ഭക്തിയുടെ നിറവില്‍ ആറ്റുകാല്‍ പൊങ്കാല

തിരുവനന്തപുരം: ഭക്തിയുടെ നിറവില്‍ ആറ്റുകാല്‍ പൊങ്കാല ആഘോഷം. പൊങ്കാലയ്ക്കായി തിരുവനന്തപുരം നഗരവും പരിസരവും ഒരുങ്ങിക്കഴിഞ്ഞു. പൊങ്കാലയര്‍പ്പിക്കാന്‍ വിവിധദേശങ്ങളില്‍ നിന്ന് നിരവധി ഭക്തര്‍ തലസ്ഥാനത്തെത്തിക്കഴിഞ്ഞു. ഇനി മനസ്സു നിറച്ചുള്ള പൊങ്കാല സമര്‍പ്പണം മാത്രം.

ബുധനാഴ്ച രാവിലെ 10.15നാണ് പൊങ്കാല തുടങ്ങുന്നത്. തോറ്റംപാട്ടുകാര്‍ പാണ്ഡ്യരാജാവിന്റെ വധം കഴിയുന്ന ഭാഗം പാടിക്കഴിയുമ്പോള്‍ പൊങ്കാലയ്ക്ക് തുടക്കമാകും. ക്ഷേത്രതന്ത്രി തെക്കേടത്ത് കുഴിക്കാട്ട് പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരിപ്പാട് ശ്രീകോവിലില്‍ നിന്ന് ദീപം പകര്‍ന്ന് മേല്‍ശാന്തി എന്‍. വിഷ്ണു നമ്പൂതിരിക്ക് കൈമാറും. ക്ഷേത്രതിടപ്പള്ളിയിലെ പൊങ്കാല അടുപ്പില്‍ തീ കത്തിച്ചശേഷം അതേ ദീപം സഹമേല്‍ശാന്തിമാര്‍ക്ക് കൈമാറും. തുടര്‍ന്ന് വലിയതിടപ്പള്ളിയിലും ക്ഷേത്രത്തിനു മുന്‍വശം തയ്യാറാക്കിയ പണ്ടാര അടുപ്പിലും തീ പകരും. ഇവിടെ നിന്നു പകര്‍ന്നുകിട്ടുന്ന ദീപമാണ് ക്ഷേത്രത്തിന് കിലോമീറ്ററുകള്‍ ചുറ്റളവില്‍ ഭക്തര്‍ ഒരുക്കുന്ന അടുപ്പുകളെ ജ്വലിപ്പിക്കുന്നത്.

ഉച്ചയ്ക്ക് 2.15-നാണ് പൊങ്കാല നിവേദ്യം. നിവേദ്യത്തിനായി 250 ഓളം ശാന്തിമാരെ വിവിധ മേഖലകളില്‍ നിയോഗിച്ചിട്ടുണ്ട്. രാത്രി 7.30-ന് കുത്തിയോട്ടത്തിന് ചൂരല്‍കുത്ത്. 815 ബാലന്‍മാരാണ് കുത്തിയോട്ടത്തിന് വ്രതം നോക്കുന്നത്. രാത്രി 11.15-ന് ദേവിയെ പുറത്തെഴുന്നള്ളിക്കും. ചെര്‍പ്പുളശ്ശേരി അനന്തപദ്മനാഭന്‍ എന്ന കൊമ്പന്‍ ദേവിയുടെ തിടമ്പേറ്റും. കുത്തിയോട്ടം, സായുധ പോലീസ്, പഞ്ചവാദ്യം, കലാരൂപങ്ങള്‍ എന്നിവ അകമ്പടിയേകും.

വ്യാഴാഴ്ച പുലര്‍ച്ചെ മണക്കാട് ശാസ്താക്ഷേത്രത്തില്‍ ഇറക്കി പൂജയ്ക്ക് ശേഷം മടക്കയെഴുന്നള്ളത്ത്. രാവിലെ 8-ന് അകത്തെഴുന്നള്ളിപ്പ്. രാത്രി 9.15-ന് കാപ്പഴിച്ച് ദേവിയെ കുടിയിളക്കും. 12.15-ന് നടക്കുന്ന കുരുതിതര്‍പ്പണത്തോടെ ഉത്സവം സമാപിക്കും.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7