ഫാനി ചുഴലിക്കാറ്റ് രൂപപ്പെട്ടു; തീരത്തേക്ക് നീങ്ങുന്നു

കൊച്ചി/ചെന്നൈ: ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖാ പ്രദേശത്ത് രൂപംകൊണ്ടിരുന്ന അതിതീവ്ര ന്യൂനമര്‍ദം ചുഴലിക്കാറ്റായിമാറി. ചെന്നൈയില്‍നിന്ന് 1250 കിലോമീറ്ററും ശ്രീലങ്കയിലെ ട്രിങ്കോമാലി തീരത്തുനിന്ന് 880 കിലോമീറ്ററും ദൂരത്തില്‍ രൂപംകൊണ്ട ചുഴലിക്കാറ്റ് അടുത്ത 24 മണിക്കൂറിനുള്ളില്‍ ശക്തിപ്രാപിച്ച് തീരം ലക്ഷ്യമാക്കി നീങ്ങും.

വടക്ക്-പടിഞ്ഞാറന്‍ ദിശയിലേക്ക് നീങ്ങുന്ന ചുഴലി ചൊവ്വാഴ്ചയോടെ തമിഴ്നാട്, ആന്ധ്ര തീരത്തോട് അടുക്കുമെന്നാണ് പ്രവചനം. വരുംമണിക്കൂറുകളില്‍ കാറ്റ് കൂടുതല്‍ ശക്തിപ്രാപിക്കുകയും ചൊവ്വാഴ്ചയോടെ അതിതീവ്ര ചുഴലിക്കാറ്റായി മാറുകയും ചെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. 170 കിലോമീറ്റര്‍വരെ വേഗത്തില്‍ ഫാനി വീശാന്‍ സാധ്യതയുള്ളതിനാല്‍ തമിഴ്നാട്, പുതുച്ചേരി, ആന്ധ്ര തീരങ്ങളില്‍ കനത്ത ജാഗ്രത പ്രഖ്യാപിച്ചു.

ഫാനിയുടെ സ്വാധീനത്തില്‍ തിങ്കളും ചൊവ്വയും കേരളത്തില്‍ വിവിധയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. തിങ്കളാഴ്ച കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളില്‍ ജാഗ്രതാനിര്‍ദേശം (യെല്ലോ അലര്‍ട്ട്) പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവ്വാഴ്ച കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും ജാഗ്രതാ നിര്‍ദേശം നല്‍കി. ഈ ദിവസങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.

സംസ്ഥാനത്ത് ഞായറാഴ്ച രാവിലെമുതല്‍ മണിക്കൂറില്‍ 30-40 കിലോമീറ്റര്‍ വേഗത്തിലും ചില അവസരങ്ങളില്‍ 50 കിലോമീറ്റര്‍വരെ വേഗത്തിലും കാറ്റിന് സാധ്യതയുണ്ട്. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും മണിക്കൂറില്‍ 40-50 കിലോമീറ്റര്‍ വേഗത്തിലും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വേഗത്തിലുമുള്ള കാറ്റിന് സാധ്യതയുണ്ട്.

മത്സ്യത്തൊഴിലാളികള്‍ കേരള തീരക്കടലിലും ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖാ പ്രദേശത്തിന്റെ കിഴക്കും തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ മധ്യഭാഗത്തും തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും മീന്‍പിടിക്കാന്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്.

ആഴക്കടലില്‍ മത്സ്യബന്ധനത്തിലേര്‍പ്പെടുന്നവര്‍ ഞായറാഴ്ചയ്ക്കുമുമ്പ് തിരിച്ചെത്തണമെന്ന് ദുരന്തനിവാരണ അതോറിറ്റിയും കാലാവസ്ഥാവിഭാഗവും കര്‍ശന നിര്‍ദേശം പുറപ്പെടുവിച്ചു. കടലാക്രമണം ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ തീരദേശവാസികള്‍ ജാഗ്രതപാലിക്കണം. വടക്കന്‍ തമിഴ്നാട്, പുതുച്ചേരി, ആന്ധ്രയുടെ തെക്കന്‍ തീരമേഖലയില്‍ ഏപ്രില്‍ 30, മേയ് ഒന്ന് തീയതികളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്.

നവംബറില്‍ വീശിയ ‘ഗജ’ ചുഴലിക്കാറ്റിനെക്കാള്‍ തീവ്രമായ കാറ്റായിരിക്കും ഫാനി എന്നാണ് കരുതുന്നത്. ചുഴലിക്കാറ്റ് നേരിടാന്‍ എല്ലാവിധ മുന്‍കരുതലും എടുത്തിട്ടുണ്ടെന്ന് തമിഴ്നാട് സര്‍ക്കാര്‍ അറിയിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7