കൂടുതല്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്; ഏഴുവയസുകാരനെതിരേ ലൈംഗികാതിക്രമവും; പ്രതിക്കെതിരേ പോക്‌സോ പ്രകാരം കേസെടുത്തു

തൊടുപുഴ: തൊടുപുഴയില്‍ ഏഴ് വയസ്സുകാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിക്കെതിരേ പോക്സോ നിയമ പ്രകാരം കേസെടുത്തു. ഏഴ് വയസ്സുകാരനെതിരേ ലൈംഗികാതിക്രമം നടന്നിട്ടുണ്ടെന്നും പോലീസ് വെളിപ്പെടുത്തി. അതേ സമയം കുട്ടിയുടെ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചിട്ടില്ലെന്നും രണ്ട് ദിവസം കൂടി കുട്ടി വെന്റിലേറ്ററില്‍ തുടരുമെന്നും കോട്ടയത്തു നിന്നെത്തിയ വിദഗ്ധ സംഘം പറഞ്ഞു.

കുട്ടിക്കെതിരേ ലൈംഗികാതിക്രമം നടന്നതു കൂടി കണക്കിലെടുത്താണ് പ്രതിക്കെതിരേ പോക്സോ പ്രകാരം കേസെടുത്തത്. പ്രതി കഞ്ചാവ് ഉപയോഗിച്ചതായും പോലീസ് പറയുന്നു. ലൈംഗികാതിക്രമം നടന്നു എന്നതിനുള്ള തെളിവ് ഡോക്ടര്‍മാരുടെ ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷം ലഭിച്ചെന്നും പോലീസ് പറഞ്ഞു. പ്രതിയെ ഇന്ന് മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കും. പ്രതി ഇതുവരെയും കുറ്റം സമ്മതിച്ചിട്ടുണ്ടായിരുന്നില്ല. എന്നാല്‍ ശാസ്ത്രീയ തെളിവ് നിരത്തിയപ്പോള്‍ പ്രതി ഒടുവില്‍ കുറ്റം സമ്മതിച്ചുവെന്നും പോലീസ് പറയുന്നു.

രണ്ട് കുട്ടികളുടെ ദേഹത്തിലും നിരവധി പാടുകളുണ്ട്. മദ്യ ലഹരിയില്‍ പ്രതി പല കാലങ്ങളിലായി നടത്തിയ ആക്രമണത്തിന്റെ പാടുകളാണിതെന്നാണ് പോലീസ് പറയുന്നത്. അമ്മയ്ക്ക് ഈ ആക്രമണങ്ങളെല്ലാം അറിയാമായിരുന്നെന്നും പ്രതിയെ ഭയന്നിട്ട് പുറത്ത് പറയാതിരുന്നതാണെന്നും കരുതുന്നു. അതേസമയം കുട്ടിക്കുനേരെ ലൈംഗികാതിക്രമം നടന്നു എന്നതിനുള്ള ചില സൂചനകള്‍ അമ്മയുടഭാഗത്ത് നിന്നുണ്ടായിട്ടുണ്ട്.

കുട്ടിയുടെ മസ്തിഷ്‌ക മരണം സ്ഥിരീകരിക്കാനായിട്ടില്ലെന്നും വിദഗ്ധ സംഘം അറിയിച്ചു. കുട്ടിയെ ചികിത്സിക്കുന്ന ഡോ. ശ്രീകുമാര്‍ പറഞ്ഞത് കുട്ടിയുടെ തലച്ചോറിലേക്കുള്ള രക്തപ്രവാഹം നിലച്ചു പോയെന്നും മസ്തിഷ്‌ക മരണം സംഭവിച്ചെന്നുമായിരുന്നു. തുടര്‍ന്നായിരുന്നു കോട്ടയത്ത് നിന്നുള്ള വിദഗ്ധ സംഘം കുട്ടിയെ പരിശോധിക്കാന്‍ വന്നത്. സാങ്കേതികമായി കുട്ടിയുടെ മസ്തിഷ്‌ക മരണം സ്ഥിരീകരിക്കാനാവില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. മാത്രമല്ല ചെറിയ കുട്ടിയായതു കൊണ്ട് ചെറിയ പ്രതീക്ഷ ലഭിച്ചാല്‍ കുട്ടിയെ ജീവിതത്തിലേക്ക് തിരിച്ചു പിടിക്കാമെന്നും കരുതുന്നു. അതിനാല്‍ രണ്ട് ദിവസം കൂടി കുട്ടിയെ വെന്റിലേറ്ററില്‍ തന്നെ കിടത്താനാണ് തീരുമാനം. നിലവില്‍ പൂര്‍ണ്ണമായും വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കുട്ടിയുടെ ജീവന്‍ നിലനിര്‍ത്തുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7