തിരുവനന്തപുരം: അതിക്രമത്തിനിരയായ വിനോദ സഞ്ചാരിയായ വനിതയുടെ പരാതിയിൽ കേസെടുക്കാൻ വർക്കല പൊലീസ് തയാറായില്ലെന്ന് ആരോപണം. മണിക്കൂറുകൾ പൊലീസ് സ്റ്റേഷനിൽ കാത്തുനിന്നിട്ടും ഉപരാഷ്ട്രപതിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട തിരക്കുകൾ ഉണ്ടെന്ന കാരണം പറഞ്ഞ് പരാതി ഒതുക്കിത്തീർക്കാനാണ് പൊലീസ് ശ്രമിച്ചതെന്ന് മുംബൈ സ്വദേശിയായ യുവതി പറയുന്നു. നിർഭയ ദിനവുമായി ബന്ധപ്പെട്ട് പൊതുവിടങ്ങൾ സ്ത്രീകളുടേത് കൂടിയാക്കാനുള്ള പ്രവർത്തനങ്ങളുമായി സർക്കാർ മുന്നോട്ടു പോകുമ്പോൾ തന്നെയാണ് സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾക്ക് കേസെടുക്കാൻ പൊലീസ് തയാറാവാത്തത്.
വർക്കല ബീച്ചിൽ സർഫിങ് പരിശീലനത്തിനിടെ പരിശീലകൻ ലൈംഗികമായി അതിക്രമിക്കാൻ ശ്രമിച്ചെന്നാണ് പരാതി. ഉച്ചയ്ക്ക് നടന്ന സംഭവത്തിനു ശേഷം ഉടൻ തന്നെ പരാതിയുമായി വർക്കല പൊലീസ് സ്റ്റേഷനിലെത്തി. പരാതി എഴുതി നൽകാൻ പൊലീസ് ആവശ്യപ്പെട്ടെങ്കിലും 4 മണിക്കൂറിലധികം കാത്ത് നിന്നിട്ടും കേസെടുക്കാൻ തയാറായില്ല. അയാൾക്ക് ഭാര്യയും കുട്ടികളും ഉള്ളതിനാൽ കേസ് ഒത്തുതീർപ്പ് ചെയ്യാനാണ് പൊലീസ് ആവശ്യപ്പെട്ടതെന്നും യുവതി പറയുന്നു.
വൈസ് പ്രസിഡന്റിന്റെ സന്ദർശനമുള്ളതിനാൽ തിരക്കുണ്ടെന്ന് പൊലീസ് ആവർത്തിച്ചതിനെത്തുടർന്ന് യുവതി മടങ്ങിപ്പോകുകയായിരുന്നു. അതിനടുത്ത ദിവസം വീണ്ടും പരാതിയുമായി ചെന്ന യുവതിയോട് ‘വെള്ളത്തിനിടയിൽ വച്ച് സംഭവിച്ച കാര്യമായതിനാൽ ഞങ്ങൾക്ക് നടപടി എടുക്കാൻ കഴിയില്ലെന്നും തീരദേശ പൊലീസിനോട് പരാതിപ്പെടണം’ എന്നുമാണ് പൊലീസ് നൽകിയ മറുപടി. 2 മണിക്കൂറിലധികം കാത്തുനിന്നിട്ടും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് പരാതി കൈമാറാനുള്ള സഹായം പോലും ഉണ്ടായില്ലെന്നും കേരളത്തിൽ നിന്ന് ഇത്തരമൊരു അനുഭവം ഉണ്ടായത് ഖേദകരമാണെന്നും യുവതി പറയുന്നു.