റെയ്ഡ് നടത്തിയത് നടപടിക്രമങ്ങള്‍ പാലിച്ച്; ചൈത്രയ്‌ക്കെതിരേ സിപിഎമ്മിന്റെ വാദം തള്ളി പൊലീസ് ; പ്രതികള്‍ രക്ഷപെട്ടത് റെയ്ഡ് വിവരം ചോര്‍ന്നതിനാലെന്ന്‌ ചൈത്ര

തിരുവനന്തപുരം: സി.പി.എം. ജില്ലാക്കമ്മിറ്റി ഓഫീസില്‍ മുന്‍ ഡി.സി.പി. ചൈത്ര തെരേസ ജോണ്‍ റെയ്ഡ് നടത്തിയത് ചട്ടവിരുദ്ധമായല്ലെന്ന് പോലീസ്. ഓഫീസിലെ റെയ്ഡിന് ശേഷം ഡി.സി.പി. തിരുവനന്തപുരം അഡീഷണല്‍ സി.ജെ.എം. കോടതിയില്‍ പരിശോധന റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നതായും പോലീസ് സ്‌റ്റേഷനില്‍ ജി.ഡി. എന്‍ട്രി രേഖപ്പെടുത്തിയിരുന്നതായും പോലീസ് വിശദീകരിച്ചു.

മെഡിക്കല്‍ കോളേജ് പോലീസ് സ്‌റ്റേഷന് കല്ലെറിഞ്ഞ കേസിലെ പ്രതികള്‍ സി.പി.എം. ജില്ലാക്കമ്മിറ്റി ഓഫീസിലുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് ഡി.സി.പി. ചൈത്ര തെരേസ ജോണും സംഘവും ജില്ലാക്കമ്മിറ്റി ഓഫീസില്‍ റെയ്ഡ് നടത്തിയത്. എന്നാല്‍ സി.പി.എം. ഓഫീസില്‍ റെയ്ഡ് നടത്തിയതിന് പിന്നാലെ തിരുവനന്തപുരം ഡി.സി.പി.യുടെ അധികച്ചുമതലയില്‍നിന്ന് ചൈത്ര തെരേസ ജോണിനെ നീക്കിയിരുന്നു. ഇതോടെയാണ് സംഭവം മാധ്യമങ്ങളില്‍ വാര്‍ത്തയായത്.

അതേസമയം പരിശോധനാചട്ടം പൂര്‍ണമായി പാലിച്ചാണ് റെയ്ഡ് നടത്തിയതെന്ന് എസ്.പി. ചൈത്ര തെരേസ ജോണ്‍ വ്യക്തമാക്കി. വിശ്വസനീയ കേന്ദ്രങ്ങളില്‍നിന്നുള്ള കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തുന്നതെന്ന് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച സെര്‍ച്ച് റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുണ്ടെന്നും എ.ഡി.ജി.പി.ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. കേസിലെ പ്രധാന പ്രതികളിലൊരാളുടെ അമ്മയുടെ മൊഴിയെടുക്കുന്നതിനിടയില്‍ എത്തിയ ഫോണ്‍കോളില്‍ പ്രതി പാര്‍ട്ടി ഓഫീസിലുണ്ടെന്നു വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധനയ്‌ക്കെത്തിയത്. നടപടിക്രമം പാലിച്ചുള്ള റെയ്ഡ് വിവരം ചോര്‍ന്നതാകാം പ്രതികള്‍ രക്ഷപ്പെടാന്‍ ഇടയാക്കിയതെന്നും അവര്‍ പറയുന്നു.

അതിനിടെ സി.പി.എം. ജില്ലാ സെക്രട്ടറി നല്‍കിയ പരാതിയില്‍ എസ്.പി. ചൈത്ര തെരേസ ജോണിനെതിരേ വകുപ്പുതല അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടതില്‍ ഐ.പി.എസ്. അസോസിയേഷന് എതിര്‍പ്പ്. പോലീസ് സ്‌റ്റേഷന്‍ ആക്രമണ കേസിലെ പ്രതികള്‍ പാര്‍ട്ടി ഓഫീസില്‍ ഒളിച്ചിരിപ്പുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എസ്.പി.യുടെ പരിശോധന.

പ്രതികള്‍ എവിടെ ഒളിച്ചിരുന്നാലും പിടിക്കണം. അതിന് സര്‍ക്കാരിന്റെയോ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെയോ മുന്‍കൂര്‍ അനുമതി ആവശ്യമില്ലെന്നതാണ് ഇവരുടെ വാദം. അതിനാല്‍, ജില്ലാ കമ്മിറ്റി ഓഫീസില്‍ പോലീസ് കയറിയതില്‍ വീഴ്ചയില്ലെന്ന വാദമാണ് അസോസിയേഷന്‍ ഉയര്‍ത്തുന്നത്.

പരിശോധന നടത്തിയത് യാദൃച്ഛികമായിട്ടായിരുന്നു. പ്രതികളില്‍ ഒരാളുടെ മാതാവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണസംഘം ജില്ലാ കമ്മിറ്റി ഓഫീസിലെത്തിയത്. പ്രതികള്‍ അവിടെയുണ്ടായിരുന്നെങ്കിലും ഡി.സി.പി.യും സംഘവുമെത്തിയതറിഞ്ഞ് അവിടെനിന്നു കടത്തിയെന്നു പോലീസ് ആരോപിക്കുന്നു.

പരിശോധനനടത്തിയ ചൈത്ര തെരേസ ജോണും സംഘവും ഇവിടത്തെ മുറികളും ബാത്ത് റൂമും പരിശോധിച്ച ശേഷം അഞ്ചു മിനിറ്റിനുള്ളില്‍ പുറത്തിറങ്ങിയതായി സി.സി.ടി.വി. ദൃശ്യങ്ങളില്‍ കാണാം. ഈ സമയം ഓഫീസ് ജീവനക്കാരനും െ്രെഡവറും മാത്രമാണ് ഉണ്ടായിരുന്നത്. ഭരണകക്ഷി പാര്‍ട്ടിയുടെ ഓഫീസില്‍ ഡെപ്യൂട്ടി കമ്മിഷണറുടെ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥ കയറിയപ്പോള്‍ സിറ്റി പോലീസ് കമ്മിഷണര്‍ എന്തുകൊണ്ട് അറിഞ്ഞില്ലെന്ന ചോദ്യം സി.പി.എമ്മില്‍നിന്നുതന്നെ ഉയരുന്നുണ്ട്.

റെയ്ഡ് നടത്താനെത്തിയ ഏതാനും പോലീസുകാരില്‍നിന്ന് വകുപ്പുതല അന്വേഷണം നടത്തുന്ന എ.ഡി.ജി.പി. മൊഴിയെടുത്തു. ശേഷിക്കുന്നവരില്‍നിന്ന് തിങ്കളാഴ്ച മൊഴിയെടുക്കും. ചൈത്രയുടെ ഭാഗത്ത് വീഴ്ചയുണ്ടായോ എന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്. സെര്‍ച്ച് മെമ്മോയും സെര്‍ച്ച് ലിസ്റ്റും തയ്യാറാക്കിയാണോ പരിശോധന നടത്തിയതെന്നും പരിശോധിക്കും.

അതേസമയം, ഡി.സി.പി.യുടെ നടപടി മാധ്യമശ്രദ്ധ ലഭിക്കാന്‍ വേണ്ടിയാണെന്നും ചട്ടവിരുദ്ധമായാണ് റെയ്ഡ് നടത്തിയതെന്നുമായിരുന്നു സി.പി.എം. ജില്ലാ സെക്രട്ടറിയുടെ ആരോപണം. സംഭവത്തില്‍ ഡി.സി.പിക്കെതിരേ നടപടി ആവശ്യപ്പെട്ട് സി.പി.എം. ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ ഡി.ജി.പിക്ക് പരാതി നല്‍കുകയും ചെയ്തു.

മെഡിക്കല്‍ കോേളജ് പോലീസ് സ്‌റ്റേഷനു നേരേ കല്ലേറു നടത്തിയ സി.പി.എമ്മിന്റെ മുതിര്‍ന്ന നേതാക്കളെ തേടിയാണ് പോലീസ് ജില്ലാക്കമ്മിറ്റി ഓഫീസില്‍ എത്തിയത്. സി.പി.എമ്മിന്റെ മുതിര്‍ന്ന നേതാക്കള്‍ തടയാന്‍ ശ്രമിച്ചെങ്കിലും പരിശോധന നടത്തുമെന്ന നിലപാടില്‍ ഡി.സി.പി. ഉറച്ചുനിന്നു. തുടര്‍ന്നാണ് ഇവര്‍ പരിശോധന നടത്തിയത്. എന്നാല്‍, ആരെയും അറസ്റ്റുചെയ്യാനായില്ല. വ്യാഴാഴ്ച അര്‍ധരാത്രിയോടെയായിരുന്നു സംഭവം.

ഡി.സി.പി.യായിരുന്ന ആര്‍.ആദിത്യ ശബരിമല ഡ്യൂട്ടിക്കു പോയപ്പോള്‍ പകരക്കാരിയായാണ് വനിതാ സെല്‍ എസ്.പി.യായ ചൈത്ര തെരേസ ജോണിന് തിരുവനന്തപുരം ഡി.സി.പി.യുടെ അധികച്ചുമതല നല്‍കിയത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7