ഡിപ്രഷനും വേദനകളും ചേർന്ന കടന്നു പോയ ജീവിതത്തിലെ ഇരുണ്ട അധ്യായങ്ങളെക്കുറിച്ച് തുറന്നെഴുതുകയാണ് മാധ്യമപ്രവർത്തക ലിഷ അന്ന. ഒരുപാടു സ്ത്രീകളെ ഒരേ സമയം കൊണ്ടു നടക്കുന്ന ഒരുത്തനുമായുള്ള ബന്ധത്തിന്റെ അവസാനം,
സങ്കടക്കടലിൽ നിന്നും തിരിച്ചു കയറിയ നാളുകൾ എല്ലാം കുറിപ്പിലൂടെ വരച്ചിടുന്നു. ഒറ്റപ്പെടലിന്റെ നാളുകളിൽ താങ്ങുംതണലുമായ് കൂടെ നിന്ന ചങ്ങാതിമാരേയും ലിഷ കുറിപ്പില്‍ ചേർത്തു വയ്ക്കുന്നു ഫെയ്സ്ബുക്കിലാണ് ലിഷ അന്നയുടെ കുറിപ്പ്.
ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം;
തിരുവനന്തപുരത്തു നിന്ന് കരഞ്ഞു കലങ്ങിയായിരുന്നു കൊച്ചിയിലേയ്ക്ക് തിരിച്ചു വണ്ടി കയറിയത്. സങ്കടം മാത്രം തന്ന നഗരം. ഡിപ്രഷന്റെ വ്യാകുലതകള്‍. ഒരുപാടു സ്ത്രീകളെ ഒരേ സമയം കൊണ്ടു നടക്കുന്ന ഒരുത്തനുമായുള്ള ബന്ധത്തിന്റെ അവസാനം. അത് മുന്‍പേ തിരിച്ചറിയാതെ പോയതിലുള്ള അപമാനവും തിരിച്ചറിഞ്ഞിട്ടും അതില്‍ നിന്ന് പുറത്തു കടക്കാന്‍ കഴിയാതെ ചക്രവ്യൂഹത്തിനുള്ളില്‍ പെട്ടു കിടക്കുന്ന മനസ്സും മൂലം സ്വന്തം അസ്തിത്വത്തെത്തന്നെ സംശയിച്ച നാളുകള്‍.
അത്ര മേല്‍ പെട്ടു പോയൊരു പ്രണയം വേറെയില്ല. എനിക്കിന്നും ഓര്‍മ്മയുണ്ട്. ഈ ചെടിക്കുഞ്ഞിനോട് രാവെന്നോ പകലെന്നോ ഇല്ലാതെ കഥ പറഞ്ഞിരുന്നതും കരഞ്ഞതുമെല്ലാം. ഞാന്‍ പറയുന്നത് മുഴുവന്‍ അത് മൂളിക്കേള്‍ക്കും. ജനാലക്കല്‍ രണ്ടിലയില്‍ വിടര്‍ന്നു നിന്നിരുന്ന ആ ജീവനെ ഞാന്‍ പച്ചോന്മദച്ചെടിയെന്നു പേരിട്ട് വിളിച്ചു.
തനിച്ചിരിക്കാന്‍ പേടിയായിരുന്നു. രാത്രികളില്‍ ഇടയ്ക്കിടെ എവിടുന്നോ കേള്‍ക്കുന്ന ഒരു കുഞ്ഞിന്റെ കരച്ചില്. ഫാന്‍ പൊട്ടി വീഴുമെന്നും ഭൂമികുലുക്കം ഉണ്ടായി വീട് മേലെ മറിഞ്ഞു വീഴുമെന്നും തോന്നലുകള്‍. ഭൂമി അവസാനിക്കുന്നില്ല, ഞാന്‍ മാത്രം അവസാനിക്കും… യാത്ര ചെയ്യാനും എഴുതാനുമായി വീടു വരെ വിട്ട ഞാന്‍ ഇങ്ങനെയൊരു കാരണം കൊണ്ട് അവസാനിക്കുകയെന്നാല്‍ അതില്‍പ്പരമൊരു അപമാനം വേറെയില്ല.
ഹൃദയ വേദനയ്ക്ക് മേല്‍ ബുദ്ധിയുടെ പരിഹാസം. ഉള്ളില്‍ എന്നും പരസ്പരം യുദ്ധം വെട്ടുന്ന രണ്ടാളുകള്‍. ഒരാള്‍ പോരാളിയാണ്. അയാള്‍ക്ക് മറ്റേ വികാര ജീവിയോട് എന്നും പുച്ഛമായിരുന്നു. തളര്‍ന്നിരിക്കുന്ന നേരത്ത് അയാള്‍ കയ്യില്‍ ചാട്ടയുമായി കയറി വരും. തളര്‍ന്നിരിക്കുന്ന വികാര ജീവിയെ അറഞ്ചം പുറഞ്ചം അടിയാണ് പിന്നെ. പുറന്തോടിലത് ഹൈപ്പര്‍ടെന്‍ഷനും മറ്റു ആരോഗ്യപ്രശ്നങ്ങളുമായി പൊങ്ങി വരും.
വീട്ടില്‍ കിടന്നുറങ്ങാന്‍ പേടിയായിരുന്നു. വീട്ടിലെന്നല്ല, എവിടെയും. കണ്ണടയ്ക്കാനേ പേടിയായിരുന്നു. പകലൊക്കെ അരുണ്‍ ബ്രോ, ഉണ്ണിയേട്ടന്, സാമേട്ടന്, ഹിമ, ഷിയാസ്ക്ക, മനോഷ്… എനിക്കോര്‍മ്മയുണ്ട്, നിങ്ങളൊക്കെ ആ സമയത്ത് എന്നെ എത്രത്തോളം ചേര്‍ത്തു പിടിച്ചിട്ടുണ്ടെന്ന്. ഒറ്റക്കിരിക്കാന്‍ ഒരിക്കലും വിടാതെ ഓരോ ഒറ്റയ്ക്കല്ലെന്ന് ഓരോ സമയത്തും ചേര്‍ത്തു പിടിച്ച അരുണ്‍ ബ്രോ…
കനകക്കുന്നില്‍ പോയി അവിടുത്തെ പച്ചപ്പുല്ലില്‍ മലര്‍ന്നു കിടന്ന് ‘നമുക്ക് ആകാശത്തെ പുല്ലു പറിച്ചാലോ’ എന്ന ഏതോ കിളി പോയ നേരത്തെ ഡയലോഗ് ഇപ്പോഴും ഓര്‍ക്കുമ്പോ നിങ്ങളുടെ സ്നേഹമാണ്. ഒറ്റക്ക് കഴിക്കാന്‍ ഇഷ്ടമല്ലെന്ന് പറഞ്ഞ് ഞാന്‍ സമയത്ത് ഭക്ഷണം കഴിക്കുന്നുണ്ടെന്ന് എന്നും ഉറപ്പു വരുത്തുകയായിരുന്നു നിങ്ങള്‍ ചെയ്തിരുന്നതെന്ന് എനിക്കറിയാം. ഞാനെത്ര ഭാഗ്യം ചെയ്തിട്ടാണ് നിങ്ങളൊക്കെ എന്റെ ജീവിതത്തിലുണ്ടായത്…
രാത്രി എന്നാല്‍ പേടി എന്നൊരു അര്‍ത്ഥം കൂടിയുണ്ടായിരുന്നു. വീട്ടിലാണെങ്കില്‍ ഒരു പോള കണ്ണടയ്ക്കാതെ ഇരുട്ടത്തേയ്ക്ക് തുറിച്ചു നോക്കി ഇരിക്കും. തൊലിയൊക്കെ ചുളുങ്ങി. മുഖത്തൊക്കെ നിറയെ കറുത്ത പാടുകള്‍ വന്നു.
“ഷിയാസ്ക്ക ഫോട്ടോ എടുത്തപ്പോള്‍ എനിക്കാകെ എന്തോ പോലെ ആയി അളിയാ… മുഖമൊന്നും പുറത്തു കാണിക്കാന്‍ പോലും വയ്യ. ഞാനാകെ വയസ്സായി. ഇനി വേഗം മരിച്ചു പോകും.”
ഞാന്‍ വികാസിനോട് പറഞ്ഞു.
ശംഖുമുഖം കടപ്പുറത്ത് ഇരിക്കുകയായിരുന്നു ഞങ്ങള്‍. നേരം പാതിരായില്‍ നിന്ന് പുലര്ച്ചെയാകുന്ന എപ്പോഴോ.
എന്നും ഇതൊരു പതിവാണ്. അവനെ ഉറങ്ങാന്‍ വിടാറില്ല. രാത്രിയാകുമ്പോള്‍ എനിക്ക് പേടി വരും. നോക്കി നില്‍ക്കെ അത് കൂടും. അത് മാറണം എങ്കില്‍ എവിടെയെങ്കിലും പോയിരിക്കണം. ഒരു ബൈക്കില്‍ രണ്ടാത്മാക്കള് നഗരം ചുറ്റാനിറങ്ങും.
“ഒക്കെ മാറും അളിയാ… അളിയന് കിടുവാണ്. നമ്മളൊക്കെ ഒരു നാള് ഈ ദിവസമൊക്കെ ഓര്‍ത്ത് സന്തോഷിക്കും. അളിയന് കണ്ടോ…”
അവന് ആയിരുന്നു മാത്തന് നമ്പര്‍ 2. പ്രേമം അല്ലായിരുന്നു എന്നത് കൊണ്ടാണ് മാത്തന് നമ്പര്‍ 2 ആയത്.
എനിക്കെന്നെത്തന്നെ വിശ്വാസമില്ലായിരുന്നു. ഇത്രയും ബുദ്ധിയുണ്ടെന്ന് അഹങ്കരിച്ചിട്ടും രണ്ടു കൊല്ലം ഒന്നുമറിയാതെ ഇത്രയും ഈസിയായി മണ്ടിയായിപ്പോയ ഞാനിനി എന്തിന്റെ പേരിലാണ് സ്വയം വിശ്വസിക്കേണ്ടത്?
ഒരു ജൂണ്‍ എട്ടിനായിരുന്നു തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേയ്ക്ക് മടക്കവണ്ടി കയറിയത്. തിരുവനന്തപുരത്തിനി വയ്യ. സ്ഥാവരജംഗമങ്ങളെല്ലാം ഞാനും വികാസും കൂടി പാക്ക് ചെയ്തു.
തിരിച്ചു പോരുമ്പോള്‍ രണ്ടുമൂന്നിലകള് മാത്രമുണ്ടായിരുന്ന, എന്റെ കണ്ണീരു മുഴുവന്‍ കണ്ട ആ കുഞ്ഞിച്ചെടി ഞാന്‍ അവന്റെ കയ്യില്‍ കൊടുത്തു. എനിക്കു ജീവനെപ്പോലെ പ്രിയപ്പെട്ട എന്റെ പച്ചോന്മദച്ചെടി.
നന്നായി നോക്കണമെന്ന് ഞാനവനോട് പറഞ്ഞില്ല.
അവനത് ചെയ്യുമെന്ന് എനിക്ക് നന്നായറിയാം.
ഇന്നലെ അവനെനിക്ക് അതിന്റെ ചിത്രമയച്ച് തന്നു. രണ്ടു മൂന്നിലയില് നിന്ന് അത് മൂന്നു പാളി ജനാലയോളം പടര്‍ന്നിരിക്കുന്നു! ഈ രണ്ടു വര്‍ഷത്തിനിടയില്‍ ഞങ്ങളുടെയൊക്കെ ജീവിതം മാറിയത് പോലെ.
പടര്‍ന്നു പന്തലിച്ചിരിക്കുന്നു, സങ്കടത്തിന്റെ പഴയ രണ്ടില കൊഴിഞ്ഞ് സന്തോഷത്തിന്റെ നൂറു നൂറിലകള് പ്രകാശം പൊഴിക്കുന്ന എന്റെ പച്ചോന്മദച്ചെടി!