ചാവക്കാട്: ആലുവ പുഴയില്‍ യുവതിയായ നഴ്‌സിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് കീഴടങ്ങി. ബംഗളുരുവില്‍ നഴ്സായി ജോലി ചെയ്തിരുന്ന ആന്‍ലിയ എന്ന യുവതിയെയാണ് ദുരൂഹസാഹചര്യത്തില്‍ ആലുവ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് ജസ്റ്റിന്‍ മാത്യുവാണ് ചാവക്കാട് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ കീഴടങ്ങിയത്. കോടതി ജസ്റ്റിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
നാല് മാസം മുമ്പാണ് ജീര്‍ണിച്ച നിലയില്‍ ആന്‍ലിയയുടെ മൃതദേഹം ആലുവ പുഴയില്‍ കണ്ടെത്തിയത്. ഗാര്‍ഹികപീഡനം ആരോപിച്ച് ആന്‍ലിയയുടെ അച്ഛന്‍ ഹൈജിനസ് തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് ഗാര്‍ഹികപീഡനം, ആത്മഹത്യപ്രേരണാകുറ്റം എന്നിവ ജസ്റ്റിനെതിരെ പൊലീസ് ചുമത്തിയിരുന്നു. ഗുരുവായൂര്‍ അസിസ്റ്റന്റ് കമ്മീഷണര്‍ക്കായിരുന്നു അന്വേഷണച്ചുമതല. എന്നാല്‍ കേസില്‍ തുടര്‍നടപടികളുണ്ടാകുന്നില്ലെന്ന് കാണിച്ച് ആന്‍ലിയയുടെ അച്ഛന്‍ വീണ്ടും മുഖ്യമന്ത്രിയെ സമീപിച്ചു. തുടര്‍ന്നാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടത്.
കഴിഞ്ഞ ഓഗസ്റ്റ് 25നാണ് ആന്‍ലിയയെ തൃശൂരില്‍ നിന്ന് കാണാതായത്. 28ന് മൃതദേഹം ആലുവ പുഴയില്‍ നിന്ന് കണ്ടെത്തി. മകളെ കാണാനില്ലെന്ന് കാണിച്ച് ഹൈജിനസ് പൊലീസില്‍ പരാതി നല്‍കിയതിന് പിന്നാലെ ജസ്റ്റിന്‍ ഒളിവില്‍ പോയി. തുടര്‍ന്ന് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടത് അറിഞ്ഞതോടെയാണ് വന്ന് കീഴടങ്ങിയത്. ഇന്ന് ജസ്റ്റിനെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങും. കൂടുതല്‍ ചോദ്യം ചെയ്യലിന് ശേഷം തെളിവെടുപ്പിന് കൊണ്ടുവരുമെന്നും പൊലീസ് അറിയിച്ചു.