മുംബൈ: വെസ്റ്റിന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. വിരാട് കോലി തന്നെ മൂന്ന് ഫോര്‍മാറ്റുകളിലും ക്യാപ്റ്റനാകും. പര്യടനത്തിന് ഇല്ലെന്ന് എം.എസ്. ധോണി അറിയിച്ചതിനാല്‍ യുവതാരം ഋഷഭ് പന്ത് ഇന്ത്യയുടെ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറായി ടീമിലെത്തി. ഫാസ്റ്റ് ബോളര്‍ ജസ്പ്രിത് ബുമ്രയ്ക്ക് ഏകദിന, ട്വന്റി20 പരമ്പരകളില്‍ വിശ്രമം അനുവദിച്ചു. പക്ഷേ ടെസ്റ്റ് ടീമില്‍ ബുമ്രയെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
യുവ ബോളര്‍മാരായ നവ്ദീപ് സൈനി, ഖലീല്‍ അഹമ്മദ് എന്നിവര്‍ ഏകദിന, ട്വന്റി20 ടീമുകളിലുണ്ട്. ഇന്ത്യ എ ടീമില്‍ മികച്ച ബാറ്റിങ് പ്രകടനം കാഴ്ച വച്ച മനീഷ് പാണ്ഡെയും ശ്രേയസ് അയ്യരും ഏകദിന, ട്വന്റി20 ടീമുകളില്‍ ഇടം പിടിച്ചു. ലോകകപ്പിനിടെ പരുക്കേറ്റു പുറത്തായ ഓപണിങ് ബാറ്റ്‌സ്മാന്‍ ശിഖര്‍ ധവാനും ടീമിലേക്കു മടങ്ങിയെത്തി. ടെസ്റ്റ് ടീമിലേക്ക് വൃദ്ധിമാന്‍ സാഹ, രവിചന്ദ്രന്‍ അശ്വിന്‍, ഹനുമ വിഹാരി, ഉമേഷ് യാദവ് തുടങ്ങിയ താരങ്ങളും മടങ്ങിയെത്തി.
ഐപിഎല്ലിലെയും ആഭ്യന്തര ക്രിക്കറ്റിലേയും മികച്ച പ്രകടനത്തെ തുടര്‍ന്ന് രാജസ്ഥാന്‍ ലെഗ് സ്പിന്നര്‍ രാഹുല്‍ ചഹര്‍ ട്വന്റി20 ടീമില്‍ ഇടം നേടി. രാഹുലിന്റെ ബന്ധു ദീപക് ചഹറും ടീമിലുണ്ട്. ലോകകപ്പ് കളിച്ച ഇന്ത്യന്‍ ടീമില്‍നിന്ന് ദിനേഷ് കാര്‍ത്തിക്ക്, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ക്കും ബിസിസിഐ വിശ്രമം അനുവദിച്ചു. മൂന്ന് വീതം ട്വന്റി20, ഏകദിന മല്‍സരങ്ങളും രണ്ട് ടെസ്റ്റ് മല്‍സരങ്ങളുമാണ് ഇന്ത്യ, വിന്‍ഡീസ് പര്യടനത്തില്‍ കളിക്കുന്നത്. ഓഗസ്റ്റ് മൂന്നിന് പരമ്പരയ്ക്കു തുടക്കമാകും.