മസൂദ് അസ്ഹറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കാനുള്ള പ്രമേയത്തെ ചൈന എതിര്‍ത്തു

യുണൈറ്റഡ് നേഷന്‍സ്: ജെയ്ഷെ മുഹമ്മദ് നേതാവ് മസൂദ് അസ്ഹറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടുള്ള പ്രമേയത്തെ ഐക്യരാഷ്ട്രസഭാ രക്ഷാസമിതിയില്‍ ചൈന വീണ്ടും എതിര്‍ത്തു. പുല്‍വാമ ഭീകരാക്രമണത്തെത്തുടര്‍ന്ന് ഫെബ്രുവരി 27-ന് യു.എസ്., ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ കൊണ്ടുവന്ന പ്രമേയത്തിന്മേലാണ് ബുധനാഴ്ച രാത്രിവൈകി യു.എന്നില്‍ വോട്ടെടുപ്പ് നടന്നത്. 15 അംഗ യു.എന്‍. രക്ഷാസമിതിയില്‍ വീറ്റോ അധികാരമുള്ള ചൈന നാലാംതവണയാണ് പ്രമേയത്തെ എതിര്‍ത്ത് വോട്ടുചെയ്യുന്നത്.

പ്രമേയം പരാജയപ്പെട്ടതില്‍ നിരാശയുണ്ടെന്നും എന്നാല്‍, രാജ്യത്തിന്റെ പൗരന്‍മാര്‍ക്കെതിരേ നീചമായ കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന ഭീകരരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരാന്‍ സാധ്യമായ എല്ലാ വേദികളും ഉപയോഗപ്പെടുത്തുമെന്നും ഇന്ത്യ വ്യക്തമാക്കി. ചൈനയുടെ പേരെടുത്തുപറയാതെയാണ് വിദേശകാര്യമന്ത്രാലയം പ്രസ്താവനയിറക്കിയത്. രക്ഷാസമിതിയിലെ ഒരംഗം എതിര്‍ത്തതിനാല്‍ മസൂദ് അസ്ഹറിനെ ഭീകരപ്പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള പ്രമേയത്തില്‍ തീരുമാനമെടുക്കാന്‍ കഴിഞ്ഞില്ലെന്ന് പ്രസ്താവനയില്‍ പറയുന്നു.

പ്രമേയത്തിന്മേല്‍ നിലപാട് അറിയിക്കാന്‍ ഉപരോധസമിതിയിലെ അംഗരാജ്യങ്ങള്‍ക്ക് യു.എന്‍. പത്തുദിവസത്തെ സമയം അനുവദിച്ചിരുന്നു. ഇത് ബുധനാഴ്ച രാത്രി 12.30-ന് അവസാനിച്ചതിനെത്തുടര്‍ന്നാണ് വോട്ടെടുപ്പ് നടന്നത്. ഇക്കാര്യത്തില്‍ തങ്ങളുടെ നിലപാടില്‍ മാറ്റമില്ലെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയ വക്താവ് ലിയു കാങ് നേരത്തേ വ്യക്തമാക്കിയിരുന്നു. 2009, 2016, 2017 വര്‍ഷങ്ങളിലാണ് മസൂദ് അസ്ഹറിനെ ഭീകരനായി പ്രഖ്യാപിക്കാനുള്ള പ്രമേയത്തെ ചൈന നേരത്തേ എതിര്‍ത്തത്.മസൂദ് അസ്ഹര്‍ ആഗോളഭീകരന്‍തന്നെ -യു.എസ്.

ആഗോള ഭീകരപ്പട്ടികയില്‍പ്പെടാനുള്ള എല്ലാ മാനദണ്ഡങ്ങളും മസൂദ് അസ്ഹറിന്റെ കാര്യത്തില്‍ പാലിക്കപ്പെട്ടിട്ടുണ്ടെന്ന് യു.എസ്. ഭീകരപ്പട്ടിക പുതുക്കുന്നതിനെ എതിര്‍ക്കുന്നത് യു.എസിന്റെയും ചൈനയുടെയും പ്രഖ്യാപിത താത്പര്യങ്ങള്‍ക്കും മേഖലയിലെ സ്ഥിരതയ്ക്കും സമാധാനത്തിനും എതിരാണെന്നും യു.എസ്. വിദേശകാര്യ ഡെപ്യൂട്ടി വക്താവ് റോബര്‍ട്ട് പല്ലാഡിനോ പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7