മാതാപിതാക്കളെ മര്‍ദ്ദിച്ച് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത് മലയാളികള്‍; പ്രതികളെ കുറിച്ച് വിവരം ലഭിച്ചു; പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയത് നാട്ടുകാരുടെ ഇടപെടല്‍മൂലം

കൊല്ലം: ഓച്ചിറയില്‍ രാജസ്ഥാന്‍ സ്വദേശികളുടെ മകളെ തട്ടിക്കൊണ്ടു പോയ പ്രതികളെ തിരിച്ചറിഞ്ഞു. ഓച്ചിറ സ്വദേശി റോഷനും സംഘവുമാണ് പതിമൂന്ന് വയസ്സുള്ള പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് പറയുന്നു. വഴിയോരക്കച്ചവടക്കാരാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍. നാട്ടില്‍ത്തന്നെയുള്ള ചിലര്‍ ഉപദ്രവിക്കാറുണ്ടെന്ന് അച്ഛനമ്മമാര്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പ്രതികളെ കുറിച്ചുള്ള വിവരം ലഭിച്ചത്.

ഇന്നലെയാണ് പെണ്‍കുട്ടിയെ ഒരു സംഘം തട്ടിക്കൊണ്ട് പോയത്. ഇന്ന് രാവിലെ പൊലീസില്‍ പരാതി നല്‍കിയെങ്കിലും പൊലീസുകാര്‍ നടപടിയെടുക്കാത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ സ്റ്റേഷനിലെത്തി ബഹളമുണ്ടാക്കിയപ്പോഴാണ് അന്വേഷണം തന്നെ തുടങ്ങിയത്.

ഓച്ചിറ – വലിയകുളങ്ങര പ്രദേശത്താണ് ഇവര്‍ വഴിയോരക്കച്ചവടം നടത്തിയിരുന്നത്. ഒരു മാസമായി ഈ പ്രദേശത്ത് ഇവര്‍ കച്ചവടം നടത്തുകയാണ്. പ്ലാസ്റ്റര്‍ ഓഫ് പാരീസ് ഉപയോഗിച്ച് വിഗ്രഹങ്ങള്‍ ഉണ്ടാക്കി വില്‍ക്കുന്ന കുടുംബമാണിത്. ഇന്നലെ രാത്രി 11 മണിക്ക് ഒരു സംഘമാളുകള്‍ ഇവര്‍ താമസിക്കുന്ന ഷെഡ്ഡില്‍ അതിക്രമിച്ച് കയറി പെണ്‍കുട്ടിയെ പിടിച്ചുകൊണ്ടുപോകാന്‍ ശ്രമിച്ചു.

തടയാന്‍ ശ്രമിച്ചപ്പോള്‍ അച്ഛനമ്മമാരെ മര്‍ദ്ദിച്ച് അവശരാക്കി വഴിയില്‍ത്തള്ളിയ ശേഷം പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. കൊല്ലം എസിപിയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. എന്നാല്‍ പെണ്‍കുട്ടി ഇപ്പോള്‍ എവിടെയുണ്ടെന്നതുള്‍പ്പടെ കൃത്യമായ ഒരു വിവരവും ഇനിയും പൊലീസിന് കിട്ടിയിട്ടില്ല.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7