ആലുവ: സ്വര്‍ണ ശുദ്ധീകരണ ശാലയിലേക്ക് കാറില്‍ കൊണ്ടുപോയ ആറുകോടി രൂപ വിലമതിക്കുന്ന 25 കിലോ സ്വര്‍ണം കൊള്ളയടിച്ചു. ആലുവ ഇടയാറിലെ സി.ആര്‍.ജി മെറ്റലേഴ്സിലേക്ക് കൊണ്ടുപോയ സ്വര്‍ണമാണ് ബൈക്കിലെത്തിയവര്‍ കവര്‍ന്നത്. അര്‍ധരാത്രിയോടുകൂടിയാണ് സംഭവം ഉണ്ടായത്.
സ്വര്‍ണ ശുദ്ധീകരണ ശാലയുടെ മുന്നിലെത്തിയപ്പോഴാണ് ബൈക്കിലെത്തിയ രണ്ടുപേര്‍ കാര്‍ ആക്രമിച്ചത്. കാറിന്റെ ചില്ലുപൊളിച്ച് സ്വര്‍ണം കവരുകയായിരുന്നു. കവര്‍ച്ച നടത്തിയവരെ പറ്റി പോലീസ് അന്വേഷണം തുടങ്ങി. സ്വര്‍ണം കൊണ്ടു വരുന്നുണ്ട് എന്ന മുന്‍കൂട്ടി അറിവുള്ളവരാകാം ഇതിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക വിലയിരുത്തല്‍.
വിഷയത്തില്‍ എസ്പി അടക്കമുള്ളവര്‍ റിപ്പോര്‍ട്ട് ചോദിച്ചിട്ടുണ്ട്. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തേക്ക് എത്തുമെന്നാണ് വിവരം. ഇപ്പോഴത്തെ സംഭവത്തില്‍ കൂടുതല്‍ പരിശോധന രാവിലെ ആരംഭിക്കും.
മുമ്പ് ഇത്തരം സംഭവങ്ങളില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഇതുമായ ബന്ധമുണ്ടോ എന്ന കാര്യം പോലീസ് പരിശോധിക്കുന്നുണ്ട്. മുമ്പ് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളില്‍ ബാങ്കുകളിലേക്കും ആഭരണ ഷോറൂമുകളിലേക്കും കൊണ്ടുപോയ സ്വര്‍ണം ഇത്തരത്തില്‍ ബൈക്കിലെത്തി സമാനമായ രീതിയില്‍ കവര്‍ന്ന സംഭവങ്ങള്‍ നടന്നിട്ടുണ്ട്. ഇത്തരം സംഭവങ്ങളുമായി ബന്ധപ്പെട്ട പ്രതികളേയും പോലീസ് തിരയുന്നുണ്ട്.