ലണ്ടന്‍: ഇറാന് പിടിച്ചെടുത്ത ബ്രിട്ടന്റെ എണ്ണക്കപ്പലില്‍ മലയാളികളും ഉള്ളതായി റിപ്പോര്‍ട്ട്. കപ്പല്‍ ജീവനക്കാരായ 23 പേരില്‍ 18 പേരും ഇന്ത്യക്കാരാണ്. ഇതില്‍ മൂന്നു പേര് മലയാളികളാണെന്നാണ് ഒടുവില്‍ കിട്ടുന്ന വിവരം. എറണാകുളം സ്വദേശികളായ മൂന്നു പേരാണ് കപ്പിലുള്ളത്. കളമശ്ശേരി സ്വദേശിയായ ഡിജോ പാപ്പച്ചനാണ് ഇതില്‍ ഒരാള്‍. ഡിജോയുടെ പിതാവിനെ കപ്പല്‍ കമ്പനി ഉദ്യോഗസ്ഥര്‍ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. പള്ളുരുത്തി, തൃപ്പൂണിത്തുറ സ്വദേശികളാണ് മറ്റ് രണ്ട് പേര് എന്നാണ് ഡിജോയുടെ വീട്ടുകാരില്‍ നിന്ന് ലഭിക്കുന്ന വിവരം. രണ്ട് ദിവസം മുമ്പ് വരെ ഡിജോയുമായി വീട്ടുകാര്‍ക്ക് സംസാരിക്കാന്‍ കഴിഞ്ഞിരുന്നു. ഒരുമാസം മുമ്പാണ് ഡിജോ ഈ കപ്പലില്‍ ജോലിക്ക് കയറിയത്.
കപ്പല്‍ ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡിന്റെ കസ്റ്റഡിയിലാണുള്ളത്. കപ്പല്‍ ഇറാന്റെ ഒരു മീന്പിടിത്തബോട്ടിനെ ഇടിച്ചതായി ഹോര്‍മുസ്ഗന്‍ പ്രവിശ്യയിലെ തുറമുഖ സമുദ്രകാര്യവിഭാഗം ഡയറക്ടര്‍ ജനറല്‍ അല്ലാമൊറാദ് അഫിഫിപോറിനെ ഉദ്ധരിച്ച് ഇറാന്റെ വാര്‍ത്താ ഏജന്‍സി ഇര്‍ന റിപ്പോര്‍ട്ട് ചെയ്തു. ബോട്ടിന്റെ ക്യാപ്റ്റന്‍ ബ്രിട്ടീഷ് കപ്പലുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അവര്‍ സിഗ്നല്‍ നല്‍കിയില്ലെന്നും ഡയറക്ടര്‍ ജനറല്‍ പറഞ്ഞു.
അപകടം വിളിച്ചുവരുത്തുന്നതാണ് ഇറാന്റെ നടപടിയെന്ന് ബ്രിട്ടീഷ് വിദേശകാര്യമന്ത്രി ജെറമി ഹണ്ട് മുന്നറിയിപ്പ് നല്കി. നിയമവിരുദ്ധമായ ഇത്തരം നീക്കങ്ങള്‍ കാര്യങ്ങള്‍ മാറ്റിമറിക്കും. കപ്പലുമായി ബന്ധപ്പെടാന്‍ ഉടമകള്‍ക്ക് കഴിഞ്ഞിട്ടില്ല. ഇറാനിയന്‍ അധികൃതരുമായി അവിടത്തെ ബ്രിട്ടീഷ് സ്ഥാനപതി ബന്ധപ്പെട്ടുവരികയാണ്.
ബ്രിട്ടന്റെ പതാക ഘടിപ്പിച്ച സ്വീഡന്റെ ഉടമസ്ഥതയിലുള്ള കപ്പലാണ് സ്റ്റെനാ ഇംപേരോ. സ്റ്റെന ബള്‍ക്ക് എന്ന കമ്പനിയാണ് ഉടമസ്ഥര്‍. ഹോര്‍മുസില്‍ ഇറാന് പിടിച്ചെടുത്തശേഷം കപ്പലിലെ ജീവനക്കാരുമായി ആശയവിനിമയം സാധ്യമാകുന്നില്ലെന്ന് കമ്പനി കഴിഞ്ഞദിവസം അറിയിച്ചിരുന്നു. ഹോര്‍മുസ് കടലിടുക്കില്‍വെച്ച് ചെറിയ കപ്പലും ഹെലികോപ്റ്ററും ബ്രിട്ടീഷ് കപ്പലിനെ സമീപിക്കുകയും കപ്പല്‍ ഇറാന്റെ സമുദ്രമേഖലയിലേക്ക് കൊണ്ടുപോവുകയുമായിരുന്നു.
ലൈബീരിയന്‍ പതാകയുള്ള എം.വി. മെസ്ദാര്‍ എന്ന മറ്റൊരു കപ്പലും ഇറാന് പിടിച്ചെടുത്തെങ്കിലും പിന്നീട് വിട്ടയച്ചു. ജീവനക്കാര്‍ സുരക്ഷിതരാണെന്ന് സ്റ്റെന ബള്‍ക്കിന്റെ പ്രസിഡന്റും ചീഫ് എക്സിക്യുട്ടീവുമായ എറിക് ഹാനെല്‍ അറിയിച്ചു. ബ്രിട്ടീഷ്, സ്വീഡിഷ് സര്‍ക്കാരുമായി വിഷയത്തില്‍ ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.