ന്യൂഡല്‍ഹി: ലോക്ക്ഡൗണിനു ശേഷവും ഇന്ത്യയിലെ ഹോട്ടലുകളും റെസ്‌റ്റോറന്റുകളും ഒക്ടോബര്‍ 15 വരെ അടച്ചിടുമെന്ന വാര്‍ത്ത വ്യാജമെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ. ഹോട്ടലുകളും റെസ്‌റ്റോറന്റുകളും ഒക്ടോബര്‍ 15 വരെ അടച്ചിടുമെന്ന് ടൂറിസം മന്ത്രാലയം അറിയിച്ചു എന്ന തരത്തില്‍ വ്യാജവാര്‍ത്ത വ്യാപകമായി പ്രചരിച്ച സാഹചര്യത്തിലാണ് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ തന്നെ വിവരം വ്യാജമാണെന്ന ട്വീറ്റുമായി രംഗത്തുവന്നിരിക്കുന്നത്.
‘ഒക്ടോബര്‍ 15 2020 വരെ ഹോട്ടലുകളും റെസ്‌റ്റോറന്റുകളും അടച്ചിടുമെന്ന വ്യാജ ഉത്തരവില്‍ ജാഗ്രത പുലര്‍ത്തുക. ആ ഉത്തരവ് വ്യാജമാണ്. അത് ടൂറിസം മന്ത്രാലയം പുറപ്പെടുവിച്ചതുമല്ല. ഊഹാപോഹങ്ങളില്‍ വിശ്വസിക്കരുത്.’ എന്നാണ് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്ട് ചെക്ക് അക്കൗണ്ട് ട്വീറ്റ് ചെയ്തത്.
ലോക്ക്ഡൗണ്‍ കാലത്ത് ഹോട്ടലുകളും റസെ്‌റ്റോറന്റുകളും തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ അനുമതിയില്ല. അതേസമയം, ഭക്ഷണം വീട്ടിലെത്തിച്ച് കൊടുക്കുന്ന സേവനങ്ങള്‍ക്ക് ലോക്ക്ഡൗണ്‍ കാലത്ത് ഇളവുകള്‍ നല്‍കിയിട്ടുമുണ്ട്. ഇങ്ങനെയായിരിക്കെയാണ് ലോക്ക്ഡൗണിനു ശേഷം ഹോട്ടലുകള്‍ തുറക്കില്ലെന്ന വ്യാജ വാര്‍ത്ത ഫെയ്‌സ്ബുക്ക് വഴിയും വാട്‌സാപ്പ് വഴിയും പ്രചരിച്ചത്.
രാജ്യത്ത് ഇതിനകം 166 കോവിഡ് മരണങ്ങളും 5734 കോവിഡ് കേസുകളും സ്ഥിരീകരിച്ചതോടെ ലോക്ക്ഡൗണ്‍ പൂര്‍ണ്ണമായും എടുത്തുകളയില്ലെന്ന സൂചന കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നല്‍കിയിരുന്നു.