാതാവ് ഷീല, ഭാര്യ പാര്‍വതി എന്നിവര്‍ സംസ്ഥാന സര്‍ക്കാരിനെ സമീപിച്ചു. എന്നാല്‍, അതിര്‍ത്തി കടന്നുള്ള യാത്രയ്ക്കു തടസമുള്ളതിനാല്‍ കേന്ദ്ര സഹായം വേണ്ടിവരും എന്ന അവസ്ഥയിലായിരുന്നു. ബി.ജെ.പി. ജില്ലാ സെക്രട്ടറി വി.സി. അജി മുഖേന എം.പിമരായ സുരേഷ് ഗോപി, അല്‍ഫോണ്‍സ് കണ്ണന്താനം എന്നിവര്‍ ഇടപെട്ടിരുന്നു. കഴിഞ്ഞ ഫെബ്രുവരി ആറിന് അരുണ്‍കുമാര്‍ നാട്ടിലെത്തിയിരുന്നു. മകള്‍ അദ്രഞ്ജനയുടെ ഒന്നാം ജന്മദിനത്തിനെത്തിയ അരുണ്‍ 28 നു തിരികെ പോയി.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7