കയ്യടിക്കേണ്ടത് ഇവിടെയാണ്…!!! കൊറോണയില്‍നിന്ന് കരകയറാന്‍ ഇറ്റലിയിലേക്ക് കമ്മ്യൂണിസ്റ്റ് ക്യൂബന്‍ സംഘം

കൊറോണ വൈറസ് ബാധ ഏറ്റവും രൂക്ഷമായി ബാധിച്ചത് ഇറ്റലിയെയാണ്. ശനിയാഴ്ച മാത്രം ഇവിടത്തെ മരണ സംഖ്യ ക്രമാതീതമായി ഉയര്‍ന്നു. ഈസമയം ഇറ്റലിയെ സഹായിക്കാന്‍ ഡോക്ടര്‍മാരെയും നഴ്‌സുമാരെയും അയച്ചതായി ക്യൂബ അറിയിച്ചു. ഇറ്റലിയില്‍ കോവിഡ് രോഗം ഏറ്റവും ഗുരുതരമായി ബാധിച്ച ലംബാര്‍ഡി മേഖലയിലാണ് അഭ്യര്‍ഥന അനുസരിച്ച് ക്യൂബന്‍ മെഡിക്കല്‍ സംഘം പ്രവര്‍ത്തിക്കുക. 1959ലെ വിപ്ലവത്തിനുശേഷം ലോകത്തെ ദുരിതമനുഭവിക്കുന്ന രാജ്യങ്ങളിലേക്ക് ‘വെളുത്ത കുപ്പായക്കാരുടെ സൈന്യത്തെ’ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ക്യൂബ അയയ്ക്കാറുണ്ട്.

പ്രധാനമായും ദരിദ്ര രാജ്യങ്ങള്‍ക്കാണു ക്യൂബ സഹായം നല്‍കാറുള്ളത്. 2010ല്‍ ഹെയ്തിയില്‍ കോളറ ബാധിച്ചപ്പോഴും പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ എബോള ബാധിച്ചപ്പോഴും അതിനെതിരായ പോരാട്ടത്തില്‍ മുന്‍നിരയില്‍നിന്നത് ക്യൂബയില്‍നിന്നെത്തിയ ഡോക്ടര്‍മാരായിരുന്നു. ലോകത്തിലെ സമ്പന്ന രാജ്യങ്ങളിലൊന്നായ ഇറ്റലിയിലേക്ക് ഇതാദ്യമായാണു ക്യൂബന്‍ സംഘം എത്തുന്നത്. ലോകമാകെ കൊറോണ വൈറസ് പടര്‍ന്നുപിടിച്ച സാഹചര്യത്തില്‍ വിദഗ്ധരുടെ ആറാമതു സംഘത്തെയാണു ക്യൂബ വിദേശരാജ്യങ്ങളിലേക്കു കഴിഞ്ഞ ദിവസം അയച്ചത്.

സോഷ്യലിസ്റ്റ് രാജ്യമായ വെനസ്വേല, നിക്കരാഗ്വ, ജമൈക്ക, ഗ്രനാഡ, സുറിനാം എന്നിവിടങ്ങളിലും ക്യൂബന്‍ സംഘം കൊറോണയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നുണ്ട്. ഞങ്ങള്‍ക്കെല്ലാവര്‍ക്കും ഭയമുണ്ട്. എന്നാല്‍ വിപ്ലവകരമായ ചുമതല നിറവേറ്റേണ്ടതുണ്ട്. അതിനായി ഭയത്തെ ഒരു ഭാഗത്തേക്കു മാറ്റിനിര്‍ത്തുകയാണെന്നു ക്യൂബന്‍ സംഘത്തിലെ ഇന്റന്‍സീവ് കെയര്‍ സ്‌പെഷലിസ്റ്റ് ലിയോണാര്‍ഡോ ഫെര്‍ണാണ്ടസ് രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിനോടു പറഞ്ഞു. ഞങ്ങള്‍ സൂപ്പര്‍ ഹീറോകളല്ല, റെവല്യൂഷനറി ഡോക്ടര്‍മാരാണെന്നും അദ്ദേഹം വ്യക്തമാക്കി. ലൈബീരിയയില്‍ എബോള സമയത്തു സേവനം അനുഷ്ഠിച്ചിരുന്ന ഫെര്‍ണാണ്ടസിന്റെ വിദേശത്തുള്ള എട്ടാമതു പ്രവര്‍ത്തനമാണിത്.

ഇറ്റലിയിലെ ക്ഷേമകാര്യ വിഭാഗം തലവന്‍ ഗിലിയോ ഗലേറയാണു ചികിത്സയ്ക്കായി ക്യൂബയുടെ സഹായം ആവശ്യപ്പെട്ടത്. വികസിത രാജ്യങ്ങള്‍ക്കുപോലും അസൂയയുണ്ടാക്കുന്ന വളര്‍ച്ചയാണ് ആരോഗ്യക്ഷേമ കാര്യത്തില്‍ കമ്യൂണിസ്റ്റ് ഭരണകൂടമുള്ള ക്യൂബ കൈവരിച്ചിട്ടുള്ളത്. സോവിയറ്റ് യൂണിയന്റെ സാമ്പത്തിക സഹായത്തോടെയായിരുന്നു ക്യൂബയുടെ ഈ രംഗത്തെ വളര്‍ച്ച. എന്നാല്‍ സോവിയറ്റ് യൂണിയന്‍ തകര്‍ന്നതോടെ അവരുടെ സാമ്പത്തിക സഹായവും ക്യൂബയ്ക്കു ലഭിക്കാതായി.

പതിറ്റാണ്ടുകള്‍ നീണ്ട യുഎസ് ഉപരോധവും രാജ്യത്തിന്റെ സാമ്പത്തിക പ്രശ്‌നങ്ങളും ക്യൂബയിലെ ആശുപത്രികളുടെ പ്രവര്‍ത്തനത്തെ കാര്യമായി തന്നെ ബാധിച്ചിട്ടുണ്ട്. വിദേശത്തുള്ള ഡോക്ടര്‍മാരെ മാറ്റിനിര്‍ത്തിയാല്‍ പോലും ലോകത്തില്‍ ഏറ്റവുമധികം ഡോക്ടര്‍മാരുള്ള രാജ്യങ്ങളിലൊന്നാണു ക്യൂബ. ദുരന്തമുഖങ്ങളില്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്ന ക്യൂബന്‍ വൈദ്യസംഘങ്ങളുടെ മികവു ലോകപ്രശസ്തമാണ്. ഒരു പ്രശ്‌നം വന്നപ്പോള്‍ ക്യൂബന്‍ സര്‍ക്കാരും അവിടത്തെ ജനങ്ങളും അവസരത്തിനൊത്ത് ഉയരുകയായിരുന്നെന്ന് ക്യൂബയുടെ സഹായം സ്വീകരിച്ചിരുന്ന ജമൈക്കയുടെ ആരോഗ്യമന്ത്രി ക്രിസ്റ്റഫന്‍ ടഫ്റ്റന്‍ പ്രതികരിച്ചു. കിങ്സ്റ്റന്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നേരിട്ടെത്തിയാണ് ജമൈക്കന്‍ മന്ത്രി 140 അംഗ ക്യൂബന്‍ സംഘത്തിന് ആശംസകള്‍ അറിയിച്ചത്.

കൊറോണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ കരീബിയന്‍ രാജ്യങ്ങളൊന്നും അടുപ്പിക്കാതിരുന്ന ബ്രിട്ടിഷ് കപ്പലിനു ക്യൂബയില്‍ പ്രവേശനം അനുവദിച്ചിരുന്നു. അറുനൂറിലധികം യാത്രക്കാരാണു കപ്പലിലുണ്ടായിരുന്നത്. ഇതിനു ബ്രിട്ടന്‍ ക്യൂബയ്ക്കുള്ള നന്ദിയും അറിയിക്കുകയും ചെയ്തു. വിദേശ രാജ്യങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം സ്വന്തം നാട്ടിലും കൊറോണ വൈറസിനെതിരായ പ്രതിരോധം ഊര്‍ജിതമാക്കിയിരിക്കുകയാണു ക്യൂബന്‍ ഡോക്ടര്‍മാര്‍. ക്യൂബയില്‍ ഇതുവരെ 25 കൊറോണ കേസുകളാണു റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

വൈറസ് ഭീഷണിയുള്ളതിനാല്‍ ചൊവ്വാഴ്ച മുതല്‍ രാജ്യത്തിന്റെ അതിര്‍ത്തികള്‍ അടയ്ക്കുമെന്ന് പ്രസിഡന്റ് മിഗ്വല്‍ ദയസ് കാനല്‍ അറിയിച്ചു. വിദേശികള്‍ക്കു ക്യൂബയില്‍ പ്രവേശിക്കാനും അനുമതിയില്ല. ഇതു രാജ്യത്തെ ടൂറിസം, സമ്പദ്‌വ്യവസ്ഥ എന്നിവയെ ഗുരുതരമായി തന്നെ ബാധിക്കുമെന്നാണു കരുതുന്നത്. ക്യൂബയില്‍ മെഡിക്കല്‍ വിദ്യാര്‍ഥികളും ഡോക്ടര്‍മാരും ഓരോ വീടുകളും കയറിയിറങ്ങിയാണു പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7
Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/pathramon...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('livewaf') #2 {main} thrown in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51