തിരുവനന്തപുരം: ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള കേന്ദ്ര നേതാക്കള്‍ കേരളത്തിലേക്ക്.12 ന് കോഴിക്കോട്ടും 18 ന് തിരുവനന്തപുരത്തും നടക്കുന്ന പ്രചാരണ യോഗങ്ങളില്‍ മോദി സംസാരിക്കും. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ സന്ദര്‍ശനത്തിന് പിന്നാലെയാണ് തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിപ്പിക്കാന്‍ പ്രധാനമന്ത്രിയും എത്തുന്നത്. വയനാട് സന്ദര്‍ശിക്കണമെന്ന ആവശ്യം സംസ്ഥാന ഘടകം മുന്നോട്ടുവച്ചിട്ടുണ്ടെന്ന് ബിജെപി നേതാവ് എം.ടി രമേശ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
വയനാട് മണ്ഡലത്തില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി കഴിഞ്ഞ ദിവസം എത്തിയത്. പത്രികാ സമര്‍പ്പണത്തിനുശേഷം രാഹുലും പ്രിയങ്കയും റോഡ്ഷോയും നടത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രി മോദിയും വയനാട്ടില്‍ സന്ദര്‍ശനം നടത്തണമെന്ന ആവശ്യം സംസ്ഥാന നേതൃത്വം മുന്നോട്ടുവച്ചതെന്നാണ് സൂചന.
പത്തോളം കേന്ദ്ര നേതാക്കള്‍ അടക്കമുള്ളവര്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തിലെത്തുമെന്ന് കഴിഞ്ഞ ദിവസം പി.ടി.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തിരുന്നു. കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിങ്, നിതിന്‍ ഗഡ്കരി, സുഷമ സ്വരാജ്, നിര്‍മല സീതാരാമന്, പീയുഷ് ഗോയല്‍, മുക്താര്‍ അബ്ബാസ് നഖ്വി, സ്മൃതി ഇറാനി തുടങ്ങിയവര്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തുമെന്നാണ് വീവരം