കോഴിക്കോട് മിഠായിത്തെരുവില്‍ ബിജെപി അക്രമം; കടകള്‍ അടിച്ചു തകര്‍ത്തു, നിരവധി പേര്‍ അറസ്റ്റില്‍

കോഴിക്കോട്: ഹര്‍ത്താല്‍ ദിവസം തുറന്ന കടകള്‍ അടപ്പിക്കാന്‍ മിഠായിത്തെരുവിലെത്തിയ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരും വ്യാപാരികളും തമ്മില്‍ സംഘര്‍ഷം. മിഠായിത്തെരുവിനു സമീപത്തെ കോയെങ്കോ ബസാറിലെ അഞ്ചിലധികം കടകള്‍ അക്രമികള്‍ അടിച്ചുതകര്‍ത്തു.

പ്രകടനമായെത്തിയ ഹര്‍ത്താല്‍ അനുകൂലികള്‍ തുറന്ന കട അടപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വ്യാപാരികള്‍ തടഞ്ഞു. തുടര്‍ന്നാണ് സംഘര്‍ഷത്തിലേയ്ക്കു നീങ്ങിയത്. ആദ്യം നിഷ്‌ക്രിയമായി നിന്ന പോലീസ് പിന്നീട് അക്രമികള്‍ക്കുനേരെ ലാത്തി വീശി. അക്രമികളായ അറുപതോളം പേരെ അറസ്റ്റ് ചെയ്തു നീക്കി.

രാവിലെ പത്തുമണിയോടെയാണ് മിഠായിത്തെരുവിലെ ഒരു കട വ്യാപരികള്‍ തുറന്നത്. വ്യാപാരികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ഡിവൈഎഫ്ഐ പ്രവര്‍ത്തകരും സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു. രണ്ടു വശത്തുനിന്നും കൂട്ടമായെത്തിയ പ്രവര്‍ത്തകര്‍ അഞ്ചിലധികം കടകള്‍ അടിച്ചുതകര്‍ത്തു. അടച്ചിട്ട കടകള്‍ക്കു നേരെ കല്ലേറുമുണ്ടായി. സംഭവം നടക്കുമ്പോള്‍ പോലീസുകാര്‍ നോക്കിനില്‍ക്കുകയായിരുന്നു എന്ന് പരാതിയുണ്ട്.

കടകള്‍ തകര്‍ത്തതിനെ തുടര്‍ന്ന് സ്ഥലത്തേയ്ക്കെത്തിയ വ്യാപാരികള്‍ പ്രതിഷേധിക്കുകയും പോലീസിനു നേരെ വാഗ്വാദത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. അപ്പോഴേയ്ക്കും ഹര്‍ത്താല്‍ അനുകൂലികള്‍ മിഠായിത്തെരുവിന്റെ മറ്റൊരു മേഖലയിലേയ്ക്ക് നീങ്ങി. തുടര്‍ന്ന് ഡിവൈഎഫ്ഐ പ്രവര്‍ത്തകരും വ്യാപാരികളും ചേര്‍ന്ന് അക്രമികളെ ഓടിക്കുകയായിരുന്നു. അക്രമം നടത്തിയ നിരവധി പേരെ പോലീസ് അറസ്റ്റ് ചെയ്തു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7