കാസര്‍ഗോഡ് നാല് ഇടങ്ങളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. നേരത്തെയുണ്ടായിരുന്ന നിയന്ത്രണങ്ങള്‍ കുറച്ചുകൂടി കടുപ്പിച്ചിരിക്കുകയാണ് ജില്ലാ ഭരണകൂടം. കാസര്‍ഗോട്ടെ നാല് ഇടങ്ങളിലാണ് ട്രിപ്പിള്‍ ലോക്ക് ഡൗണ്‍. ഈ പ്രദേശങ്ങളിലെ ഓരോ മേഖലകള്‍ തിരിച്ച് പൊലീസിന്റെ കൃത്യമായ നിരീക്ഷണത്തിലായിരിക്കും. പ്രദേശവാസികള്‍ക്ക് പൊലീസുകാര്‍ തന്നെ വീട്ടില്‍ സാധനങ്ങള്‍ എത്തിച്ച് കൊടുക്കും. ആളുകളെ തീരെ പുറത്തിറക്കാത്ത വിധത്തിലാണ് നിയന്ത്രണങ്ങള്‍ കല്‍പ്പിച്ചിരിക്കുന്നത്. ഇതിന് പുറമെ പ്രദേശത്ത് ഡ്രോണ്‍ നിരീക്ഷണവുമുണ്ടാകും.
കാസര്‍ഗോഡ് അതിജീവനത്തിന്റെ പാതയിലാണെങ്കിലും സമ്പര്‍ക്ക പട്ടികയിലുള്ള മൂന്ന് പേര്‍ക്ക് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. മുളിയാറിലെ രണ്ട് സ്ത്രീകള്‍ക്കും 17 കാരനായ തളങ്കര സ്വദേശിക്കുമാണ് പുതുതായി വൈറസ് ബാധ കണ്ടെത്തിയത്. ഇതോടെ രണ്ടാം ഘട്ടത്തില്‍ സമ്പര്‍ക്ക പട്ടികയിലെ 60 പേരുള്‍പെടെ 163 പേര്‍ക്ക് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചു. കാസര്‍ഗോഡ് മെഡിക്കല്‍ കോളജിലെ കൊവിഡ് 19 ആശുപത്രിയില്‍ 13 രോഗബാധിതരാണ് ചികിത്സയില്‍ കഴിയുന്നത്. രോഗം സ്ഥിരീകരിച്ചും സംശയിച്ചും ആശുപത്രിയില്‍ കഴിയുന്ന 260 പേരുള്‍പ്പെടെ 10721 പേരാണ് ജില്ലയില്‍ നീരീക്ഷണത്തില്‍ ഉള്ളത്.
അതേസമയം കൊവിഡ് 19 ബാധിച്ച് ചികിത്സയിലായിരുന്ന മാഹി സ്വദേശി മരിച്ചു. മാഹി ചെറുകല്ലായി സ്വദേശി പി മഹ്‌റൂഫ് ആണ് മരിച്ചത്. 71 വയസായിരുന്നു. കൊവിഡ് ബാധിച്ച് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ രണ്ട് ദിവസമായി ഇദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരാവസ്ഥയിലായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
വൃക്കരോഗവും ഹൃദ്രോഗവും ഉള്ള മഹറൂഫിന്റെ ആരോഗ്യ സ്ഥിതിയില്‍ നേരത്തെ ആരോഗ്യവകുപ്പ് ആശങ്ക രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ഇദ്ദേഹത്തിന് എവിടെ നിന്നാണ് രോഗിബാധിതനായതെന്ന കാര്യം വ്യക്തമല്ല.