ഡല്‍ഹി: കൊറോണ വൈറസ് ഭീതിയില്‍ ക്വാറന്റീനില്‍ കഴിയുന്നവര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നത് പ്രധാനമന്ത്രിയുടെ പ്രസംഗങ്ങള്‍. കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം വര്‍ധിക്കുന്നതിനൊപ്പം സര്‍ക്കാര്‍ സംവിധാനങ്ങളില്‍ ക്വാറന്റീന്‍ ചെയ്യുന്നവരുടെ എണ്ണവും വര്‍ധിക്കുന്നു. മോദിയുടെ പ്രസംഗങ്ങള്‍ ഉള്‍പ്പെടുന്ന പുസ്തകങ്ങളാണ് ക്വാറന്റീനില്‍ കഴിയുന്നവര്‍ക്ക് കൊടുക്കുകയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
‘പ്രധാനമന്ത്രിയുടെ പ്രസംഗങ്ങളുടെ പകര്‍പ്പ് അതിഥികള്‍ക്കും സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കുമൊക്കെ പല അവസരങ്ങളിലും നല്‍കാറുണ്ട്. ഇത്തരം പുസ്തകങ്ങളാണു സര്‍ക്കാരിന്റെ ക്വാറന്റീന്‍ സംവിധാനത്തില്‍ കഴിയുന്നവര്‍ക്കു നല്‍കുക’ – ഇക്കാര്യത്തെക്കുറിച്ച് അറിയാവുന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ പറയുന്നു.
പ്രധാനമന്ത്രിമാരുടെ പ്രസംഗങ്ങളെല്ലാം വര്‍ഷങ്ങളായി കേന്ദ്രസര്‍ക്കാര്‍ പ്രസിദ്ധീകരിക്കാറുണ്ട്. അതുപോലെതന്നെ മോദിയുടെ പ്രസംഗങ്ങള്‍ എന്‍ഡിഎ സര്‍ക്കാരും പ്രസിദ്ധീകരിക്കുന്നുണ്ട്. മാസാമാസം ഉള്ള റേഡിയോ പ്രഭാഷണമായ ‘മന്‍ കി ബാതിന്റെ’ റെക്കോര്‍ഡിങ്ങുകള്‍ ഓള്‍ ഇന്ത്യ റേഡിയോയുടെ വെബ്‌സൈറ്റിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
14 ദിവസമാണ് ക്വാറന്റീനില്‍ കഴിയേണ്ടത്. സാഹചര്യത്തെ നേരിടാന്‍ പെട്ടെന്നുണ്ടാക്കിയ ക്വാറന്റീന്‍ കേന്ദ്രങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങളായ കിടക്ക, പുതപ്പ്, ഭക്ഷണം, വെള്ളം, സോപ്പ് തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്. അവര്‍ക്ക് ഇതുവരെ വായിക്കാനുള്ള കാര്യങ്ങള്‍ ഒരുക്കിയിട്ടില്ല.