ന്യൂഡല്‍ഹി: മുതിര്‍ന്ന ബി.ജെ.പി. നേതാവും മുന്‍ ധനകാര്യ മന്ത്രിയുമായ അരുണ്‍ ജെയ്റ്റ്ലി(66) അന്തരിച്ചു. ഡല്‍ഹി എയിംസ് ആശുപത്രിയില്‍ ഇന്ന് 12.30 ഓടെയായിരുന്നു അന്ത്യം. ഒരാഴ്ചയിലേറെയായി വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ജെയ്റ്റ്ലിയുടെ ജീവന് നിലനിര്‍ത്തിയിരുന്നത്. ശ്വസന പ്രശ്നങ്ങളെ തുടര്‍ന്ന് ഈ മാസം ഒമ്പതിനാണ് ജെയ്റ്റ്ലിയെ എയിംസില്‍ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ചയോടെ ആരോഗ്യനില കൂടുതല്‍ വഷളായതായി മെഡിക്കല്‍ ബുള്ളറ്റിനുണ്ടായിരുന്നു. രാഷ്ട്രപതി രാംനാഥ് കോവിന്ദും വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും ജെയ്റ്റ്ലിയെ കഴിഞ്ഞ ദിവസങ്ങളില്‍ ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നു.
ചികിത്സാ രീതികളെല്ലാം പരാജയപ്പെട്ടു. പൂര്‍ണ്ണമായും യന്ത്രങ്ങളുടെ സഹായത്തോടെയാണ് ജെയ്റ്റ്ലിയുടെ ജീവന് നിലനിര്‍ത്തുന്നതെന്ന് ആശുപത്രി അധികൃതരും ഇന്ന് രാവിലയോടെ അറിയിച്ചിരുന്നു.
ഒന്നാം മോദി സര്‍ക്കാരില്‍ ധനമന്ത്രിയായാണ് അരുണ്‍ ജെയ്റ്റ്ലി ശ്രദ്ധേയനായത്. ആദ്യം ധനകാര്യ മന്ത്രാലയത്തിനൊപ്പം പ്രതിരോധവകുപ്പിന്റെയും ചുമതല വഹിച്ചിരുന്നു. അരുണ്‍ ജെയ്റ്റ്ലി ധനമന്ത്രിയായിരുന്ന സമയത്താണ് രാജ്യത്ത് നോട്ടുനിരോധനവും ജി.എസ്.ടി.യും നടപ്പിലാക്കിയത്. വൃക്കസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് 2018 ഏപ്രില്‍ മുതല്‍ നാലുമാസം മന്ത്രാലയത്തിന്റെ പ്രവര്‍ത്തനങ്ങളില്‍നിന്ന് വിട്ടുനിന്നു. ഇതിനിടെ ഡല്‍ഹി എയിംസില്‍ വൃക്ക മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്കും വിധേയനായി. പിന്നീട് 2018 ഓഗസ്റ്റ് 23-നാണ് അരുണ്‍ ജെയ്റ്റ്ലി മന്ത്രാലയത്തില്‍ തിരികെയത്തി ചുമതല ഏറ്റെടുത്തത്. ആരോഗ്യപ്രശ്നങ്ങള്‍ കാരണം 2019-ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നില്ല.
1952 ഡിസംബര്‍ 28-ന് ഡല്‍ഹിയിലാണ് അരുണ്‍ മഹാരാജ് കിഷന് ജെയ്റ്റ്ലി എന്ന അരുണ്‍ ജെയ്റ്റ്ലിയുടെ ജനനം. ഡല്‍ഹി സെന്റ് സേവ്യേഴ്സ് സ്കൂല്‍നിന്ന് സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അദ്ദേഹം ശ്രീറാം കോളേജ് ഓഫ് കൊമേഴ്സില്‍നിന്ന് കൊമേഴ്സില്‍ ഓണേഴ്സ് ബിരുദം നേടി. തുടര്‍ന്ന് ഡല്‍ഹി യൂണിവേഴ്സിറ്റിയില്‍ എല്‍.എല്‍.ബി.യും പൂര്‍ത്തിയാക്കി.
1970-കളില്‍ ഡല്‍ഹി സര്‍വകലാശാലയിലെ പഠനകാലത്ത് എബിവിപിയിലൂടെയായിരുന്നു രാഷ്ട്രീയപ്രവേശം.1974-ല്‍ ഡല്‍ഹി സര്‍വകലാശാല യൂണിയന് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. അടിയന്തരാവസ്ഥകാലത്ത് 19 മാസം കരുതല്‍ തടങ്കലിലായിരുന്നു. എബിവിപിയുടെ ഡല്‍ഹി പ്രസിഡന്റായും അഖിലേന്ത്യാ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു.
മുതിര്‍ന്ന അഭിഭാഷകനായിരുന്ന അരുണ്‍ ജെയ്റ്റ്ലി ഡല്‍ഹി ഹൈക്കോടതിയിലും സുപ്രീംകോടതിയിലും അഭിഭാഷകനായി പ്രാക്ടീസ് ചെയ്തിരുന്നു. വി.പി. സിങ് സര്‍ക്കാരിന്റെ കാലത്ത് അഡീഷണല്‍ സോളിസിറ്റര്‍ ജനറലായും പ്രവര്‍ത്തിച്ചു.
18 വര്‍ഷത്തോളം രാജ്യസഭയില്‍ ഗുജറാത്തിനെ പ്രതിനിധീകരിച്ച അദ്ദേഹം പിന്നീട് ഉത്തര്‍പ്രദേശില്‍നിന്നും രാജ്യസഭയിലെത്തി. 1999-ലെ വാജ്പേയി സര്‍ക്കാരില്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിങ് വകുപ്പ് മന്ത്രിയായി. പിന്നീട് നിയമകാര്യ മന്ത്രാലയത്തിന്റെയും കമ്പനി അഫേഴ്സ് വകുപ്പിന്റെയും ചുമതലയേറ്റെടുത്തു. ഗതാഗതമന്ത്രാലയത്തെ വിഭജിച്ച് ഷിപ്പിങ് വകുപ്പ് രൂപവത്കരിച്ചപ്പോള്‍ ആദ്യമായി ചുമതല വഹിച്ചതും അരുണ്‍ ജെയ്റ്റ്ലിയായിരുന്നു.
രാജ്യസഭയില്‍ പ്രതിപക്ഷ നേതാവായും അദ്ദേഹം മികവ് തെളിയിച്ചു. സ്ത്രീ സംവരണ ബില്‍, ലോക്പാല്‍ ബില്‍ തുടങ്ങിയവ സഭയിലെത്തിയപ്പോള്‍ ചര്‍ച്ചകളില്‍ സജീവമായിരുന്നു.
2014-ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ അമൃത്സറില് മത്സരിച്ചെങ്കിലും നവജ്യോത് സിങ് സിദ്ദുവിനോട് പരാജയപ്പെട്ടു. എന്നാല്‍ രാജ്യസഭാംഗമായ അദ്ദേഹത്തെ ആദ്യ മോദി സര്‍ക്കാരില്‍ ഉള്‍പ്പെടുത്തി. ധനകാര്യ വകുപ്പിന് പുറമേ കോര്‍പ്പറേറ്റ് അഫേഴ്സ്, പ്രതിരോധ മന്ത്രാലയം എന്നിവയുടെയും ചുമതല വഹിച്ചിരുന്നു. പിന്നീട് മനോഹര്‍ പരീക്കറിനെ പ്രതിരോധ മന്ത്രിയായി നിയമിച്ചതോടെ പ്രതിരോധ വകുപ്പിന്റെ ചുമതലയൊഴിഞ്ഞു. പിന്നീട് 2017 മാര്‍ച്ച് 13 മുതല്‍ സെപ്റ്റംബര്‍ മൂന്നുവരെയും പ്രതിരോധ വകുപ്പിന്റെ ചുമതല വഹിച്ചു. ഇതുവരെ ഒരു പൊതുതിരഞ്ഞെടുപ്പിലും വിജയിച്ചിട്ടില്ലെന്നതും അദ്ദേഹത്തിന്റെ രാഷ്ട്രീയജീവിതത്തിലെ പ്രത്യേകതയാണ്.
ജമ്മു കശ്മീരിലെ മുന്‍ ധനമന്ത്രി ഗിര്‍ദാരി ലാല്‍ ദോഗ്രയുടെ മകള്‍ സംഗീത ജെയ്റ്റ്ലിയാണ് ഭാര്യ. സൊനാലി ജെയ്റ്റ്ലി, റോഹന്‍ ജെയ്റ്റ്ലി എന്നിവര്‍ മക്കളാണ്.